ഭീകരാക്രമണം; ടുണീഷ്യയില്‍ പൊതു സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിച്ചു
World News
ഭീകരാക്രമണം; ടുണീഷ്യയില്‍ പൊതു സ്ഥാപനങ്ങളില്‍ മുഖാവരണം നിരോധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th July 2019, 11:39 pm

ടൂണിസ്: ജൂണ്‍ 27ന് നടന്ന ഇരട്ട ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ടുണീഷ്യയില്‍ പൊതു സ്ഥാപനങ്ങളില്‍ മുഖാവരണം ധരിയ്ക്കുന്നത് നിരോധിച്ച് കൊണ്ട് പ്രധാനമന്ത്രി യൂസഫ് ചാഹേദ് ഉത്തരവിട്ടു.

ടൂണിസില്‍ നടന്ന ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമികളിലൊരാള്‍ നിഖാബ് ധരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രാലയം ഇത് നിഷേധിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ സൂത്രധാരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. വിനോദ സഞ്ചാര സീസണായ ഇപ്പോള്‍ ടുണീഷ്യയില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമായിരുന്നു ജൂണ്‍ 27 ലേത്.

ടുണീഷ്യയില്‍ സൈന്‍ അല്‍ ആബിദീന്‍ ബിന്‍ അലി, ഹബീബ് ബോര്‍ഗിബ എന്നീ പ്രസിഡന്റുമാര്‍ക്ക് കീഴില്‍ ദശകങ്ങളോളം ഹിജാബിനും നിഖാബിനും നിരോധനമുണ്ടായിരുന്നു. പിന്നീട് 2011ലാണ് നിരോധനം നീങ്ങിയത്.

പശ്ചിമേഷ്യയില്‍ ഇസ്‌ലാമിസ്റ്റുകളും സെക്കുലര്‍ കക്ഷികളും അധികാരം പങ്കിടുന്ന രാജ്യങ്ങളിലൊന്നാണ് ടുണീഷ്യ.