വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി റുമൈസ ഓസ്ടർക്കിന് ആറ് ആഴ്ചക്ക് ശേഷം മോചനം.
ഗസയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച അമേരിക്കൻ പൗരന്മാരല്ലാത്തവരെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകൾക്ക് പിന്നാലെയായിരുന്നു റുമൈസ ഓസ്ടർക്കിനെ മുഖംമൂടി ധരിച്ച ഫെഡറൽ ഏജന്റുമാർ കസ്റ്റഡിയിലെടുത്തത്. ആറ് ആഴ്ചകൾക്ക് ശേഷം ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഡോക്ടറൽ വിദ്യാർത്ഥിനിയായ റുമൈസ ഓസ്ടർക്കിനെ ലൂസിയാന തടങ്കൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചിരിക്കുകയാണ്.
യു.എസ് ജില്ലാ ജഡ്ജി വില്യം കെ. സെഷൻസ് മൂന്നാമൻ റുമൈസയെ മോചിപ്പിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു അവരുടെ മോചനം.
‘റുമൈസയെ സ്വതന്ത്രമാക്കുക. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം നൽകുക’ തുടങ്ങിയ വാചകങ്ങളെഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തടങ്കൽ കേന്ദ്രത്തിന് പുറത്ത് നിരവധി പേർ തടിച്ചുകൂടിയിരുന്നു. അവർക്ക് നന്ദി പറഞ്ഞുകൊണ്ട് റുമൈസ എല്ലാവരെയും അഭിസംബോധന ചെയ്തു.
‘എനിക്ക് അൽപ്പം ക്ഷീണമുണ്ട്. ഞാൻ കുറച്ച് വിശ്രമിക്കട്ടെ. പക്ഷേ എനിക്കുവേണ്ടി നിങ്ങൾ ഇവിടെ വന്നതിൽ ഞാൻ വളരെയധികം നന്ദിയുള്ളവളാണ്,’ റുമൈസ പറഞ്ഞു.
റുമൈസയുടെ മോചനം ആശ്വാസകരമാണെന്നും എന്നാൽ കേസ് അവസാനിച്ചിട്ടില്ലെന്നും റുമൈസയുടെ അഭിഭാഷകയായ ഈഷ ഭണ്ഡാരി പറഞ്ഞു. കുറഞ്ഞപക്ഷം തന്റെ സമൂഹത്തോടൊപ്പം നിന്ന്, ടഫ്റ്റ്‌സിൽ അക്കാദമിക് പ്രവർത്തനങ്ങൾ തുടരുന്നതിലൂടെ, കേസിനെതിരെ പോരാടാൻ റുമൈസക്ക് കഴിയുമെന്നും അഭിഭാഷക പറഞ്ഞു.
മകളുടെ മോചനത്തിൽ അതിയായി സന്തോഷിക്കുന്നുവെന്ന് റുമൈസയുടെ മാതാപിതാക്കൾ പറഞ്ഞു. ‘ഞങ്ങൾ വളരെ സന്തുഷ്ടരാണ്. അതിയായ സന്തോഷം തോന്നുന്നു,’ റുമൈസയുടെ അമ്മ തുഗ്ബ ഓസ്‌ടർക്ക് തുർക്കിയിലെ മാധ്യമങ്ങളോട് പറഞ്ഞു.
മാർച്ച് 25 നായിരുന്നു റുമൈസയെ അറസ്റ്റ് ചെയ്തത്. ഒരുകൂട്ടം ഉദ്യോഗസ്ഥർ അവരുടെ വീട് വളയുകയും റുമൈസയെ ബലമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫസ്തീൻ അനുകൂല പ്രവർത്തനങ്ങളിൽ പങ്കെടുത്ത അന്താരാഷ്ട്ര വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിന്റെ ഭാഗമായായിരുന്നു റുമൈസയുടെയും അറസ്റ്റ്. വീട്ടിൽ നിന്ന് 1,500 മൈലിലധികം അകലേക്കായിരുന്നു റുമൈസയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും സർവകലാശാലാ കാമ്പസുകളിൽ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്തു.
ഗസയിലെ യുദ്ധത്തോടുള്ള ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയുടെ പ്രതികരണത്തെ വിമർശിക്കുന്ന ഒരു ക്യാമ്പസ് പത്രത്തിൽ റുമൈസ തന്റെ അഭിപ്രായം എഴുതിയതിന് ഒരു വർഷത്തിന് ശേഷമായിരുന്നു അവരെ അറസ്റ്റ് ചെയ്തത്.
തുർക്കി സ്വദേശിയാണ് റുമൈസ. എഫ്-1 സ്റ്റുഡന്റ് വിസയിലുമായിരുന്നു 30 കാരിയായ അവർ അമേരിക്കയിലെത്തിയത്. അറസ്റ്റിലായതിന് ശേഷം നിരവധി സംസ്ഥാനങ്ങളിലൂടെ റുമൈസക്ക് നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്നെന്നും ആസ്ത്മ രോഗിയായ റുമൈസക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും അവരുടെ അഭിഭാഷക പറഞ്ഞു.
Content Highlight: Tufts University student Rümeysa Öztürk is released after spending six weeks at a Louisiana detention center