ജനറല്‍ ടിക്കറ്റുമായി എ.സി കോച്ചില്‍ കയറി; യുവതിയെ ഓടുന്ന ട്രെയ്‌നില്‍ നിന്നും തള്ളിയിട്ട് ടി.ടി.ഇ
India
ജനറല്‍ ടിക്കറ്റുമായി എ.സി കോച്ചില്‍ കയറി; യുവതിയെ ഓടുന്ന ട്രെയ്‌നില്‍ നിന്നും തള്ളിയിട്ട് ടി.ടി.ഇ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 7:57 am

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ യുവതിയെ ടി.ടി.ഇ ഓടുന്ന ട്രെയ്‌നില്‍ നിന്ന് തള്ളിയിട്ടു. ജനറല്‍ ടിക്കറ്റുമായി എ.സി കോച്ചിലേക്ക് കയറിയതിനാണ് യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്.

ഝലം എക്‌സ്പ്രസില്‍ ഫെബ്രുവരി 29നാണ് സംഭവം നടന്നത്. 40കാരിയായ യുവതിയെ ആണ് ടി.ടി.ഇ താഴേക്ക് തള്ളിയിട്ടത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഝാന്‍സിയിലേക്ക് പോകുന്നതിന് വേണ്ടിയാണ് യുവതി ട്രെയ്‌നില്‍ കയറിയത്.

ട്രെയ്ന്‍ നീങ്ങി തുടങ്ങിയപ്പോള്‍ യുവതി എ.സി കോച്ചിലേക്ക് കയറുന്നത് കണ്ട ടി.ടി.ഇ അവരോട് ദേഷ്യപ്പെടുകയായിരുന്നു. തുടർന്ന് ആദ്യം യുവതിയുടെ ബാഗുകള്‍ പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിഞ്ഞ ഉദ്യോഗസ്ഥന്‍ പിന്നീട് അവരെയും ഓടുന്ന ട്രെയ്‌നില്‍ നിന്നും തള്ളി താഴേക്ക് ഇടുകയായിരുന്നു.

പ്ലാറ്റ്ഫോമിലേക്ക് വീണ യുവതിയുടെ തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. എ.സി കോച്ചില്‍ കയറിയതിന് പിഴ അടക്കാമെന്ന് യുവതി ടി.ടി.ഇയോട് പറഞ്ഞെങ്കിലും അദ്ദേഹം കേള്‍ക്കാൻ തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു. യുവതി താഴേക്ക് വീഴുന്നത് കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

താഴെ വീണതിനെ തുടര്‍ന്ന് അവശ നിലയിലായിരുന്ന യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ യുവതിയുടെ തലക്കുള്‍പ്പടെ സാരമായ പരിക്കേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

യുവതിയെ ട്രെയ്‌നില്‍ നിന്ന് തള്ളിയിട്ട് ശേഷം ടി.ടി.ഇ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Contant Highlight: TTE Pushes Woman Out Of Moving Train As She Boards AC Coach On General Ticket