ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ തൃശൂരില്‍ ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
Kerala News
ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ തൃശൂരില്‍ ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 9:33 pm

തൃശൂര്‍: ത്യശൂരില്‍ ട്രെയിനില്‍ നിന്ന് ടി.ടി.ഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഇതര സംസ്ഥാന തൊഴിലാളിയായ യാത്രക്കാരനാണ് ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.

ഒഡീഷ സ്വദേശി രജനീകാന്താണ് പ്രതി. എറണാകുളം പറ്റ്‌ന എക്‌സപ്രസിലാണ് സംഭവം. ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് സംഭവം നടന്നത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷന്‍ പിന്നിട്ടതിന് ശേഷം ചെറുതുരുത്തി എത്തുന്നതിന് തൊട്ട് മുമ്പ് വെളപ്പായ പാലത്തിന് സമീപം എത്തിയപ്പോള്‍ ടി.ടി.ഇയെ പ്രതി ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു.

പ്രതി ഇപ്പോള്‍ പാലക്കാട് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. കൊല്ലപ്പെട്ട വിനോദ് എറണാകുളം സ്വദേശിയാണ്. ടി.ടി ടിക്കറ്റ് പരിശോധിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ ഡോറിന് സമീപത്ത് കണ്ടപ്പോള്‍ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റില്ലാത്തതിനാല്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും പ്രതി ടി.ടി.ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു.

സംഭവം കണ്ട് നിന്ന യാത്രക്കാരാണ് വിവരം റെയില്‍വേ പൊലീസിനെ അറിയിച്ചത്. പ്രതിയെ പെട്ടന്ന് തന്നെ യാത്രക്കാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. പ്രതി മദ്യപിച്ച സ്ഥിതിയിലായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Content Highlight: TTE killed by being pushed from the train in Thrissur