കോഴിക്കോട്: ലിബറല്‍ ജനാധിപത്യ വ്യവസ്ഥയില്‍ തുടര്‍ഭരണത്തെ ഒരു പാര്‍ട്ടിയോ മുന്നണിയോ ദുഷിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് എതിര്‍ക്കാനാവില്ലെന്ന് എഴുത്തുകാരനും ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറുമായ ടി.ടി. ശ്രീകുമാര്‍. കേരളത്തില്‍ ഇടതുപക്ഷം മൂന്നാം ടേമില്‍ ഭരണത്തിലേറുന്നതിനെ എതിര്‍ക്കുന്ന ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തില്‍ ടി.ടി. ശ്രീകുമാറിന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നു.
ഏകാധിപത്യസമാഗ്രാധിപത്യ വ്യവസ്ഥകളിലെ തുടര്‍ഭരണത്തെ എതിര്‍ക്കുന്നതുപോലെ അമൂര്‍ത്തമായി ലിബറല്‍ ജനാധിപത്യ വ്യവസ്ഥയിലെ തുടര്‍ഭരണത്തെ എതിര്‍ക്കാനാവില്ല. ‘കുറ്റം ചെയ്യാനിടയുണ്ട്’ എന്നതിന്റെ പേരില്‍ ശിക്ഷിക്കുക ജനാധിപത്യത്തില്‍ സാധ്യമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
‘തോല്‍ക്കണം, അല്ലെങ്കില്‍ അവര്‍ ദുഷിക്കും’ എന്നത് ഒരു മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടായി ബോധ്യപ്പെടുന്നില്ല. അത് വര്‍ഗരാഷ്ട്രീയത്തെ സഹായിക്കും എന്നത് ഒരു സൈദ്ധാന്തിക നിലപാടല്ല. എമ്പിരിസിസ്റ്റ് നിലപാടാണെന്ന് ടി.ടി. ശ്രീകുമാര്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ സിവില്‍ സമൂഹ രാഷ്ട്രീയം പ്രതിപക്ഷമാവുന്നത് ആഗോള നിയോലിബറല്‍ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നതിലൂടെയാണ്. ഭരണവും ആ അര്‍ത്ഥത്തില്‍ ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പില്‍ താന്‍ മാനദണ്ഡമാക്കുന്ന കാര്യങ്ങളെ കുറിച്ചും അദ്ദേഹം തുറന്നെഴുതുന്നു. ഒന്നാമതായി, ഈ നിയോലിബറല്‍ കാലത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാരിനു തികഞ്ഞ വെല്‍ഫെയര്‍ അജണ്ട ഉണ്ടായിരിക്കണമെന്നതാണ്.
മറ്റൊന്ന് കരുതലോടെയുള്ള, എന്നാല്‍ കര്‍ശനമായ ഇന്ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനുള്ള ഇച്ഛാശക്തി ഉണ്ടായിരിക്കണമെന്നതുമാണ്.
മൂന്നാമത്തെ കാര്യം എന്തുതന്നെയായാലും ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടരുത് എന്നതുമാണ്. അല്ലാതെ അല്ലാതെ യു.ഡി.എഫ് ആണെങ്കിലും എല്‍.ഡി.എഫ് ആണെങ്കിലും എത്രാമത്തെ ടേം ആണ് എന്നു നോക്കിയാവില്ല താന്‍ വോട്ടുചെയ്യുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
ഉയര്‍ത്തപ്പെട്ടത് മാര്‍ക്‌സിസ്റ്റ് ജനാധിപത്യ സങ്കല്‍പ്പത്തെക്കുറിച്ചുള്ള സൈദ്ധാന്തികരാഷ്ട്രീയ ചര്‍ച്ചയാണെങ്കില്‍ എല്‍.ഡി.എഫ് ജയിക്കുന്നതോ തോല്‍ക്കുന്നതോ ആ ചര്‍ച്ചയെ ഇല്ലാതാക്കുന്നില്ല. രണ്ടാണെങ്കിലും കൂടുതല്‍ പ്രസക്തി ഉണ്ടാവുന്നത്തെയുള്ളൂവെന്നും ടി.ടി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.
ലിബറല്‍ ജനാധിപത്യ വ്യവസ്ഥയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടര്‍ഭരണമോ ഭരണമില്ലായ്മയോ അതിലൊരു കക്ഷിയല്ല, അതില്‍നിന്നും പലതും പഠിക്കാനുണ്ടെങ്കിലും. ഏറ്റവും പ്രധാനം സാംസ്‌കാരിക ദേശീയതയുടെ സമഗ്രാധിപത്യം തകര്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ്. അതിനെതിരെ എല്ലാവരും യോജിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
തുടര്‍ഭരണം എന്നത് ജനാധിപത്യത്തിലെ ഒരു സാധ്യതയാണ്. ഏകാധിപത്യസമാഗ്രാധിപത്യ വ്യവസ്ഥകളിലെ തുടര്‍ഭരണത്തെ എതിര്‍ക്കുന്നതുപോലെ അമൂര്‍ത്തമായി ലിബറല്‍ ജനാധിപത്യ വ്യവസ്ഥയിലെ തുടര്‍ഭരണത്തെ എതിര്‍ക്കാനാവില്ല. Presumption of guilt ‘കുറ്റം ചെയ്യാനിടയുണ്ട്’ എന്നതിന്റെ പേരില്‍ ശിക്ഷിക്കുക ജനാധിപത്യത്തില്‍ സാധ്യമല്ല. അതായത് ഇനിയും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു പാര്‍ട്ടിയോ മുന്നണിയോ ദുഷിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു എതിര്‍ക്കാനാവില്ല.
ഇപ്പോള്‍ ദുഷിച്ചിട്ടുണ്ടെങ്കില്‍ മൂര്‍ത്തമായി അക്കാരണത്താല്‍ എതിര്‍ക്കാം. മന്‍മോഹന്‍ സിംഗിന്റെ മൂന്നാംഭരണം ആഗ്രഹിച്ചതാണ് ഞാന്‍, അതില്‍ ഞാന്‍ തെറ്റുകാരന്‍ ആണെന്നു തോന്നിയിട്ടില്ല. മോദിയുടെ ഒന്നാം ഭരണംപോലും താല്പ്പര്യപ്പെട്ടിരുന്നുമില്ല. നെഹ്രുവിന്റെ മൂന്നാം ഭരണകാലത്ത് ഞാന്‍ ജനിച്ചിട്ടുണ്ടായിരുന്നില്ല.
എന്നാല്‍ ഇത്തരം ഒരു ചര്‍ച്ച ഉണ്ടായത് സ്വാഗതം ചെയ്യാവുന്നതാണ്. കാരണം അത് ചില ക്ലാരിറ്റികള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. അതാണ് ചുവടെ വിശദീകരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ സിപിഐ, സിപിഐ(എം), സിപിഐ (എംഎല്‍) കക്ഷികള്‍ പല സംസ്ഥാനങ്ങളിലും ഒന്നിച്ചും വേറിട്ടും കൂടുതല്‍ അടിസ്ഥാന ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് സമരങ്ങള്‍ നടത്തുന്നുണ്ട്.
ഇലക്ടറല്‍ രാഷ്ട്രീയത്തില്‍ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിന് തൊഴിലാളികളും കര്‍ഷകരും ഈ ഇടതുപക്ഷപാര്‍ട്ടികളുടെ സമരങ്ങളില്‍ ചേരുന്നുണ്ട്. ഈ മാസം 12 ന് നടന്ന പണിമുടക്ക് വലിയൊരു വഴിത്തിരിവായിരുന്നു. കര്‍ഷകരും തൊഴിലാളികളും അസംഘടിതമേഖലയിലെ തൊഴിലാളികളും ഗിഗ് തൊഴിലാളികളും അടക്കം തൊഴിലാളി വര്‍ഗ്ഗം ഒന്നാകെ സമരരംഗത്ത് വന്ന ഈ കാലഘട്ടത്തിലും ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ ജയിക്കുമോ എന്ന് പറയാന്‍ കഴിയില്ല. ‘തോല്‍ക്കണം, അല്ലെങ്കില്‍ അവര്‍ ദുഷിക്കും’ എന്നത് ഒരു മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടായി ബോധ്യപ്പെടുന്നില്ല. അത് വര്‍ഗ്ഗരാഷ്ട്രീയത്തെ സഹായിക്കും എന്നത് ഒരു സൈദ്ധാന്തിക നിലപാടല്ല. എമ്പിരിസിസ്റ്റ് നിലപാടാണ്.
ഇടതുപക്ഷസിവില്‍സമൂഹ രാഷ്ട്രീയം പ്രതിപക്ഷമാവുന്നത് ആഗോള നിയോലിബറല്‍ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്നതിലൂടെയാണ്. ഭരണവും ആ അര്‍ത്ഥത്തില്‍ ഒരു പ്രതിപക്ഷ പ്രവര്‍ത്തനമാണ്. അതിനു സഹായകമല്ലാത്ത നിലപാടുകള്‍ കൈക്കൊണ്ടാല്‍ അത് ചൂണ്ടിക്കാണിക്കാവുന്നതാണ്. അപ്പോഴും മറ്റു മുന്നണികളുടെ നിലപാടുകളുമായി ഒരു താരതമ്യം ആവശ്യമാണ്.
ഇപ്പോഴത്തെ ഭരണത്തോടാണ് എതിര്‍പ്പെങ്കില്‍ ഭരണം മാറുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ അതൊരു സൈദ്ധാന്തിക പ്രശ്‌നമല്ല. വലതുപക്ഷം ഉടനടി പ്രയോജനപ്പെടുത്തുന്നു എന്നത് പേടിപ്പിക്കുന്നുമില്ല. കാരണം വലതുപക്ഷത്തിനു ഇതില്‍ സൈദ്ധാന്തിക നിലപാടുകള്‍ ഇല്ല.
ജനാധിപത്യത്തെക്കുറിച്ചുള്ള ആത്മനിഷ്ഠമായ കാഴ്ചപ്പാടല്ല, കീഴാള/വര്‍ഗ്ഗപരമായ കാഴ്ചപ്പാടാണ് ഉണ്ടാവേണ്ടത്. അത് സിപിഎം പ്രീണനമല്ല. ഈ നിയോലിബറല്‍/ഹിന്ദുത്വക്കാലത്ത് പൊതുവില്‍ എടുക്കേണ്ട രാഷ്ട്രീയ നിലപാടാണ്.
മാര്‍ക്‌സിസത്തിലെ ജനാധിപത്യ സങ്കല്‍പ്പത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനിവാര്യമാണ്. ലെനിന്റെയും റോസയുടെയുമൊക്കെ കാലം മുതല്‍ നടക്കുന്നതുമാണ്. പക്ഷെ അതിനെ ലിബറല്‍ ജാനാധിപത്യ വ്യവസ്ഥയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കാളിത്തവുമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതില്‍നിന്നുള്ള അനുഭവങ്ങള്‍ സ്വംശീകരിക്കേണ്ടതുണ്ട്. പക്ഷെ ഇത് രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. രണ്ടും തമ്മിലുള്ള ബന്ധം പ്രയോഗത്തിലൂടെ മാറിക്കൊണ്ടിരിക്കുന്നതാണ്.
എന്റെ ഈ തെരഞ്ഞെടുപ്പിലെ മൂന്നു മാനദണ്ഡങ്ങള്‍ ഇവയാണ്. 1. ഈ നിയോലിബറല്‍ കാലത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാരിനു തികഞ്ഞ വെല്‍ഫെയര്‍ അജണ്ട ഉണ്ടായിരിക്കണം. 2. കരുതലോടെയുള്ള, എന്നാല്‍ കര്‍ശനമായ ഇന്ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനുള്ള ഇച്ഛാശക്തി ഉണ്ടായിരിക്കണം. 3. എന്തുതന്നെയായാലും ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടരുത്. ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്, അല്ലാതെ യുഡിഎഫ് ആണെങ്കിലും എല്‍ഡിഎഫ് ആണെങ്കിലും എത്രാമത്തെ ടേം ആണ് എന്നു നോക്കിയാവില്ല ഞാന്‍ വോട്ടുചെയ്യുക.
ഇതോടെ ചര്‍ച്ച അവസാനിച്ചു എന്ന് കരുതുന്നില്ല. ഉയര്‍ത്തപ്പെട്ടത് മാര്‍ക്‌സിസ്റ്റ് ജനാധിപത്യ സങ്കല്‍പ്പത്തെക്കുറിച്ചുള്ള സൈദ്ധാന്തികരാഷ്ട്രീയ ചര്‍ച്ചയാണെങ്കില്‍ എല്‍ഡിഎഫ് ജയിക്കുന്നതോ തോല്‍ക്കുന്നതോ ആ ചര്‍ച്ചയെ ഇല്ലാതാക്കുന്നില്ല. രണ്ടാണെങ്കിലും കൂടുതല്‍ പ്രസക്തി ഉണ്ടാവുന്നത്തെയുള്ളു. ലിബറല്‍ ജനാധിപത്യ വ്യവസ്ഥയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തുടര്‍ഭരണമൊ ഭരണമില്ലായ്മയോ അതിലൊരു കക്ഷിയല്ല, അതില്‍നിന്നും പലതും പഠിക്കാനുണ്ടെങ്കിലും. ഏറ്റവും പ്രധാനം സാംസ്‌കാരിക ദേശീയതയുടെ സമഗ്രാധിപത്യം തകര്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ്. അതിനെതിരെ എല്ലാവരും യോജിക്കുകയാണ് വേണ്ടത്.
Content Highlight: TT Sreekumar’s FB post about The continuation of the Left-wing government