ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ജഡ്ജിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാത്തതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അതൃപ്തി രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടു. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ അദ്ദേഹം എന്തെങ്കിലും പറയുമെന്ന് താന്‍ പ്രതീക്ഷിച്ചു, എന്നാല്‍ അതുണ്ടായില്ല. ടി.എസ് ഠാക്കൂര്‍ പറഞ്ഞു. ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് പലതവണ താന്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയതാണ്. ലക്ഷക്കണക്കിന് കേസുകളാണ് നമ്മുടെ കോടതികളില്‍ കെട്ടികിടക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതിയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ജഡ്ജിമാരുടെ നിയമനത്തിന്റെ ടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്രനിയമവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ അടങ്ങിയ കൊളീജിയമാണ് സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരുടെ നിയമനക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.
കൊളീജിയം നല്‍കുന്ന നിയമനപട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തി അംഗീകാരം നല്‍കുകയും ഒടുവില്‍ രാഷ്ട്രപതി ഒപ്പിടുകയും ചെയ്താലേ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവൂ.
കഴിഞ്ഞ ഫിബ്രവരിയില്‍ രാജ്യത്തെ വിവിധ കോടതികളിലേക്കായി 75 ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശ കൊളീജിയം കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഇതുവരേയും ഈ പട്ടികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല.
കൊളീജിയത്തിന്റെ നിയമന ശുപാര്‍ശയ്ക്ക് മേല്‍ ഇനിയും അടയിരിക്കുകയാണെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് താക്കീത് നല്‍കിയിരുന്നു.
