ക്ഷേത്രങ്ങളെ സംഘപരിവാരില്‍ നിന്നും മോചിപ്പിക്കാനും കാവുകളെ ബഹുസ്വരമായി നിലനിര്‍ത്താനും പോരാടിയയാള്‍; കൊടുങ്ങല്ലൂര്‍ സന്ദര്‍ശത്തില്‍ ജയരാജനെ പിന്തുണച്ച് ശ്യാംകുമാര്‍
Kerala News
ക്ഷേത്രങ്ങളെ സംഘപരിവാരില്‍ നിന്നും മോചിപ്പിക്കാനും കാവുകളെ ബഹുസ്വരമായി നിലനിര്‍ത്താനും പോരാടിയയാള്‍; കൊടുങ്ങല്ലൂര്‍ സന്ദര്‍ശത്തില്‍ ജയരാജനെ പിന്തുണച്ച് ശ്യാംകുമാര്‍
ആദര്‍ശ് എം.കെ.
Tuesday, 12th May 2026, 10:28 pm

കോഴിക്കോട്: കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ സി.പി.ഐ.എം നേതാവ് പി. ജയരാജന് പിന്തുണയമായി അധ്യാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ടി.എസ്. ശ്യാംകുമാര്‍.

ഗ്രന്ഥരചനയുടെയും ഗവേഷണത്തിന്റെയും ഭാഗമായി പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത് വിശ്വാസ ദര്‍ശനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റായ അദ്ദേഹം ഭക്തിയുടെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് സ്ഥാപിക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ശ്യാംകുമാര്‍ പറഞ്ഞു.

പി. ജയരാജന്‍ ഉത്തരകേരളത്തിലെ ആരാധനാലയങ്ങളെ കുറിച്ചും കാവുകളെ കുറിച്ചും ആഴത്തില്‍ പഠിച്ച് ഗ്രന്ഥരചന നിര്‍വഹിച്ച ആളാണെന്നും പുസ്തകം എഴുതുക മാത്രമല്ല കണ്ണൂരില്‍ പരിവാരികള്‍ കൈയേറിയ കാവുകള്‍ ബഹുജനങ്ങള്‍ക്കായി ഏറ്റെടുത്ത്, അതില്‍ പൊരുതി വിജയിച്ച ഒരാള്‍ കൂടിയാണെന്നും ശ്യാംകുമാര്‍ ഫേസ്ബുക്കിലെഴുതി.

ക്ഷേത്രങ്ങളെ സംഘപരിവാരത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ബൗദ്ധികമായി മാത്രമല്ല, പ്രായോഗിക വഴികള്‍ സ്വീകരിച്ച് കാവുകളെ ബഹുസ്വരമായി നിലനിര്‍ത്താന്‍ ഏറെ പോരാടിയ ഒരാള്‍ കൂടിയാണ് പി.ജയരാജന്‍. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളെയും കാവുകളെയും ബ്രാഹ്‌മണീകരിച്ച് പരിവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പി.ജയരാജനെ അധിക്ഷേപിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്യാംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഖാവ് പി. ജയരാജന്‍ ഗ്രന്ഥരചനയുടെയും ഗവേഷണത്തിന്റെയും ഭാഗമായി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത് വിശ്വാസ ദര്‍ശനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റായ സഖാവ് പി. ജയരാജന്‍ ഭക്തിയുടെ വഴിയിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് സ്ഥാപിക്കലാണ് ലക്ഷ്യം. കമ്യൂണിസ്റ്റുകള്‍ക്ക് കാവുകളിലും അമ്പലത്തിലും എന്ത് കാര്യം എന്ന മറ്റൊരു ഉപാഖ്യാനവും നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പി. ജയരാജന്‍ ഉത്തരകേരളത്തിലെ ആരാധനാലയങ്ങളെ കുറിച്ചും കാവുകളെ കുറിച്ചും ആഴത്തില്‍ പഠിച്ച് ഗ്രന്ഥരചന നിര്‍വഹിച്ച ഒരാളാണ്. പുസ്തകം എഴുതുക മാത്രമല്ല കണ്ണൂരില്‍ പരിവാരികള്‍ കൈയേറിയ കാവുകള്‍ ബഹുജനങ്ങള്‍ക്കായി ഏറ്റെടുത്ത്, അതില്‍ പൊരുതി വിജയിച്ച ഒരാള്‍ കൂടിയാണ് പി. ജയരാജന്‍.

തന്ത്രത്തെ കുറിച്ചും കേരളീയ ക്ഷേത്രസമ്പ്രദായങ്ങളെ കുറിച്ചും ആഴത്തില്‍ പഠിച്ച ധാരാളം വിദേശ പണ്ഡിതന്മാരുണ്ട്. ഇവരെല്ലാം തന്നെ വിശ്വാസം കൊണ്ടും ഭക്തി കൊണ്ടുമല്ല ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളത്. ഒരിക്കല്‍ ആഗോള തലത്തില്‍ അറിയപ്പെടുന്ന സംസ്‌കൃത പണ്ഡിതനും ആഗമ ഗവേഷകനും തന്ത്രശാസ്ത്ര നിപുണനുമായ പ്രൊഫ. ഡോ. ഡൊമനിക് ഗുഡാളുമായി കാലടി ശൃംഗേരി മഠവും സമീപത്തുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും പഠനത്തിന്റെ ഭാഗമായി സന്ദര്‍ശിക്കുകയുണ്ടായി.

ഏറെ സൂക്ഷ്മതയോടെ ക്ഷേത്രത്തിലെ താന്ത്രിക ക്രിയകള്‍ നിരീക്ഷിക്കുന്ന ഗുഡാളിനോട് ഞാന്‍ ചോദിച്ചു: ‘താങ്കള്‍ ഭക്തി കൊണ്ടാണോ ആദരവോടെ ഇത് ശ്രദ്ധിക്കുന്നത് ‘ എന്ന്. അദ്ദേഹം പറഞ്ഞത് അതീവ ഗൗരവതരമായി ഈ വിഷയത്തെ കുറിച്ച് പഠിക്കുന്നതിനാലാണ് ശ്രദ്ധിക്കുന്നതെന്നാണ്.

വലിയ ഭക്തരെന്ന് അവകാശപ്പെടുന്നവര്‍ പോലും നിര്‍വഹിക്കാത്ത സവിശേഷമായ നിരവധി പഠനങ്ങളും ഗ്രന്ഥങ്ങളും പുറത്തു കൊണ്ടു വന്ന പണ്ഡിതന്‍ കൂടിയാണ് പ്രൊഫ. ഗുഡാള്‍. ഏറ്റവും പുരാതന ആഗമതന്ത്ര ഗ്രന്ഥമായ നിശ്വാസതത്വസംഹിതയുടെ സംശോധിത പാഠം പുറത്തുകൊണ്ടുവന്നതും പ്രൊഫ. ഗുഡാള്‍ ആണ്.

ഏറ്റവും പ്രാചീന ഗാരുഡ തന്ത്രഗ്രന്ഥമായ ക്രിയാകാല ഗുണോത്തരത്തിന്റെ സംശോധിത പാഠവും പഠനവും നിര്‍വഹിച്ചതും ഒരു വിദേശ പണ്ഡിതനാണ്. ഇന്ത്യക്കാര്‍ ആകെ അത്ഭുതപ്പെടുന്ന അതിഗംഭീരമായ തന്ത്ര പഠനങ്ങള്‍ നിര്‍വഹിച്ചത് ആഗോള തലത്തില്‍ അറിയപ്പെടുന്ന പ്രൊഫ. അലക്‌സിസ് സാന്റേഴ്‌സന്‍ ആണ്.

ലളിതാസഹസ്രനാമത്തെ കുറിച്ചുള്ള മുന്നൂറിലധികം പേജുള്ള സാന്റേഴ്‌സണിന്റെ ഗവേഷണ പ്രബന്ധത്തിന് എത്ര ഡോക്ടറേറ്റും കൊടുത്താലും മതിയാവില്ല. ഇവരൊന്നും തന്നെ മലയാളികള്‍ കരുതുന്ന പോലെ വിശ്വാസികളോ ഭക്തരോ ആയിരുന്നില്ല.

നിര്‍ഭാഗ്യവശാല്‍ ചരിത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും ആഴത്തില്‍ പഠിയ്ക്കാനായി ക്ഷേത്രമോ കാവോ സന്ദര്‍ശിച്ചാല്‍ അതിനെ ദുര്‍വ്യാഖ്യാനിച്ച് നിര്‍വൃതി കൊള്ളുന്ന ഒരു കൂട്ടര്‍ ഇന്ന് കേരളത്തിലും സജീവമാണ്.

ക്ഷേത്രങ്ങളെ സംഘപരിവാരത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ബൗദ്ധികമായി മാത്രമല്ല, പ്രായോഗിക വഴികള്‍ സ്വീകരിച്ച് കാവുകളെ ബഹുസ്വരമായി നിലനിര്‍ത്താന്‍ ഏറെ പോരാടിയ ഒരാള്‍ കൂടിയാണ് പി.ജയരാജന്‍. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളെയും കാവുകളെയും ബ്രാഹ്‌മണീകരിച്ച് പരിവര്‍ത്തിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പി.ജയരാജനെ അധിക്ഷേപിക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ല.

 

Content Highlight:  TS Shyamkumar supports P Jayarajan during his visit to Kodungallur

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.