വാഷിങ്ടൺ: വ്യാപാര തർക്കങ്ങൾക്കിടെ ഇന്ന് (വ്യാഴം) കൂടിക്കാഴ്ച നടത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും. ദക്ഷിണ കൊറിയയിലെ ബുസാനിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകൾക്കിടയിൽ മാസങ്ങളായി നിലനിൽക്കുന്ന വ്യാപാര സംഘർഷങ്ങൾക്കിടെയാണ് ഇരു രാജ്യങ്ങളുടെയും കൂടിക്കാഴ്ച. യു.എസിലേക്കുള്ള ചൈനീസ് കയറ്റുമതിയുടെ താരിഫ് കുറയ്ക്കുമെന്നും കൂടിക്കാഴ്ചയെ കുറിച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നും ട്രംപ് അറിയിച്ചു.
ചൈനീസ് ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ഉയർത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ച. ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ച മൂന്ന് മുതൽ നാല് മണിക്കൂർ വരെ നീണ്ടു നിൽക്കുമെന്നും ട്രംപ് പറഞ്ഞു.
‘ചൈനയ്ക്കും യു.എസിനും വളരെ തൃപ്തികരമായ കാര്യങ്ങൾ ലഭിക്കാൻ പോകുന്ന കൂടിക്കാഴ്ച ആയിരിക്കുമിത്. ശുഭാപ്തി വിശ്വാസമുണ്ട്,’ ട്രംപ് പറഞ്ഞു. 2019 ന് ശേഷം ആദ്യമായാണ് യു.എസും ചൈനയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
യു.എസും ചൈനയും തമ്മിലുള്ള പ്രധാന പ്രശ്നങ്ങളിലൊന്ന് അവരുടെ സാമ്പത്തിക മാതൃകകളിലുണ്ടാകുന്ന പൊരുത്തക്കേടാണെന്ന് വിദഗ്ദ്ധർ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ടിക് ടോക്ക് യു.എസിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള കരാർ ഈ കൂടിക്കാഴ്ചയിൽ പ്രാവർത്തികമാക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്ന് ട്രംപ് ഭരണകൂടം ആവർത്തിച്ചു.
ട്രംപും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി നേരത്തെ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചിരുന്നു.
ചൈനയുടെ അപൂർവ ധാതുക്കളിലെ നിയന്ത്രണങ്ങൾ കുറയ്ക്കുക, യു.എസിൽ ടിക് ടോക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചള്ള അന്തിമ കരാർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നതെന്നും യു.എസ് ചൈനയ്ക്കുമേൽ ഏർപ്പെടുത്തിയ 100 % താരിഫുകൾ നീക്കം ചെയ്യുമെന്നും അതിനായി രണ്ട് രാജ്യങ്ങളും ഒരു ധാരണയിലെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.