66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും അമേരിക്കയെ പിൻവലിച്ച് ട്രംപ്
World
66 അന്താരാഷ്ട്ര സംഘടനകളിൽ നിന്നും അമേരിക്കയെ പിൻവലിച്ച് ട്രംപ്
ശ്രീലക്ഷ്മി എ.വി.
Thursday, 8th January 2026, 7:01 am

വാഷിങ്ടൺ: ഐക്യരാഷ്ട്ര സഭ ഏജൻസികൾ ഉൾപ്പടെയുള്ള അന്താരാഷ്ട്ര സംഘടനകളിൽ നിന്നും അമേരിക്കയെ പിൻവലിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

അന്താരാഷ്ട്ര സംഘടനകളിൽ നിന്നും അമേരിക്കയെ പിൻവലിക്കുന്നതിനുള്ള മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

ട്രംപിന്റെ മെമ്മോറാണ്ടം അനുസരിച്ച് യു.എസ് പിൻവലിക്കുന്നതിൽ ആകെ 66 സംഘടനകളുണ്ടെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

35 ഐക്യരാഷ്ട്രസഭയ്ക്ക് പുറത്തുള്ള സംഘടനകളും 31 ഐക്യരാഷ്ട്രസഭ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

‘അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് അമേരിക്കയെ പിൻവലിക്കാൻ നിർദ്ദേശിക്കുന്ന ഒരു പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ഒപ്പുവച്ചു, അതിൽ 35 ഐക്യരാഷ്ട്രസഭയ്ക്ക് പുറത്തുള്ള സംഘടനകളും 31 ഐക്യരാഷ്ട്രസഭാ സ്ഥാപനങ്ങളും ഉൾപ്പെടുന്നു,’ വൈറ്റ് ഹൗസ് ബുധനാഴ്ച പറഞ്ഞു.

യു.എസ് പരമാധികാരത്തിനും സാമ്പത്തിക ശക്തിക്കും വിരുദ്ധമായ കാലാവസ്ഥാ നയങ്ങൾ, ആഗോള ഭരണം, പ്രത്യയശാസ്ത്രങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കയെ അന്താരാഷ്ട്ര സംഘടനകളിൽ നിന്നും പിൻവലിക്കുന്നതെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

യു.എസ് അംഗമായതോ പാർട്ടിയായതോ ആയ എല്ലാ അന്താരാഷ്ട്ര സംഘടനകളുടെയും, കൺവെൻഷനുകളുടെയും, ഉടമ്പടികളുടെയും അവലോകനത്തിന്റെ ഫലമായാണ് ഈ നീക്കമെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു. എന്നാൽ സംഘടനകൾ പട്ടികപ്പെടുത്തിയില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

നികുതിദായകരുടെ പണം പാഴാക്കുകയും അജണ്ടകൾ തെറ്റായി ക്രമീകരിക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസ് യു.എൻ സ്ഥാപനങ്ങൾക്കും ഇതര ഗ്രൂപ്പുകൾക്കുമുള്ള ധനസഹായം നിർത്തിവച്ചു.

ഒരു വർഷം മുമ്പ്, ട്രംപ് ഐക്യരാഷ്ട്രസഭയ്ക്കുള്ള യു.എസ് ധനസഹായം വെട്ടിക്കുറയ്ക്കാൻ ശ്രമിച്ചു, യു.എൻ മനുഷ്യാവകാശ കൗൺസിലുമായുള്ള യു.എസ് ഇടപെടൽ നിർത്തിവച്ചു, ഫലസ്തീൻ ദുരിതാശ്വാസ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയ്ക്കുള്ള ധനസഹായം നിർത്തിവച്ചു, യു.എൻ സാംസ്കാരിക ഏജൻസിയായ യുനെസ്കോയിൽ നിന്നും അമേരിക്കയെ പിൻവലിച്ചു, ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കാലാവസ്ഥാ കരാറിൽ നിന്നും പിന്മാറാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Trump withdraws US from 66 international organizations

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.