'ഗസയിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കും'; ഇസ്രഈലിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്
World News
'ഗസയിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കും'; ഇസ്രഈലിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2025, 8:09 pm

വാഷിങ്ടണ്‍: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യത്തിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.

‘ഈ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ഉപേക്ഷിക്കും,’ എന്ന് ട്രംപിന്റെ പ്രതിനിധികള്‍ ഇസ്രഈലിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യു.എസ് പ്രസിഡന്റ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ നിന്ന് ഇസ്രഈലിനെ ഒഴിവാക്കിയിരുന്നു.

അതേസമയം ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാനും നെതന്യാഹുവില്‍ ട്രംപ് സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെയാണ് പിന്തുണ പിന്‍വലിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ്.

നേരത്തെ ഗസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഉപരോധമടക്കമുള്ള കടുത്ത നടപടിയുണ്ടാകുമെന്ന് സംയുക്ത പ്രസ്താവനയിലൂടെ യു.കെ, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇസ്രഈലിനെ അറിയിച്ചിരുന്നു. ഗസയിലെ സൈനിക നടപടി അവസാനിപ്പിച്ച് മുനമ്പിലേക്ക് കൂടുതല്‍ സഹായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഇസ്രഈലിന് കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ലോകരാജ്യങ്ങള്‍ വ്യക്തമാക്കിയത്.

ബ്രട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നീ നേതാക്കള്‍ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇസ്രഈലിനോട് തങ്ങളുടെ നയം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഇസ്രഈല്‍ ഗസയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ ഗസയില്‍ സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗിഡിയോണ്‍ ചാരിയോറ്റ്സ് എന്ന പേരില്‍ പുതിയൊരു ഓപ്പറേഷനും ഇസ്രഈല്‍ സൈന്യം ആരംഭിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ലോകരാജ്യങ്ങളുടെ സംയുക്തമായ മുന്നറിയിപ്പ്. എന്നാല്‍ ലോകരാജ്യങ്ങളുടെ പ്രസ്താവന ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന് ലഭിച്ച വലിയ സമ്മാനമായിരിക്കുമെന്ന് പ്രതികരിച്ച നെതന്യാഹു മുന്നറിയിപ്പിനെ തള്ളി.

ഇസ്രഈലിനെ പിന്തുണക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാതൃക എല്ലാ യൂറോപ്യന്‍ നേതാക്കളും പിന്തുടരണമെന്നും നെതന്യാഹു പറഞ്ഞു. ഹമാസ് ആയുധം താഴെ വെച്ചാല്‍ നാളെ യുദ്ധം അവസാനിക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 87 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 290 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 53,573 പേര്‍ കൊല്ലപ്പെടുകയും 121,688 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

Content Highlight: Trump warns Israel that he will withdraw support if it does not end the war in Gaza; report