ചര്‍ച്ച പരാജയമെങ്കില്‍ നാളെ മുതല്‍ ബോംബ് പൊട്ടിത്തുടങ്ങുമെന്ന് ട്രംപ്; ' പുതിയ കാര്‍ഡുകള്‍' കണ്ടോളൂവെന്ന് ഇറാന്റെ മറുപടി
World
ചര്‍ച്ച പരാജയമെങ്കില്‍ നാളെ മുതല്‍ ബോംബ് പൊട്ടിത്തുടങ്ങുമെന്ന് ട്രംപ്; ' പുതിയ കാര്‍ഡുകള്‍' കണ്ടോളൂവെന്ന് ഇറാന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st April 2026, 12:03 pm

വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നാളെ (ബുധനാഴ്ച) അവസാനിക്കാനിരിക്കെ, പുതിയ കരാറില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ ധാരാളം ബോംബുകള്‍ പൊട്ടിത്തുടങ്ങുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പി.ബി.എസ് ന്യൂസിനോടും ബ്ലൂംബെര്‍ഗിനോടും നടത്തിയ സംഭാഷണങ്ങളിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഏപ്രില്‍ 7 ന് ആരംഭിച്ച് രണ്ടാഴ്ചത്തേക്ക് നിശ്ചയിച്ചിരുന്ന വെടിനിര്‍ത്തല്‍ കാലാവധി നീട്ടാന്‍ താത്പര്യമില്ലെന്നണ് ട്രംപ് പറഞ്ഞത് ‘ഒരു മോശം കരാര്‍ ഉണ്ടാക്കാന്‍ ഞാന്‍ തിടുക്കം കാണിക്കില്ല. ലോകത്തില്‍ നമുക്ക് ആവശ്യത്തിന് സമയമുണ്ട്. കരാര്‍ ഉണ്ടായില്ലെങ്കില്‍ പോരാട്ടം പുനരാരംഭിക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം,’ ട്രംപ് പറഞ്ഞു.

എന്നാല്‍ അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. വാഷിങ്ടണ്‍ ഇറാനെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു.

‘ഭീഷണികളുടെ നിഴലില്‍’ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കഴിഞ്ഞ രണ്ടാഴ്ചയായി ഇറാന്‍ തങ്ങളുടെ സൈനിക കരുത്ത് വര്‍ധിപ്പിക്കുകയാണെന്നും ‘യുദ്ധക്കളത്തില്‍ പുതിയ കാര്‍ഡുകള്‍ വെളിപ്പെടുത്താന്‍’ തയ്യാറെടുക്കുകയാണെന്നും മുന്നറിയിപ്പ് നല്‍കി.

ഉപരോധം ഏര്‍പ്പെടുത്തിയും വെടിനിര്‍ത്തല്‍ ലംഘിച്ചും ചര്‍ച്ചാ മേശയെ ഒരു കീഴടങ്ങല്‍ പട്ടികയാക്കി മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഖാലിബാഫ് കുറ്റപ്പെടുത്തി. യുദ്ധത്തെ ന്യായീകരിക്കാനുള്ള തന്ത്രമാണ് അമേരിക്ക മെനയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാന്‍ നേതൃത്വവുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തുന്നതിനായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ജാരെഡ് കുഷ്നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവരടങ്ങുന്ന ഉന്നതതല യു.എസ് സംഘം പാകിസ്ഥാനിലേക്ക് പുറപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയോടെ സംഘം അവിടെ എത്തുമെന്ന് ട്രംപ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നയതന്ത്ര ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത നീക്കം തീരുമാനിക്കുന്നതിന് മുമ്പ് സാഹചര്യത്തിന്റെ എല്ലാ വശങ്ങളും ടെഹ്റാന്‍ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രതിനിധി സംഘം പാകിസ്ഥാനിലെത്തുന്നതോടെ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചര്‍ച്ചകള്‍ നിര്‍ണ്ണായകമാകും.

Content Highlight: Trump warns bombs will start exploding from tomorrow if talks fail; Iran hits back