വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റത്തിന് പിന്നാലെ ഇന്ത്യയില്‍ ഉടനീളം ട്രംപ് ടവറുകള്‍ സ്ഥാപിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ നിലവിലെ നാല് റസിഡന്‍ഷ്യല്‍ ട്രംപ് ടവറുകള്‍ക്ക് പുറമെ അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പത്ത് ട്രംപ് ടവറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ഗുഡ്ഗാവ്, പൂനെ എന്നിവിടങ്ങളിലായി പുതിയ ടവറുകള്‍ സ്ഥാപിക്കാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇവ നടപ്പിലായാല്‍ അമേരിക്കയെ മറികടന്ന് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ട്രംപ് ടവറുകള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറും. നിലവില്‍ യു.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ട്രംപ് ടവറുകള്‍ ഉള്ളത് ഇന്ത്യയിലാണ്.
2017ല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് ലോധ, പഞ്ച്ഷില്‍, ട്രിബേക്ക ഡെവലപ്പേഴ്സ് തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നാല് ട്രംപ് ടവറുകള്‍ സ്ഥാപിക്കാന്‍ ട്രംപിന്റെ കമ്പനി ലൈസന്‍സ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ട്രിബെക്ക ഡെവലപ്പേഴ്സിന്റെ സ്ഥാപകനും ട്രംപ് ടവേഴ്സിന്റെ ഇന്ത്യന്‍ പങ്കാളിയുമായ കല്‍പേഷ് മേത്തയും പങ്കെടുത്തിരുന്നു. മേത്തയുടെ കമ്പനിയായ ട്രിബേക്ക 13 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ട്രംപ് ഓര്‍ഗനൈസേഷന്റെ പങ്കാളിയാണ്.
അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെതന്നെ പല നിര്‍ണായക തീരുമാനങ്ങളും ട്രംപ് എടുത്തിരുന്നു. ഇതില്‍ പ്രധാനമാണ് പാരിസ് കാലാവസ്ഥ ഉച്ചകോടില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്മാറും എന്ന തീരുമാനം.
ഇതിന് പുറമെ ട്രാന്‍സ്‌ജെന്‍ഡറുകളെ തഴഞ്ഞ് ഇനി അമേരിക്കയില്‍ രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഉണ്ടാകൂ എന്നും ട്രംപ് പറഞ്ഞു. അതിനാല്‍ അമേരിക്കയിലെ രേഖകളിലും ഇനി ഇതിനനുസരിച്ച് മാറ്റം വരുത്തും. കൂടാതെ 2021 ജനുവരി ആറിന് ക്യാപിറ്റോള്‍ ഹില്ലില്‍ നടത്തിയ ആക്രമണത്തില്‍ പങ്കാളിയായ 1500 പേര്‍ക്ക് മാപ്പ് നല്‍കിയതായും ട്രംപ് പ്രഖ്യാപിച്ചു.
Content Highlight: Trump to establish more Trump Towers in India upcoming years