പ്രതിഷേധക്കാരെ തൂക്കിക്കൊല്ലുമെന്നാണ് പറയുന്നത്; ഇത് ഇറാന് നല്ലതിനല്ല; വീണ്ടും ഭീഷണിയുമായി ട്രംപ്
World
പ്രതിഷേധക്കാരെ തൂക്കിക്കൊല്ലുമെന്നാണ് പറയുന്നത്; ഇത് ഇറാന് നല്ലതിനല്ല; വീണ്ടും ഭീഷണിയുമായി ട്രംപ്
ശ്രീലക്ഷ്മി എ.വി.
Wednesday, 14th January 2026, 2:31 pm

വാഷിങ്ടൺ: ആഭ്യന്തര സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ഇറാനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന ഭീഷണി ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഇറാനിയൻ അധികൃതർ ചില പ്രതിഷേധക്കാരെ തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ ഭീഷണികൾ സൈനിക ഇടപെടലിന് കാരണമാകുമെന്ന് ഇറാനും പ്രതികരിച്ചു.

‘ഇറാൻ അത്തരമൊരു കാര്യം ചെയ്താൽ ഞങ്ങൾ ശക്തമായ നടപടി സ്വീകരിക്കും. അവർ ആയിരക്കണക്കിന് ആളുകളെ കൊല്ലാൻ തുടങ്ങുമ്പോൾ, തൂക്കിക്കൊല്ലലിനെ കുറിച്ചും പറയുന്നു. അത് ഇറാന് ഗുണം ചെയ്യില്ല,’ ട്രംപ് പറഞ്ഞു.

ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റിലായ ചില പ്രതികൾക്കെതിരെ ഇറാനിയൻ അധികൃതർ ‘മൊഹറേബെ’ അല്ലെങ്കിൽ ‘ദൈവത്തിനെതിരെ യുദ്ധം ചെയ്യുക’ എന്ന കുറ്റം ചുമത്തുമെന്ന് ഇറാൻ പ്രോസിക്യൂട്ടർമാർ പറഞ്ഞു.

ഇതിനുപിന്നാലെയാണ് പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ഇറാനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന ട്രംപിന്റെ ഭീഷണി. ഇറാനിലെ പ്രതിഷേധക്കാർക്ക് സഹായം നൽകുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ച താൻ റദ്ദാക്കിയെന്നും പ്രതിഷേധക്കാർ സമരം തുടരാനും ട്രംപ് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്കുള്ള സഹായം ഉടനെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ പ്രസ്‌താവന. ഇതിനോടകം തന്നെ 2,000ഓളം ആളുകൾ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

26 കാരനായ പ്രതിഷേധക്കാരനായ എർഫാൻ സോൾട്ടാനിയെ വധശിക്ഷയ്ക്ക് വിധിച്ചതായി ബുധനാഴ്ച യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എക്സിൽ അറിയിച്ചു.

‘വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ പ്രതിഷേധക്കാരനാണ് എർഫാൻ, പക്ഷേ അദ്ദേഹം അവസാനത്തെ ആളായിരിക്കില്ല. 10,600ലധികം ഇറാനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്,’ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.

ട്രംപ് തന്റെ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് യു.എന്നിലെ ഇറാൻ അംബാസഡർ യു.എൻ സുരക്ഷാ കൗൺസിലിന് അയച്ച കത്തിൽ ആരോപിച്ചു.

ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകളെ എതിർക്കുന്നുവെന്ന് ചൈന അറിയിച്ചിരുന്നു.

ഇറാൻ സർക്കാരിനും ജനങ്ങൾക്കും നിലവിലെ ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും ദേശീയ സ്ഥിരത സംരക്ഷിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പിന്തുണയ്ക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlight: Trump threatens to hang protesters; This is not good for Iran; Trump threatens again

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.