മംദാനി പെരുമാറ്റം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ന്യൂയോർക്ക് നഗരത്തിന് ഫെഡറൽ ഫണ്ട് കിട്ടില്ല: ഭീഷണിയുമായി ട്രംപ്
World News
മംദാനി പെരുമാറ്റം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ന്യൂയോർക്ക് നഗരത്തിന് ഫെഡറൽ ഫണ്ട് കിട്ടില്ല: ഭീഷണിയുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2025, 8:49 am

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയുടെ ഡെമോക്രാറ്റിക് മേയർ സ്ഥാനാർത്ഥിയായ സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടാൽ പെരുമാറ്റം ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ ന്യൂയോർക്കിന് നൽകി വരുന്ന ഫെഡറൽ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

മംദാനിയുടെ പ്രൈമറി തെരഞ്ഞെടുപ്പിലെ മേൽക്കോയ്മയിൽ വീണ്ടും ഞെട്ടൽ പ്രകടിപ്പിച്ച ട്രംപ് ആര് ന്യൂയോർക്ക് മേയറായാലും പെരുമാറ്റം ശ്രദ്ധിക്കണമെന്നും ഇല്ലെങ്കിൽ ഫെഡറൽ ഫണ്ട് വെട്ടിക്കുറക്കുമെന്നും പറഞ്ഞു.

‘എനിക്ക് നിങ്ങളോട് ഒരു കാര്യമാണ് പറയാനുള്ളത്. ആര് ന്യൂയോർക്ക് മേയറായാലും അവർ സ്വന്തം പെരുമാറ്റം ശ്രദ്ധിക്കണം. അല്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് സാമ്പത്തികമായി അവർക്കെതിരെ വളരെ കർശനമായ നടപടികൾ സ്വീകരിക്കും,’ ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടാതെ മംദാനി ഒരു കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം അത് തുറന്നു സമ്മതിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ‘അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റാണ്. ന്യൂയോർക്കിന് ഇത് നല്ലതല്ലെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം ന്യൂയോർക്ക് മേയറാകുമോ എന്നെനിക്കറിയില്ല. പക്ഷേ അദ്ദേഹം ഒരു ശുദ്ധ കമ്മ്യൂണിസ്റ്റാണ്, അദ്ദേഹം അത് സമ്മതിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഈ രാജ്യത്ത് ഒരു സോഷ്യലിസ്റ്റ് ഉണ്ടാകില്ല. പക്ഷേ ഒരു കമ്മ്യൂണിസ്റ്റ് ഉണ്ടെന്ന് ഞാൻ പറയാറുണ്ടായിരുന്നു,’ ട്രംപ് പറഞ്ഞു. മംദാനി ഒരു ഇടതുപക്ഷക്കാരനും ലിബറലും ഭ്രാന്തനുമാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം എൻ‌.ബി‌.സിയുടെ മീറ്റ് ദി പ്രസിനോട് സംസാരിക്കവെ പ്രസിഡന്റ് ട്രംപ് പറഞ്ഞതുപോലെ, താൻ ഒരു കമ്മ്യൂണിസ്റ്റല്ലെന്ന് മംദാനി പറഞ്ഞു. എന്നാൽ, ന്യൂയോർക്കിലെ ഏറ്റവും ധനികരായ ആളുകളുടെ നികുതി വർധിപ്പിക്കാനുള്ള തന്റെ തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിന്നു. നമുക്ക് ശതകോടീശ്വരന്മാർ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാൻ എവിടെ നിന്ന് വന്നു, എന്താണ് എന്റെ സ്വത്വം ഞാൻ ആരാണ് തുടങ്ങിയ വസ്തുതകളിൽ പ്രസിഡന്റ് പ്രസ്താവനകൾ നടത്തുന്നത് എനിക്കിപ്പോൾ ശീലമായി. ആത്യന്തികമായി ഞാൻ എന്തിനുവേണ്ടിയാണ് പോരാടുന്നത്, അതിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാൻ ട്രംപ് ആഗ്രഹിക്കുന്നു,’ മംദാനി പറഞ്ഞു.

ഇതിനെ ജനാധിപത്യം അല്ലെങ്കിൽ ജനാധിപത്യ സോഷ്യലിസം എന്ന് വിളിക്കൂ. ഈ രാജ്യത്തെ എല്ലാവർക്കും സമ്പത്തിന്റെ മികച്ച വിതരണം ലഭിക്കണമെന്ന് പറഞ്ഞ യു.എസ് പൗരാവകാശ പ്രവർത്തകനായ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിൽ നിന്നാണ് തനിക്ക് പ്രചോദനം ലഭിച്ചതെന്ന് മംദാനി കൂട്ടിച്ചേർത്തു.

ജൂൺ 24 ന് ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ  വിജയിച്ചതിന് ശേഷം സൊഹ്‌റാൻ മംദാനിക്ക് നേരെ നിരവധി വംശീയ അധിക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പൗരത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു റിപ്പബ്ലിക്കൻ നിയമസഭാംഗം രംഗത്തെത്തിയിരുന്നു.

നേരത്തെ തന്നെ ട്രംപും അദ്ദേഹത്തിനെതിരെ എത്തിയിരുന്നു. ട്രംപ് മംദാനിയെ ‘100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് വിളിക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തു. കോൺഗ്രസ് വനിത അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്, സെനറ്റർ ചക്ക് ഷൂമർ എന്നിവരുൾപ്പെടെ മംദാനിയെ പിന്തുണയ്ക്കുന്ന മറ്റ് പുരോഗമനവാദികളെയും ട്രംപ് വിമർശിച്ചിരുന്നു.

 

Content Highlight: Trump threatens to cut off New York City funds if Mamdani ‘doesn’t behave