വെനസ്വേലയുടെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചെന്ന് ട്രംപ്; സൈനിക നീക്കത്തിനൊരുങ്ങുന്നതായി അഭ്യൂഹം
Venezuela
വെനസ്വേലയുടെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചെന്ന് ട്രംപ്; സൈനിക നീക്കത്തിനൊരുങ്ങുന്നതായി അഭ്യൂഹം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th November 2025, 10:05 pm

വാഷിങ്ടണ്‍: വെനസ്വേലയുടെ വ്യോമാതിര്‍ത്തിയും ചുറ്റുമുള്ള മേഖലയും പൂര്‍ണമായും അടച്ചിടുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലെ ട്രംപിന്റെ പ്രഖ്യാപനം യു.എസ് സൈനിക നടപടിക്ക് ഒരുങ്ങുകയാണെന്ന അഭ്യൂഹത്തിന് കാരണമായി.

‘എല്ലാ വിമാനക്കമ്പനികളുടെയും പൈലറ്റുമാരുടെയും മനുഷ്യക്കടത്തുകാരുടെയും ശ്രദ്ധയ്ക്ക്, വെനസ്വേലയ്ക്ക് മുകളിലും ചുറ്റുമായുമുള്ള വ്യോമാതിര്‍ത്തി മുഴുവനായും അടച്ചിട്ടതായി പരിഗണിക്കുക,’ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

കഴിഞ്ഞയാഴ്ചയില്‍ യു.എസ് വിമാനക്കമ്പനികള്‍ വെനസ്വേലയ്ക്കും സമീപപ്രദേശത്തു കൂടിയും പറക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

: Trump says Venezuela's airspace has been completely closed

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുള്‍പ്പെടെ വെനസ്വേലയെ ലക്ഷ്യം വെച്ച് യു.എസ് കരീബിയന്‍ തീരത്ത് വിന്യസിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എല്ലാ വിമാനക്കമ്പനികള്‍ക്കും പൈലറ്റ്മാര്‍ക്കും മുന്നറിയിപ്പ് നല്‍കി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ട്രംപിന്റെ വാക്കുകളോട് വെനസ്വേല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എന്നാല്‍, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വെനസ്വേലയുടെ വ്യോമപാത ഒഴിഞ്ഞെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വ്യോമപാത ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്ന വിമാനങ്ങളെല്ലാം റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ഭരണകൂടം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ആരംഭിച്ചിട്ട് നാളുകളേറെയായി.

ട്രംപ് മഡൂറോയ്ക്ക് മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുകയാണ്. അത് സൈനിക നടപടിയിലേക്ക് പോകുമോയെന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം നല്‍കാന്‍ സാധിക്കില്ലെന്നും വെനിസ്വേലയിലെ മുന്‍ അംബാസഡറും ജോര്‍ജിയ ടെക്കിലെ പ്രൊഫസറുമായ ചാള്‍സ് സാമുവല്‍ ഷാപ്പിറോ പ്രതികരിച്ചു.

കഴിഞ്ഞാഴ്ച മഡൂറോയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും ഭീകര സംഘടനിലെ അംഗങ്ങളാണെന്ന് ട്രംപ് ആക്ഷേപിച്ചിരുന്നു. കരയാക്രമണത്തിന് ഒരുങ്ങുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

കടല്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് കുറഞ്ഞു. ഇനി കര വഴിയുള്ളവ തടയാനായി പ്രവര്‍ത്തിക്കുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

വെനസ്വേലയിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെയുള്ള നടപടിയെന്ന പേരില്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ യു.എസ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. 20ലധികം കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 80ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Trump says Venezuela’s airspace has been completely closed; Rumors of military action being prepared