സൗദിയ്‌ക്കെതിരായ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ യു.എസ് തിര നിറച്ച് കാത്തിരിക്കുകയാണ്; ട്രംപ്
Middle East
സൗദിയ്‌ക്കെതിരായ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ യു.എസ് തിര നിറച്ച് കാത്തിരിക്കുകയാണ്; ട്രംപ്
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 12:29 pm

 

ന്യൂയോര്‍ക്ക്: സൗദിയിലെ എണ്ണസംഭരണശാലകള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന് മറുപടി നല്‍കാന്‍ യു.എസ് തിരനിറച്ച് കാത്തിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ആക്രമണത്തിനെതിരെ അമേരിക്കന്‍ സൈന്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന് ട്രംപ് സൂചന നല്‍കിയത്.

‘ ഇതിനു പിന്നിലെ ഉത്തരവാദികളെ ഞങ്ങള്‍ക്കറിയാം എന്ന് വിശ്വസിക്കാന്‍ കാരണങ്ങളുണ്ട്. ഞങ്ങള്‍ തിരനിറച്ച് തയ്യാറായി നില്‍ക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നാണ് സൗദി വിശ്വസിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍.’ ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആക്രമണത്തിനുശേഷം എണ്ണ വിതരണത്തില്‍ കുറവുവരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ യു.എസ് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി കരുതിവെച്ച എണ്ണ ഉപയോഗിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ട്രംപ് പറഞ്ഞു.

ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാന്‍ സൗദിയ്ക്ക് പ്രാപ്തിയുണ്ടെന്നും തങ്ങള്‍ അതിന് തയ്യാറാണെന്നും ട്രംപിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ, അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് എണ്ണ ഉല്‍പാദനത്തിലുണ്ടായ കുറവുമൂലം അസംസ്‌കൃത എണ്ണ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. വില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായി. 28 വര്‍ഷത്തിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ആറ്റവും വലിയ വിലവര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയിലും എണ്ണ വില വരും ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്നേക്കും.