മിയാമി: വെനസ്വേലയിലും ഇറാനിലും നടത്തിയ സൈനിക ഇടപെടലുകള്‍ക്ക് പിന്നാലെ അമേരിക്ക അടുത്തതായി ലക്ഷ്യം വെക്കാന്‍ പോകുന്നത് ക്യൂബയെ ആയിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഫ്‌ളോറിഡയിലെ മിയാമിയില്‍ നടന്ന ‘ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ്’ (സൗദി ബിസിനസ് കോണ്‍ഫറന്‍സ്) ഉച്ചകോടിയില്‍ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
താന്‍ കെട്ടിപ്പടുത്ത തന്റെ മഹത്തായ സൈന്യത്തെ അവിടെ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ ചിലപ്പോള്‍ അത് ഉപയോഗിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
‘ഞാന്‍ പറയട്ടെ, അടുത്ത ഊഴം ക്യൂബയുടേതാണ്,’ എന്ന് പ്രഖ്യാപിച്ച ട്രംപ് ഉടന്‍ തന്നെ പരിഹാസരൂപേണ അത് തിരുത്തി.
‘ഞാന്‍ അങ്ങനെ പറഞ്ഞില്ലെന്ന് നിങ്ങള്‍ നടിക്കുക. മാധ്യമങ്ങളേ, ദയവായി ആ പ്രസ്താവന അവഗണിക്കുക. വളരെ നന്ദി,’ എന്നായിരുന്നു ട്രംപ് കൂട്ടിച്ചേര്‍ത്തത്. ക്യൂബ ‘വളരെ വേഗം വീഴാന്‍’ സാധ്യതയുണ്ടെന്ന് ഈ മാസം ആദ്യം ട്രംപ് പ്രസ്താവന നടത്തിയിരുന്നു. പതിറ്റാണ്ടുകളായുള്ള യു.എസ് ഉപരോധം കാരണം ക്യൂബ നിലവില്‍ കടുത്ത സാമ്പത്തിക-ഊര്‍ജ്ജ പ്രതിസന്ധിയിലാണ്.
സമീപകാലത്ത് അമേരിക്ക നടത്തിയ രണ്ട് വലിയ സൈനിക നീക്കങ്ങളെയും ട്രംപ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. വെനസ്വേലയിലേയും ഇറാനിലേയും വിജയം ക്യൂബയിലും ആവര്‍ത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രസംഗത്തില്‍ നാറ്റോ സഖ്യത്തെ അതിശക്തമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. സഖ്യത്തെ ഒരു ‘കടലാസ് പുലി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ആവശ്യമുള്ള സമയത്ത് അമേരിക്കയെ സഹായിക്കാന്‍ അവര്‍ വന്നില്ലെന്നും കുറ്റപ്പെടുത്തി.
‘അവര്‍ നമുക്കൊപ്പമില്ലെങ്കില്‍ നമ്മള്‍ എന്തിനാണ് അവര്‍ക്കൊപ്പം നില്‍ക്കുന്നത്’ എന്ന് ചോദിച്ച ട്രംപ്, സഖ്യത്തോടുള്ള അമേരിക്കയുടെ പ്രതിബദ്ധതകള്‍ പുനര്‍നിര്‍ണ്ണയിക്കുമെന്നും പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കള്‍ സൈനിക നടപടി അവസാനിച്ചതിന് ശേഷം മാത്രം പിന്തുണ വാഗ്ദാനം ചെയ്യാമെന്ന് പറഞ്ഞെന്നും ട്രംപ് പരിഹസിച്ചു.
‘യുദ്ധം അവസാനിച്ചാലുടന്‍ ഞങ്ങള്‍ കപ്പലുകള്‍ അയയ്ക്കാം’ എന്നാണ് മാക്രോണ്‍ പറഞ്ഞത്. യുദ്ധം തീരുമ്പോള്‍ എനിക്ക് അവയുടെ ആവശ്യമില്ല’ എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. നാറ്റോയുടെ ഈ മനോഭാവം വലിയ തെറ്റാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വെനസ്വേലയ്ക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക നടത്തുന്ന ഏകപക്ഷീയമായ സൈനിക ആക്രമണങ്ങള്‍ നിലവില്‍ തന്നെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
യു.എസിന്റെ ഉപരോധം കാരണം തുടരുന്ന ക്യൂബയിലെ ഇന്ധനക്ഷാമം രാജ്യത്തെ ഒരു മാനുഷിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് ഐക്യരാഷ്ട്രസഭയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പുതിയ ഭീഷണിയും വരുന്നത്.
എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും, സ്വാഭിമാനം പണയപ്പെടുത്തിയുള്ള ചര്‍ച്ചകള്‍ക്കില്ലെന്നും ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഒഴികെയുള്ള മറ്റേതൊരു വിഷയത്തിലും വാഷിങ്ടണുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചു.
യുദ്ധമല്ല വേണ്ടത്. സംഭാഷണമാണ്. പക്ഷേ, രാജ്യം സൈനിക ഇടപെടലിന് വിധേയമായാല്‍, വിപ്ലവത്തിനായി തന്റെ ജീവന്‍ നല്‍കാനും താന്‍ തയ്യാറാണെന്നും പറഞ്ഞു.
Content Highlight: Trump says Cuba ‘next’ after Iran war