ഇന്ത്യയെ കീഴടക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ ട്രംപിന്റെ സ്വരം മയപ്പെട്ടെന്ന് മുന്‍നയതന്ത്ര ഉദ്യോഗസ്ഥന്‍
India
ഇന്ത്യയെ കീഴടക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ ട്രംപിന്റെ സ്വരം മയപ്പെട്ടെന്ന് മുന്‍നയതന്ത്ര ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th September 2025, 6:56 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കനത്ത താരിഫ് ചുമത്തിയ തീരുമാനത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചറിവുണ്ടായെന്ന് മുന്‍ ഇന്ത്യന്‍നയതന്ത്രജ്ഞന്‍ കെ.പി ഫാബിയന്‍. ട്രംപ് ഇന്ത്യയോടുള്ള നിലപാടില്‍ മയപ്പെട്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണെന്ന് ഫാബിയന്‍ വിശദീകരിച്ചു.

തന്റെ താരിഫ് ഉയര്‍ത്തിയ തീരുമാനം വിചാരിച്ചതുപോലുള്ള ഫലം നല്‍കാത്തത് കൊണ്ടാണ് ട്രംപിന് തിരിച്ചറിവുണ്ടായതെന്ന് ഫാബിയന്‍ പറഞ്ഞു.

ട്രംപിന്റെ ആക്രമണാത്മകമായ വ്യാപാര തന്ത്രങ്ങള്‍ ആഗ്രഹിച്ചഫലം നല്‍കിയില്ല. പ്രത്യേകിച്ച് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തില്‍ നിന്നും 50 ശതമാനമാക്കി ഉയര്‍ത്തിയ തീരുമാനം പ്രതീക്ഷിച്ച ലക്ഷ്യം കണ്ടില്ലെന്നും ഫാബിയന്‍ പറഞ്ഞു.

ഇന്ത്യ ഈ തീരുമാനത്തിന് മുന്നില്‍ കീഴടങ്ങുമെന്ന് വിചാരിച്ച ട്രംപിന് അത് തെറ്റാണെന്ന് മനസിലായെന്നും ഫാബിയന്‍ വ്യക്തമാക്കി.

ഇന്ത്യ ഒരു പരിഷ്‌കൃതരാഷ്ട്രമാണെന്ന് ട്രംപ് മനസിലാക്കണം, ഇന്ത്യയ്ക്ക് എല്ലാവരുമായും സൗഹൃത്തിലാകാനും വ്യാപാരം നടത്താനും സാധിക്കും, എന്നാല്‍, ഇന്ത്യയോട് ആജ്ഞാപിക്കാന്‍ സാധിക്കില്ലെന്ന് ട്രംപ് തിരിച്ചറിയണമെന്നും ഫാബിയന്‍ പറഞ്ഞു.

ഇതിനിടെ യു.എസ്-ഇന്ത്യ ബന്ധം ‘വളരെ സവിശേഷമായ ബന്ധം’ എന്ന് ട്രംപ് വിശേഷിപ്പിച്ചത് പ്രധാനമന്ത്രി മോദിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഫാബിയന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസമാണ് വൈറ്റ്ഹൗസില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിക്കിടെ സംസാരിക്കവെ ട്രംപ്, താനും പ്രധാനമന്ത്രി മോദിയും എപ്പോഴും സുഹൃത്തുക്കളായിരിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മോദി ചെയ്യുന്ന കാര്യങ്ങളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയും ചൈനയും മികച്ചനയതന്ത്രബന്ധം പുലര്‍ത്തുന്നതാണ് ട്രംപിന്റെ നിലപാട് മാറ്റത്തിന് കാരണം. ഇന്ത്യയുമായുള്ള നിലവിലുള്ള സമവായത്തില്‍ നിന്ന് പോസിറ്റീവായ നിലയിലേക്ക് മാറുമോ എന്ന ചോദ്യത്തിന് എപ്പോള്‍ വേണമെങ്കിലും അങ്ങനെ സംഭവിക്കാമെന്നാണ് ട്രംപ് പ്രതികരിച്ചത്.

ട്രംപിന്റെ പ്രസ്താവനയോട് സന്തോഷത്തോടെയാണ് പ്രധാനമന്ത്രി മോദി എക്‌സിലൂടെ പ്രതികരിച്ചത്. ട്രംപിന്റെ വിലയിരുത്തലിനെ ആഴത്തില്‍ അഭിനന്ദിക്കുന്നെന്നും യു.എസിനും ഇന്ത്യക്കും തന്ത്രപരമായ പങ്കാളിത്തമാണ് മുന്നിലുള്ളതെന്നും മോദി എക്‌സില്‍ കുറിച്ചിരുന്നു.

അതേസമയം, ഇതുവരെയും ട്രംപ് ഭരണകൂടം 50 ശതമാനം താരിഫ് ചുമത്തിയ തീരുമാനത്തില്‍ നിന്നും പിന്‍മാറിയിട്ടില്ല. കാര്‍ഷികമേഖലയുള്‍പ്പടെയുള്ള മേഖലകളിലേക്ക് പ്രവേശിക്കുന്നതില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നിയന്ത്രണമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യു.എസ് പുതിയ വ്യാപാരകരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ഇന്ത്യന്‍ വിദേശകാര്യ ഉദ്യോഗസ്ഥനായിരുന്ന കെ.പി ഫാബിയന്‍ കാനഡ, ശ്രീലങ്ക, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1999-2000 കാലത്ത് ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു.

Content Highlight: Trump’s tone softened as he realized he couldn’t conquer India, says former diplomat KP Fabian