കെയ്‌റോ: ഗസയിലെ ഇസ്രഈലിന്റെ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ പദ്ധതിയില്‍ ഒരുപാട് പഴുതുകളുണ്ടെന്ന് ഈജിപ്ത്. ഗസ പദ്ധതിയോട് പോസിറ്റിവായി പ്രതികരിക്കാന്‍ സഹോദര രാഷ്ട്രങ്ങളായ ഖത്തറിനോടും തുര്‍ക്കിയോടും ഒപ്പം ഈജിപ്തും ആവശ്യപ്പെടുമെന്ന് ഈജിപ്തിന്റെ വിദേശകാര്യമന്ത്രി ബദര്‍ അബ്ദേലാട്ടി പറഞ്ഞു.
ട്രംപിന്റെ പദ്ധതിയില്‍ ഒരുപാട് പഴുതുകളുണ്ട്. അതൊക്കെ അടയ്ക്കണമെന്ന് അബ്ദേലാട്ടി പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന സമയത്ത് ഫലസ്തീനിലെ ഭരണവും സുരക്ഷാ വിന്യാസവും സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്.
ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതിയില്‍ ഈജിപ്തിന്റെ നിലപാടുമായി യോജിക്കുന്ന തത്വങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
പദ്ധതിയോടുള്ള ഹമാസിന്റെ പ്രതികരണത്തിനായി ശ്രദ്ധയോടെയാണ് കാത്തിരിക്കുന്നത്. രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഈ ഗസ പദ്ധതി നടപ്പാക്കുമെന്ന് തന്നെയാണ് വിശ്വാസം. എന്നാല്‍ ഇതിന് പങ്കാളിത്തം ആവശ്യമാണെന്നും അബ്ദേലാട്ടി പറഞ്ഞു.
ഹമാസ് ഗസ പദ്ധതി നിരാകരിച്ചാല്‍ മേഖലയിലെ അവസ്ഥ ഗുരുതരമായി മാറും. എന്തുകാരണം കൊണ്ടായാലും ഗസയിലെ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗസയോ വെസ്റ്റ് ബാങ്കോ പിടിച്ചെടുക്കുകയോ ഫലസ്തീനികളെ ഇറക്കിവിടുകയോ ചെയ്യരുത്. വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, ഗസയുടെ പുനനിര്‍മാണം തുടങ്ങിയ ഈജിപ്തിന്റെ നിലപാടുകള്‍ ട്രംപിന്റെ പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്. ഇനി ഈ പദ്ധതിയുടെ വിശദാംശങ്ങളിലാണ് വെല്ലുവിളികള്‍ അടങ്ങിയിരിക്കുന്നതെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി കെയ്‌റോയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സെപ്റ്റംബര്‍ 29നാണ് ട്രംപ് ഭരണകൂടം ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു പദ്ധതി പുറത്തിറക്കിയത്. ഗസയെ ആയുധരഹിത മേഖലയാക്കി മാറ്റുകയാണ് പദ്ധതി മുന്നോട്ട് വെക്കുന്ന പ്രധാനലക്ഷ്യം. ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, ഫലസ്തീന്റെ പ്രതിരോധ സംഘടനകളെ നിരായുധീകരിക്കുക, ഗസയില്‍ നിന്നും ഇസ്രഈല്‍ പതിയെ പിന്മാറുക തുടങ്ങിയവയാണ് പദ്ധതിയിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍.