ഇറാനെതിരെ എന്തിന് ആണവായുധം പ്രയോഗിക്കണം? വിഡ്ഡിത്തം ചോദിക്കരുത്: മാധ്യമങ്ങളോട് ട്രംപ്
World
ഇറാനെതിരെ എന്തിന് ആണവായുധം പ്രയോഗിക്കണം? വിഡ്ഡിത്തം ചോദിക്കരുത്: മാധ്യമങ്ങളോട് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th April 2026, 11:13 am

വാഷിങ്ടണ്‍: ഇറാനെതിരെ യു.എസ് ആണവ ആക്രമണം നടത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘എന്തിനാണ് ആണവായുധം?’ എന്നായിരുന്നു ട്രംപിന്റെ മറുചോദ്യം. ആണവായുധം ഇല്ലാതെ തന്നെ അവരെ പൂര്‍ണ്ണമായും തകര്‍ത്തെന്നും പിന്നെ എന്തിനാണ് ആണവായുധം ഉപയോഗിക്കുന്നത് എന്നുമായിരുന്നു ട്രംപിന്റെ മറുചോദ്യം.

‘സര്‍, നിങ്ങള്‍ ഇറാനെതിരെ ആണവായുധം പ്രയോഗിക്കുമോ?

‘ഇല്ല, ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല. എനിക്കെന്തിനാണത്? ഇത്രയും വിഡ്ഢിത്തം നിറഞ്ഞ ഒരു ചോദ്യം എന്തിനാണ് ചോദിക്കുന്നത്?

ആണവായുധം ഇല്ലാതെ തന്നെ വളരെ സാധാരണമായ രീതിയില്‍ നമ്മള്‍ അവരെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ എന്തിനാണ് ആണവായുധം ഉപയോഗിക്കുന്നത്? ഇല്ല, ഞാന്‍ അത് ഉപയോഗിക്കില്ല. ആണവായുധങ്ങള്‍ ആരേയും ഉപയോഗിക്കാന്‍ അനുവദിക്കരുത്.

സത്യത്തില്‍ ആരുമായാണ് ഇടപാടുകള്‍ നടത്തേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഈ രാജ്യത്തെ നേതാവ് ആരാണെന്ന് അവര്‍ക്കറിയാം, എന്നാല്‍ ഇറാനിലെ നേതാവ് ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കാരണം അവിടെ ഭരണമാറ്റം സംഭവിച്ചു, ഖാംനഇ മേനി പോയി. അദ്ദേഹം മെച്ചപ്പെട്ട സ്ഥലത്തേക്ക് പോയി. അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും മുഴുവന്‍ പോയി.

പിന്നീട് രണ്ടാമത്തെ സംഘം വന്നു, അവരും പോയി. ഇപ്പോള്‍ മൂന്നാമത്തെ സംഘമാണ് ഉള്ളത്, തങ്ങളും പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് അവര്‍,’ ട്രംപ് പരിഹസിച്ചു.

ഇറാന്റെ ആണവശേഷിയെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും, കൈവശമുള്ള 60% സമ്പുഷ്ട യുറേനിയം സ്റ്റോക്ക് നീക്കം ചെയ്യണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടരുന്ന ആക്രമണങ്ങള്‍ക്കിടെ, ഇറാന്റെ ഒന്നിലധികം ആണവ കേന്ദ്രങ്ങള്‍ യു.എസ് തകര്‍ത്തതായാണ് വൈറ്റ് ഹൗസിന്റെ അവകാശവാദം. ഇറാന്റെ ആണവ സ്വപ്നങ്ങള്‍ പൂര്‍ണ്ണമായും ‘നശിപ്പിച്ചു’ എന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇറാന്‍ ഇത് പാടെ നിഷേധിച്ചിട്ടുണ്ട്.

ഇറാന്റെ ‘വിശാലവും തന്ത്രപരവുമായ’ പ്രതിരോധ ശേഷിയെക്കുറിച്ച് അമേരിക്കയ്ക്കും ഇസ്രഈലിനും ധാരണയില്ലെന്ന് ഇറാന്‍ തിരിച്ചടിച്ചു.

മാത്രമല്ല നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയിട്ടുണ്ടെങ്കിലും, തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുകൊടുക്കാന്‍ ഇറാന്‍ തയ്യാറല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ അവരുടെ യുറേനിയം ശേഖരം അമേരിക്കയ്ക്ക് കൈമാറുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദം ഇറാന്‍ വിദേശകാര്യ മന്ത്രാലയം തള്ളി.

‘ഇറാന്റെ സമ്പുഷ്ടമാക്കിയ യുറേനിയം എവിടേക്കും മാറ്റാന്‍ പോകുന്നില്ല. യുറേനിയം അമേരിക്കയിലേക്ക് കൈമാറുക എന്നത് ഞങ്ങളെ സംബന്ധിച്ച് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.’ എന്നാണ് വിദേശകാര്യ വക്താവ് എസ്മയില്‍ ബഗായ് പ്രതികരിച്ചത്.

ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെ ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും കഴിഞ്ഞ ദിവസം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

‘അമേരിക്കന്‍ പ്രസിഡന്റ് ഒരു മണിക്കൂറിനുള്ളില്‍ ഏഴ് അവകാശവാദങ്ങള്‍ ഉന്നയിച്ചു, അവ ഏഴും പച്ചക്കള്ളമായിരുന്നു. ഈ നുണകള്‍ കൊണ്ട് അവര്‍ യുദ്ധം ജയിച്ചിട്ടില്ല, ചര്‍ച്ചകളിലും അവര്‍ എങ്ങും എത്താന്‍ പോകുന്നില്ല,’ ഗാലിബാഫ് കുറിച്ചു.

യുദ്ധക്കളത്തിലെ പരാജയം മറച്ചുവെക്കാന്‍ ട്രംപ് വ്യാജ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ ഇറാന്റെ ആണവ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അമേരിക്ക.

Content Highlight: Trump rules out nuclear strike on Iran, calls it ‘stupid question’