ബോർഡ് ഓഫ് പീസിലേക്കുള്ള അംഗത്വം നിരസിച്ചു; ഫ്രഞ്ച് വൈനിനുമേൽ 200% തീരുവ ചുമത്തുമെന്ന് ട്രംപ്
World
ബോർഡ് ഓഫ് പീസിലേക്കുള്ള അംഗത്വം നിരസിച്ചു; ഫ്രഞ്ച് വൈനിനുമേൽ 200% തീരുവ ചുമത്തുമെന്ന് ട്രംപ്
ശ്രീലക്ഷ്മി എ.വി.
Tuesday, 20th January 2026, 1:55 pm

പാരീസ്: ഗസ സമാധാന ബോർഡിലേക്കുള്ള അംഗത്വം നിരസിച്ചതിന് പിന്നാലെ ഫ്രാൻസിനുനേരെ തീരുവ ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഫ്രഞ്ച് വൈനിനുമേൽ 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

സമാധാന ബോർഡിൽ ചേരാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രാൻസ് ഗസ സമാധാന ബോർഡിൽ ചേരില്ലെന്ന് പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം ചേരേണ്ടതില്ലെന്നും വളരെ വേഗം സ്ഥാനമൊഴിയാൻ പോകുന്നുവെന്നും ട്രംപ് പറഞ്ഞു

‘ഫ്രാൻസിന്റെ വൈനുകൾക്കും ഷാംപെയ്‌നുകൾക്കും മേൽ ഞാൻ 200 ശതമാനം തീരുവ ചുമത്തും. അവർ പങ്കുചേരേണ്ടതില്ല,’ ട്രംപ് പറഞ്ഞു.

ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ക്ഷണം ഫ്രാൻസ് നിരസിക്കുന്നുവെന്ന് ഇമ്മാനുവൽ മാക്രോണുമായി ബന്ധപ്പെട്ട വൃത്തങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

യു.എസ് ഭരണകൂടം 60 രാജ്യങ്ങൾക്ക് അയച്ച കരട് ചാർട്ടറിൽ അംഗത്വത്തിന് മൂന്ന് വർഷത്തിൽ കൂടുതൽ കാലാവധി വേണമെങ്കിൽ ഒരു ബില്യൺ ഡോളർ നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബ്ലൂംബെർഗ് പുറത്തുവിട്ട കരട് രേഖയിലാണ് സമാധാന ബോർഡിലെ സ്ഥിരാംഗത്വത്തിനായി രാജ്യങ്ങൾ 100 കോടി ഡോളർ നൽകണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുള്ളത്.

വിഷയത്തിൽ അന്താരാഷ്ട്ര സർക്കാരുകൾ ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. ട്രംപിന്റെ ഈ പദ്ധതി ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് നയതന്ത്രജ്ഞർ വ്യക്തമാക്കി.

ട്രംപിന്റെ സമാധാന ബോർഡിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ക്ഷണം ലഭിച്ചതായി ദിമിത്രി പെസ്‌കോവ് പറഞ്ഞിരുന്നു.

ക്ഷണം പുനപരിശോധിക്കുകയാണെന്നും യു.എസിന്റെ ഭാഗത്തുനിന്നും കൂടുതൽ  വിശദാംശങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബോർഡ് ഓഫ് പീസിൽ അംഗമാകാൻ ഇന്ത്യയെയും കഴിഞ്ഞ ദിവസം ട്രംപ് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: Trump rejects membership in the Board of Peace; threatens to impose 200% tariff on French wine

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.