ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡിന്റെ റിപ്പോര്‍ട്ട്‌ തള്ളി ട്രംപ്
World News
ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡിന്റെ റിപ്പോര്‍ട്ട്‌ തള്ളി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st June 2025, 3:36 pm

വാഷിങ്ടണ്‍: ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തള്ളി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന നാഷണല്‍ ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡിന്റെ റിപ്പോര്‍ട്ട് ട്രംപ് തള്ളിയത്.

മാര്‍ച്ചില്‍ യു.എസ് കോണ്‍ഗ്രസിന് നല്‍കിയ മറുപടിയിലാണ് തുള്‍സി ഗബ്ബാര്‍ഡ് ഇറാന്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. അന്ന് തന്നെ ട്രംപ് ഈ റിപ്പോര്‍ട്ടില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

ഗബ്ബാര്‍ഡിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നും എന്നാല്‍ ആ വിവരങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍ തന്റെ വാദങ്ങള്‍ക്ക് എതിരാണെങ്കിലും അത് പരിഗണിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ തുള്‍സി ഗബ്ബാര്‍ഡ് എക്‌സിലൂടെ പ്രതികരിച്ചു. ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ഒരു ആണവായുധം നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കയ്ക്ക് രഹസ്യാന്വേഷണ വിവരങ്ങള്‍ ഉണ്ട്. എന്നാല്‍ അത് സംഭവിക്കില്ലെന്ന് പ്രസിഡന്റ് ട്രംപ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്നും ഗബ്ബാര്‍ഡ് എക്‌സില്‍ കുറിച്ചു.

നേരത്തെ ഇറാന്റെ യുറേനിയം ശേഖരം അത്യപൂര്‍വമായ ഒന്നാമെന്നും അത്തരത്തിലൊന്ന് മറ്റൊരു രാജ്യത്തിന് ഇല്ലെന്നും ഗബ്ബാര്‍ഡ് വിശേഷിപ്പിച്ചിരുന്നു. വിക്കിലീക്സ് അടക്കമുള്ള വിവിധ മാധ്യമങ്ങള്‍ ഗബ്ബാര്‍ഡിന്റെ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. 2003ല്‍ സസ്‌പെന്‍ഡ് ചെയ്ത അണുവായുധ പരിപാടി പുനരാരംഭിക്കാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ  അനുവാദം കൊടുത്തിട്ടില്ല എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിരുന്നത്.

അതേസമയം ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണം ഇറാന്‍ നിഷേധിക്കുന്നുണ്ട്. യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നത് സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന് ഇറാന്‍ എപ്പോഴും പറഞ്ഞിരിക്കുന്നത്.

അതേസമയം ഇറാന് തങ്ങളുടെ ഇഷ്ടാനുസരണം ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ഒരു ആയുധം നിര്‍മിക്കാന്‍ മൂന്ന് വര്‍ഷം വരെ സമയം എടുക്കുമെന്നാണ് യു.എസിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഒമ്പത് രാജ്യങ്ങളുടെ കൈയിലായി 12,241 ആണവായുധങ്ങളുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ റഷ്യയുടെ കൈയിലാണ്- 5,459. തൊട്ടുപിറകെ അമേരിക്കയാണ്- 5,177. ഇന്ത്യയുടെ കൈയില്‍ 180, പാകിസ്താന് 170. ഇസ്രഈലിന്റെ കൈയിലാകട്ടെ 90 എണ്ണവുമുണ്ടെന്നാണ് കണക്ക്. എന്നാല്‍ പട്ടികയില്‍ ഇറാന്റെ പേര് ഉണ്ടായിരുന്നില്ല.

Content Highlight: Trump rejects intelligence chief Tulsi Gabbard’s report that Iran is not building nuclear weapons