ടെഹ്‌റാൻ: ആഭ്യന്തര സംഘർഷം തുടരുന്ന ഇറാനിലെ ജനങ്ങളെ ഇല്ലാതാക്കുന്ന ഏറ്റവും വലിയ കൊലയാളികൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി.
പ്രതിഷേധം തുടരൂയെന്നും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുന്നെന്നുമുള്ള ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് അലി ലാരിജാനിയുടെ പ്രതികരണം. ഇറാനെതിരെയുള്ള ട്രംപിന്റെ ഭീഷണികളെയും അദ്ദേഹം തള്ളി.
പ്രതിഷേധക്കാർക്കെതിരെ ആക്രമണം നടത്തിയാൽ ഇറാനെതിരെ സൈനിക ആക്രമണം നടത്തുമെന്നുമുള്ള ഭീഷണി ട്രംപ് ആവർത്തിക്കുന്നുണ്ട്.
ട്രംപ്, നെതന്യാഹു എന്നിങ്ങനെയാണ് ഇറാൻ ജനതയുടെ പ്രധാന കൊലയാളികളുടെ പേരുകളെന്ന് അലി ലാരിജാനി പറഞ്ഞു.
‘ഇറാൻ ജനതയുടെ പ്രധാന കൊലയാളികളുടെ പേരുകൾ ഞങ്ങൾ പ്രഖ്യാപിക്കുന്നു. ഒന്ന് ട്രംപ്, രണ്ടാമത്തേത് നെതന്യാഹു,’ അദ്ദേഹം എക്സിൽ പറഞ്ഞു.
2025 ജൂണിൽ ഇറാനെതിരെ നടന്ന 12 ദിവസത്തെ യു.എസ്-ഇസ്രഈൽ ആക്രമണത്തെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു.
ഈ ആക്രമണത്തിൽ രാജ്യത്തുടനീളം ആയിരത്തിലധികം ഇറാനികൾ കൊല്ലപ്പെടുകയും രാജ്യത്തിന്റെ സിവിലിയൻ, സൈനിക, ആണവ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുകയും ചെയ്തിരുന്നു.
ഇറാന്റെ കേന്ദ്ര ബാങ്കിനെയും എണ്ണ കയറ്റുമതിയെയും ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ യു.എസ് ഉപരോധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സാമ്പത്തിക പരാതികളിലെ നിയമസാധുത അംഗീകരിക്കുകയും അവ പരിഹരിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
എന്നാൽ രാജ്യത്തുടനീളം നാശം വിതയ്ക്കുന്ന അമേരിക്കയുടെയും ഇസ്രഈലിന്റെയും പിന്തുണയുള്ള പ്രതിഷേധക്കാരെ നേരിടുമെന്നും അവർ വ്യക്തമാക്കി.
ട്രംപ് തന്റെ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത പ്രോത്സാഹിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് യു.എന്നിലെ ഇറാൻ അംബാസഡർ യു.എൻ സുരക്ഷാ കൗൺസിലിന് അയച്ച കത്തിൽ ചൂണ്ടികാട്ടിയിരുന്നു.
Content Highlight: Trump is the biggest killer of Iranians: Supreme National Security Council Secretary Ali Larijani