നാടുനീളെ നടന്ന് ട്രംപ് മോദിയെ അപമാനിക്കുകയാണ്; പ്രതികരിക്കാന്‍ ധൈര്യം കാണിക്കൂ: രാഹുല്‍ ഗാന്ധി
India
നാടുനീളെ നടന്ന് ട്രംപ് മോദിയെ അപമാനിക്കുകയാണ്; പ്രതികരിക്കാന്‍ ധൈര്യം കാണിക്കൂ: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th October 2025, 5:32 pm

ന്യൂദല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതോടെ പ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് രാജ്യങ്ങള്‍ തോറും നടന്ന് അപമാനിക്കുകയാണെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത് പാകിസ്ഥാനെ ആക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്ന വാദമാണ് ട്രംപ് ഇത്തവണയും ഉയര്‍ത്തിയത്.

നിരവധി തവണ തള്ളിക്കളഞ്ഞ വാദം ട്രംപ് ആവര്‍ത്തിച്ചതോടെ പരിഹാസവുമായി രംഗത്തെത്തുകയായിരുന്നു രാഹുല്‍.

‘ട്രംപ് മോദിയെ നിരന്തരം അപമാനിക്കുകയാണ്. ഇത്തവണ അത് ദക്ഷിണ കൊറിയയിലാണ്. വ്യാപാര കരാര്‍ മുന്‍നിര്‍ത്തി മോദിക്കെതിരെ ഭീഷണി മുഴക്കി ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തലാക്കാന്‍ സാധിച്ചുവെന്ന് ട്രംപ് ആവര്‍ത്തിച്ചിരിക്കുകയാണ്. ഏഴ് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായും പറയുന്നു. മോദി ജീ പേടിക്കാതെ പ്രതികരിക്കാനുള്ള ധൈര്യം കാണിക്കൂ’, രാഹുല്‍ കുറിച്ചു.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യാ പസിഫിക് സാമ്പത്തിക സഹകരണ സമ്മേളന(അപെക്)ത്തിനിടെ ബുധനാഴ്ച ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈ എടുത്തെന്ന് ട്രംപ് ആവര്‍ത്തിച്ചിരുന്നു.

ഇതിനായി വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന ഭീഷണി മുഴക്കിയെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം, മോദിയുടെ സൗന്ദര്യത്തെ പുകഴ്ത്തിയ ട്രംപ്, ‘കാണാന്‍ ഏറ്റവും സുന്ദരനായ വ്യക്തി’ എന്നാണ് മോദിയെ വിശേഷിപ്പിച്ചത്.

‘ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ പോവുകയായിരുന്നു. പ്രധാനമന്ത്രി മോദിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന് തയ്യാറെടുക്കുകയായിരുന്നു. അവര്‍ ആണവരാഷ്ട്രങ്ങളാണ്. ഇതോടെ ഞാന്‍ മോദിയെ വിളിച്ചു.

നിങ്ങളുമായി വ്യാപാര കരാറിനില്ലെന്ന് അറിയിച്ചു. പിന്നെ ഞാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ വിളിച്ച് നിങ്ങളുമായി വ്യാപാരം നടത്താന്‍ കഴിയില്ലെന്നും അറിയിച്ചു. അവര്‍ നോ പറയുകയും യുദ്ധത്തിനാണ് താത്പര്യമെന്ന് പറയുകയും ചെയ്തു.

അവര്‍ ശക്തരാണ്. പ്രധാനമന്ത്രി മോദി കാണാന്‍ അഴകുള്ള മനുഷ്യനാണ്. നരകം പോലെ ഉറച്ചവനാണ്. അദ്ദേഹവും നോ പറഞ്ഞു. യുദ്ധം ചെയ്യുമെന്ന് ഉറപ്പിച്ചുപറഞ്ഞു’, ട്രംപ് പറഞ്ഞു.

അതേസമയം, രണ്ട് ദിവസം കഴിഞ്ഞ് ഇന്ത്യയും പാകിസ്ഥാനും തന്നെ വിളിച്ച് യുദ്ധം അവസാനിപ്പിച്ചതായി അറിയിച്ചെന്നും അത് ആശ്ചര്യകരമായി തോന്നിയെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ലോകത്തിന്റെ പലവേദികളിലായി ട്രംപ് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചെന്നും തനിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

Content Highlight: Trump is  insulting Modi; show courage to respond: Rahul Gandhi