മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; അസം തെരഞ്ഞെടുപ്പ് റാലിയിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
India
മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; അസം തെരഞ്ഞെടുപ്പ് റാലിയിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
മുഹമ്മദ് നബീല്‍
Thursday, 2nd April 2026, 9:59 pm

ടിസ്‌പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്ന വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

അസം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ് നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ – യു.എസ് വ്യാപാര കരാറിലൂടെ ഇന്ത്യ അഞ്ചോളം കാര്യങ്ങളിലുള്ള നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മോദി ഇന്ത്യൻ കാർഷിക മേഖല അമേരിക്കൻ കർഷകർക്കായി തുറന്നുകൊടുത്തു എന്നും ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ഇത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സോയാബീൻ, പരിപ്പ് വർഗങ്ങൾ, പഴങ്ങൾ, പരുത്തി ഇവയെല്ലാം മോദി അമേരിക്കൻ കർഷകർക്കായി തുറന്നുകൊടുത്തു. ഇന്ത്യൻ കർഷകർക്ക് ചെറിയ പാടങ്ങളാണുള്ളത്, അവർ ചെറിയ തോതിലുള്ള യന്ത്രവൽകൃത കൃഷിയാണ് നടത്തുന്നത്. എന്നാൽ അമേരിക്കയിലെ കർഷകർക്ക് വലിയ പാടങ്ങളും ഉയർന്ന നിലവാരത്തിലുള്ള യന്ത്രസംവിധാനങ്ങളുമുണ്ട്, അതിനാൽ നമ്മുടെ കർഷകർ പ്രതിസന്ധിയിലാകും,’ രാഹുൽ ഗാന്ധി പറഞ്ഞു.

മോദി ഊർജ സുരക്ഷ അമേരിക്കയ്ക്ക് അടിയറവ് വെച്ചതിനാൽ, ഇന്ന് മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അമേരിക്കയുടെയും ട്രംപിന്റെയും അനുമതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ട്രംപിനോട് ചോദിക്കാതെ ഇറാൻ, ഇറാക്ക്, റഷ്യ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയ്ക്ക് എണ്ണ വാങ്ങിക്കാൻ പറ്റില്ല,’ രാഹുൽ പറഞ്ഞു.

ഇന്ത്യക്കാരുടെ വിവരങ്ങൾ മോദി ട്രംപിന് കൈമാറിയെന്നും അത് ഉപയോഗിച്ച് എന്ത് ചെയ്യാനും അമേരിക്കയെ അനുവദിച്ചുവെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് വേദിയിൽ പറഞ്ഞു.

‘ഇന്ത്യ ഓരോ വർഷവും യു.എസ് കമ്പനികളിൽ നിന്ന് 9 ലക്ഷം കോടി രൂപയുടെ സാധനങ്ങൾ വാങ്ങുമെന്ന് മോദി ജി ഡൊണാൾഡ് ട്രംപിനോട് പറഞ്ഞു, ഇതിന്റെ ഫലമായി നമ്മുടെ ചെറുകിട – ഇടത്തരം വ്യവസായങ്ങൾ നശിക്കും,’ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി അമേരിക്കയ്ക്ക് ഒരുപാട് കാര്യങ്ങൾ നൽകി, എന്നാൽ അമേരിക്ക ഇന്ത്യയ്ക്ക് ഒന്നും നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അദാനിയുടെ അഴിമതിയെക്കുറിച്ചും കമ്പനി രേഖകളെക്കുറിച്ചും ട്രംപിന് കൃത്യമായി അറിയാമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

അദാനിക്കെതിരെ ട്രംപ് അമേരിക്കയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്തതിനാൽ അദ്ദേഹത്തിന് അമേരിക്കയിലേക്ക് പോകാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അദാനി അമേരിക്കയിൽ പോയാൽ അദ്ദേഹം അഴിക്കുള്ളിലാവുമെന്നും അതോടെ ബി.ജെ.പിയുടെ സാമ്പത്തിക ഇടപാടുകൾ പുറം ലോകം അറിയുമെന്നും രാഹുൽ പറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമa രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു.

Content Highlight: Trump is controlling Modi; Rahul Gandhi slams him at Assam election rally

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം