തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
പ്രധാനമന്ത്രി യു.എസുമായി വ്യാപാര കരാര്‍ ഒപ്പിട്ടതിലൂടെ രാജ്യത്തെ കര്‍ഷകരുടെ താത്പര്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. തൊഴിലാളികളെയും കര്‍ഷകരേയും മോശമായി ബാധിക്കുന്ന ഒന്നാണ് ഈ കരാര്‍.
ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റകളും കേന്ദ്ര സര്‍ക്കാര്‍ വിദേശ ശക്തിക്ക് വില്‍ക്കാന്‍ വെച്ചിരിക്കുകയാണ്. ഒരു പ്രധാനമന്ത്രിയും ചെയ്യാന്‍ കൂട്ടാക്കാത്ത കാര്യമാണ് മോദി ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയെ കര്‍ഷകരുടെ താത്പര്യങ്ങളെയും ഇന്ത്യന്‍ ഡാറ്റകളെയും വില്‍ക്കുന്നതില്‍ നിന്നും തടയണം. മോദി രാജ്യ താത്പര്യങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ അടിയറവെച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു..
എപ്സ്റ്റീന്‍ ഫയല്‍സിലെ പല പേജുകളും മറച്ചുവെച്ചിരിക്കുകയാണ്. ഇത് പുറത്തുവിടുമെന്ന് പറഞ്ഞ് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ട്രംപ് ഭീഷണിപ്പെടുത്തുന്നു.യൂട്യൂബിലടക്കം നോക്കിയാല്‍ ട്രപ് മോദിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോകള്‍ കാണാനാകും. ഇതില്‍ ഭയന്നാണ് മോദി യു.എസുമായി കരാറിലൊപ്പടാന്‍ നിര്‍ബന്ധിതനായതെന്നും രാഹുല്‍ ആരോപിച്ചു.
മോദിയുടെ കരിയര്‍ തന്നെ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രംപ് മോദിയെ നിയന്ത്രിക്കുകയാണ്. ഇതേരീതിയില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരള മുഖ്യമന്ത്രിയെ മോദിയും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരോട് ചോദിച്ചാല്‍ അവര്‍ തന്നെ അത് അംഗീകരിക്കും. 36 കേസുകളാണ് തനിക്കെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 50 മണിക്കൂറിലേറെ സമയം എതന്നെ ചോദ്യം ചെയ്യലിനും വിധേയനാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഇ.ഡി നടപടിയെടുക്കാത്തതെന്താണെന്ന് ചോദിച്ച രാഹുല്‍, ഇതിനെല്ലാം കാരണം മോദിയും പിണറായിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്നും ആരോപിച്ചു.
മോദിയുടെ അടുത്ത സുഹൃത്തായ അനില്‍ അംബാനിയുടെ പേരും എപ്സ്റ്റീന്‍ ഫയല്‍സിലുണ്ട്. കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയുടെ പേരും ഈ ഫയല്‍സിലുണ്ട്. ഗൗതം അദാനി ഉള്‍പ്പടെയുള്ളവരുടെ പേരുകളും വൈകാതെ യു.എസിന്റെ പല ഫയല്‍സുകളില്‍ നിന്നും പുറത്തെത്തുമെന്നും രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരരളത്തിനായി അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു.
സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യയാത്ര ഉറപ്പാക്കും. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും, ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, യുവാക്കള്‍ക്ക് ബിസിനസ് ചെയ്യാന്‍ 5 ലക്ഷം രൂപ വരെ ലഭിക്കുന്ന പലിശ രഹിത വായ്പ നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കൊണ്ടുവരും തുടങ്ങിയ പദ്ധതികളാണ് രാഹുല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ പേരിലെ ഇന്‍ഷൂറന്‍സ് വഴി 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് കവറേജ് ഉറപ്പാക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.
Content Highlight: Trump is controlling Modi; Modi is also controlling Pinarayi: Rahul Gandhi