ട്രംപ് ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി; അധികാരത്തില്‍ നിന്നും പുറത്താക്കണം: മുന്‍ ബ്രിട്ടീഷ് എം.പി
Iran US Conflict
ട്രംപ് ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി; അധികാരത്തില്‍ നിന്നും പുറത്താക്കണം: മുന്‍ ബ്രിട്ടീഷ് എം.പി
അനിത സി
Monday, 9th March 2026, 2:00 pm

ലണ്ടന്‍: യു.എസ് പ്രസിഡന്റ് ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് മുന്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗവും യുദ്ധവിരുദ്ധ പ്രവര്‍ത്തകനുമായ ജോര്‍ജ് ഗാലോവേ.

‘ട്രംപ് സ്വന്തം വാക്കുകളിലും പ്രവൃത്തികളിലും മനസിന്റേയും നിയന്ത്രണമുള്ളയാളല്ല. ട്രംപ് അമേരിക്കയ്ക്കും ലോകത്തിനും വ്യക്തമായ അപകടമാണ്,’ ഗാലോവേ പറഞ്ഞു.

ട്രംപിനെ അധികാരത്തില്‍ നിന്നും പുറത്താക്കണം. അതിനായി അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ 25ാം ഭേദഗതി നടപ്പാക്കണം. അദ്ദേഹത്തെ സൈന്യം അറസ്റ്റ് ചെയ്ത് നിയന്ത്രിക്കണം. ഒരിക്കലും സ്വതന്ത്രമായി അധികാരം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും എക്‌സ് പോസ്റ്റിലൂടെ ഗാലോവേ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വലിയ ആക്രമണത്തിന് വഴിയൊരുക്കിയ യു.എസ് -ഇസ്രഈല്‍ സഖ്യത്തിന്റെ ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്‍ ബ്രിട്ടീഷ് എം.പിയുടെ പ്രതികരണം.

ഫെബ്രുവരി 28നാണ് യു.എസ്-ഇസ്രഈല്‍ സേനകള്‍ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ആണവ കരാറിനെ ചൊല്ലി ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍-യു.എസ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

പിന്നാലെ ഗള്‍ഫ് മേഖലയിലെ യു.എസിന്റെ താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും പ്രത്യാക്രമണം ആരംഭിച്ചിരുന്നു. നിലവില്‍ മേഖലയില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്.

കഴിഞ്ഞദിവസം ഇസ്രഈല്‍ ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ എണ്ണ ശുദ്ധീകരണ ശാലയില്‍ സ്‌ഫോടനവും വന്‍ തീപിടുത്തമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തിന് മുകളില്‍ കറുത്ത പുക തിങ്ങി നിറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു.

ഇതിനിടെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖാംനഇയെ ഇറാന്‍ തിങ്കളാഴ്ച തെരഞ്ഞെടുത്തു. യു.എസും ഇസ്രഈലും പുതിയ പരമോന്നത നേതാവിനെ ലക്ഷ്യമിടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

Content Highlight: Trump is a threat to world peace and security; he should be removed from power: Former British MP

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.