വാഷിങ്ടണ്‍: ഇന്ത്യക്ക് 25% താരിഫ് ചുമത്തി ട്രംപ്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരവും അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിത താരിഫും ചുമത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുമായുള്ള വ്യാപാരം ഇന്ത്യക്ക് നല്ലതല്ലെന്നും അവര്‍ എപ്പോഴും സൈനിക ഉപകരണങ്ങളുടെ ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണെന്നും ട്രംപ് പറഞ്ഞു.
ഉക്രൈനിലെ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് അമേരിക്കയടക്കമുള്ളവര്‍ ആഗ്രഹിക്കുമ്പോള്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് ഊര്‍ജം വാങ്ങുന്നുവെന്ന് പറഞ്ഞാണ് താരിഫ് ചുമത്തിയത്.
ഓഗസ്റ്റ് ഒന്ന് മുതല്‍ താരിഫ് നിലവില്‍ വരുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ നമ്മുടെ സുഹൃത്ത് ആണെങ്കിലും ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്ന രാജ്യമാണ് അവരെന്ന് ട്രംപ് പറഞ്ഞു. ഇക്കാരണങ്ങളാല്‍ യു.എസ് ഇന്ത്യയുമായി വര്‍ഷങ്ങളായി താരതമ്യേന വളരെ കുറവ് വ്യാപാരമെ നടത്താറുള്ളു.
‘ഇന്ത്യ എല്ലാകാലത്തും അവരുടെ സൈനിക ആയുധങ്ങളുടെ ഭൂരിഭാഗവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. കൂടാതെ ചൈനയെപ്പോലെ റഷ്യന്‍ ഈര്‍ജത്തിന്റെ മുഖ്യ ഉപഭോക്താക്കളുമാണവര്‍. എല്ലാവരും റഷ്യ ഉക്രൈനിലെ കൊലപാതകങ്ങള്‍ നിര്‍ത്തണമെന്ന് ആഗ്രഹിക്കുമ്പോഴാണിത്. ഇതൊന്നും ശരിയല്ല. അതിനാല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഇന്ത്യക്ക് 25% താരിഫ് ചുമത്തുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും,’ ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യല്‍ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ട്രംപ് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങള്‍ക്കെതിരെ താരിഫ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് പിന്നീട് മരവിപ്പിച്ചെങ്കിലും അമേരിക്കയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടാതിരുന്ന ബ്രസീല്‍, ദക്ഷിണ കൊറിയ തുടങ്ങിയ 13 ഓളം രാജ്യങ്ങള്‍ക്ക് അടുത്തിടെ ഇന്ത്യ വീണ്ടും താരിഫ് പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ റഷ്യയുമായുള്ള ബന്ധം മുന്‍നിര്‍ത്തി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയനും പറഞ്ഞിരുന്നു. റഷ്യന്‍ ക്രൂഡ് ഓയിലിന് ബാരലിന് 47.60 ഡോളറില്‍ അധികം വില നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ഇ.യു പറഞ്ഞത്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 65 ഡോളറാണെന്നിരിക്കെയാണ് റഷ്യന്‍ എണ്ണയുടെ വില വെട്ടിക്കുറച്ചത്.