ചൈനയും നേപ്പാളും ചെറുത് , ശരിക്കുള്ള പണി തന്നത് ട്രംപ്
Opinion
ചൈനയും നേപ്പാളും ചെറുത് , ശരിക്കുള്ള പണി തന്നത് ട്രംപ്
ഫാറൂഖ്
Thursday, 25th June 2020, 9:19 pm

രാഷ്ട്രീയക്കാര്‍ തിരഞ്ഞടുപ്പ് സമയത്തു നല്‍കുന്ന വാഗ്ദാനങ്ങളൊന്നും നമ്മളാരും ഓര്‍മിച്ചു വെക്കാറില്ല. നൂറു കണക്കിന് തിരഞ്ഞെടുപ്പുകളാണ് ലോകമൊട്ടുക്കും നടക്കുന്നത്, അതില്‍ ആയിരക്കണക്കിന് സ്ഥാനാര്‍ഥികളുണ്ടാവും, അവരൊക്കെ പല വാഗ്ദാനങ്ങളും നല്‍കും, അതൊക്കെ ഓര്‍ക്കണമെങ്കില്‍ നമുക്ക് തലച്ചോര്‍ വേറെ വേണ്ടി വരും.

ചിലതൊക്കെ ആര്‍ക്കും മറക്കാനും പറ്റില്ല, ഉദാഹരണത്തിന് നമ്മുടെ 15 ലക്ഷം. അക്കൂട്ടത്തില്‍ പെട്ട രണ്ടു വാഗ്ദാനങ്ങളായിരുന്ന ട്രംപിന്റേത് -അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മെക്‌സിക്കോയുടെ ചിലവില്‍ മതില്‍ കെട്ടുമെന്നതും മുസ്ലിംങ്ങളെ അമേരിക്കയില്‍ വരുന്നതില്‍ നിന്ന് വിലക്കുമെന്നതും.

ട്രംപ് ജയിച്ച കൊല്ലം തന്നെ മതില്‍ പണി തുടങ്ങി, ഇപ്പോള്‍ ഏതാണ്ട് 200 മൈല്‍ പൂര്‍ത്തിയായിട്ടുണ്ട്. മതില്‍ പണിയാനുള്ള പണം മെക്‌സിക്കോയില്‍ നിന്ന് ഈടാക്കും എന്ന് പറഞ്ഞത് നടന്നിട്ടില്ല, പക്ഷെ അത് വലിയൊരു പരാജയമായി കാണേണ്ട കാര്യവുമില്ല.

രണ്ടാമത്തെ വലിയ വാഗ്ദാനം – മുസ്ലിം-ബാന്‍. അധികാരത്തില്‍ വന്നു ഒരു ആഴ്ചകള്‍ക്കുള്ളില്‍ മുസ്ലിംകള്‍ അമേരിക്കയിലേക്ക് വരുന്നത് വിലക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പിട്ടു. ഡെവിള്‍-ഇന്‍-ദി-ഡീറ്റെയില്‍സ് എന്ന് പറഞ്ഞത് പോലെ ഇറാനിലും സുഡാനിലും സോമാലിയയിലും ഉള്ള പൗരന്മാരെ മാത്രമാണ് വിലക്കിയത്. പക്ഷെ അമേരിക്കയിലെ ഉള്‍നാടുകളിലുള്ള ട്രംപ് അനുകൂലികള്‍ക്ക് അത്രയൊക്കെ മതി, അവരോടു ട്രംപ് പറഞ്ഞു മുസ്ലിംകളെ ബാന്‍ ചെയ്തു എന്ന്, അവര്‍ സന്തോഷിച്ചു, അത്രയേയുള്ളൂ.

( ‘മുസ്ലിം-ബാന്‍’ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഒപ്പു വച്ചതിനു ശേഷം പത്രക്കാരെ കാണിക്കുന്ന ട്രംപ് )

ട്രംപും മുസ്ലിം നാടുകളും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരുന്നു. അറബികള്‍ക്ക് ഒബാമയേക്കാളും ഇഷ്ടം ട്രംപിനെയാണിപ്പോള്‍, കാരണം എണ്ണയുടെ വിലകൂട്ടേണ്ടത് സ്വന്തം ഉത്തരവാദിത്വമായി കരുതി അഹോരാത്രം പ്രയത്നിക്കുന്നയാളാണ് ട്രംപ്. മുസ്ലിം ബിസിനസ്സുകാരും ട്രംപിന്റെ കുടുംബക്കാരും മച്ചാനും മാമനുമായി സ്‌നേഹിച്ചു കഴിയുകയാണ്. ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ഗാരി കുഷ്നേര്‍ സ്ഥിരമായി റിയാദിലും ദുബായിയിലും കറങ്ങിയടിച്ചു നടപ്പാണ്.

ട്രംപ് മുസ്ലിം-ബാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ ഇന്ത്യയിലും ചിലത് സംഭവിച്ചു. സംഘപരിവാറുകാരുടെ ട്രംപ് അനുകൂല പ്രചാരണമായിരുന്നു, സോഷ്യല്‍ മീഡിയയിലും പുറത്തും. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ദല്‍ഹിയില്‍ നടന്ന ട്രംപ് പൂജ. ഹിന്ദു സേന എന്ന സംഘടനയുടെ പേരില്‍ ട്രംപ് ജയിക്കാന്‍ വേണ്ടി നടത്തിയ പൂജയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. ഹിന്ദു സേന നേതാവ് അന്ന് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത് ഇന്ത്യയെയും ഇന്ത്യക്കാരെയും രക്ഷിക്കാന്‍ ട്രംപ് ജയിക്കേണ്ടത് അനിവാര്യമാണ് എന്നാണ്.

( ട്രംപിനെ ജയിപ്പിക്കാൻ വേണ്ടി ഡൽഹിയിൽ ഹിന്ദുസേന നടത്തിയ പൂജ )

ദല്‍ഹിയില്‍ നടന്ന പൂജ ഒന്ന് മാത്രം, പൊതുവെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ട് ചെയ്തു കൊണ്ടിരുന്ന അമേരിക്കന്‍ ഇന്ത്യക്കാരെ കൊണ്ട് ട്രംപിന് വോട്ട് ചെയ്യിക്കാന്‍ സംഘപരിവാറിന്റെ ഐ ടി സെല്ലുകള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. അമേരിക്കയിലൊട്ടാകെ നിരവധി പൊതുയോഗങ്ങളും റാലികളും ഇന്ത്യക്കാരുടെ വകയായി നടന്നു. അമേരിക്കയില്‍ വോട്ടുള്ള ഇന്ത്യക്കാരല്ല പ്രധാനമായും ഇതിലൊന്നും പങ്കെടുത്തത്, മറിച്ചു എച്ച്-1-ബി വിസയില്‍ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ സംഘപരിവാറുകാരായിരുന്നു.

2016 ഒക്ടോബറില്‍ ന്യൂ ജേഴ്‌സിയിലെ ഇന്ത്യക്കാര്‍ തിങ്ങി നിറഞ്ഞു താമസിക്കുന്ന എഡിസണ്‍ എന്ന ചെറു നഗരത്തില്‍, ട്രംപിന്റെ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപെട്ടു ഇന്ത്യക്കാര്‍ സംഘടിപ്പിച്ച ‘ഹിന്ദുസ്-ഫോര്‍-ട്രംപ് ‘ എന്ന റാലിയില്‍ ട്രംപ് തന്നെ പ്രസംഗിച്ചു.

( ന്യൂജേഴ്സിയിലെ എഡിസണിൽ ഇന്ത്യക്കാർ നടത്തിയ ട്രംപ് അനുകൂല റാലി )

ഈ റാലികളിലൊക്കെ ഉയര്‍ത്തി കാട്ടിയ പ്ലക്കാര്‍ഡുകളിലുള്ളത് ട്രംപ് ജയിക്കുന്നത് ഇന്ത്യക്കും അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്കും ഗുണകരമാകുമെന്ന മുദ്രാവാക്യങ്ങളായിരുന്നു. എന്നാല്‍ ട്രംപ് അനുകൂല ഇന്ത്യക്കാര്‍ പറയാതെ പറയുന്ന ഒരു സന്ദേശമുണ്ടായിരുന്നു, ഞങ്ങള്‍ അമേരിക്കയിലെ വെള്ളക്കാരോടൊപ്പമാണ്, മെക്‌സിക്കോക്കാരും, മുസ്ലിംകളും, ജൂതന്മാരും, കറുത്തവരുമൊന്നും ഞങ്ങളുടെ കൂട്ടരല്ല. അവര്‍ക്കെതിരെ ട്രംപ് സംസാരിക്കുന്നത് ഞങ്ങള്‍ക്ക് വിഷമമുള്ള കാര്യമല്ല, മാത്രമല്ല ഞങ്ങളും അവര്‍ക്കെതിരാണ്. ഞങ്ങള്‍ വെള്ളക്കാരെ സ്വന്തക്കാരായി കാണുന്നത് പോലെ വെള്ളക്കാര്‍ ഞങ്ങളെയും കാണണം.

ഓരോ ട്രംപ് അനുകൂല ഇന്ത്യക്കാരന്റെയും മുഖത്ത് നിന്ന് നിങ്ങള്‍ക്ക് അത് വായിച്ചെടുക്കാമായിരുന്നു – മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ. അന്നേ ബോധമുള്ളവര്‍ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു – വിദ്വേഷ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കരുത്, അവര്‍ പുതിയ ഇരകളെ തേടിക്കൊണ്ടേയിരിക്കും , ഫാസിസം ആരെയും വെറുതെ വിടില്ല, അവര്‍ നാളെ നിങ്ങളെയും തേടി വരും. പുലിപ്പുറത്ത് കയറരുത്, വിഷപാമ്പിന് പാല് കൊടുക്കരുത്.

അതിനു ചില കാരണങ്ങളുമുണ്ടായിരുന്നു.

ഒന്ന്, ഒരു സാധാരണ അമേരിക്കക്കാരന്‍ ആഗ്രഹിക്കുന്ന ജോലികളല്ല മെക്‌സിക്കോക്കാരന്‍ ചെയ്യുന്നത്. പെയിന്റിംഗ്, പ്ലംബിങ്, വീട്ടുജോലികള്‍, മാലിന്യ നിര്‍മാര്‍ജനം , അടുക്കള, കൃഷിപണി തുടങ്ങിയ ജോലികള്‍ ചെയ്താണ് അമേരിക്കയില്‍ പൊതുവെ മെക്‌സിക്കോക്കാര്‍ ജീവിക്കുന്നത്. മെക്‌സിക്കോക്കാര്‍ ജോലികള്‍ തട്ടിയെടുക്കുന്നു എന്ന് രാഷ്ട്രീയക്കാര്‍ പറയുന്നതല്ലാതെ സാധാരണ അമേരിക്കക്കാര്‍ക്ക്, പ്രത്യേകിച്ച് കോളേജ് ഡിഗ്രി ഉള്ളവര്‍ക്ക് മെക്‌സിക്കോക്കാര്‍ ഒരു ഭീഷണിയല്ല. എന്ന് മാത്രമല്ല ഒരു സഹായം കൂടിയാണ്.

രണ്ട്, മുസ്ലിംകള്‍ എന്നാല്‍ അറബികള്‍ എന്നാണ് സാധാരണക്കാരായ അമേരിക്കക്കാരുടെ ധാരണ. ഏഷ്യയില്‍ ( ചൈനക്കാരാണ് അമേരിക്കക്കാരെ സംബന്ധിച്ച് ഏഷ്യാക്കാര്‍) നിന്നോ ഇന്ത്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ വന്നവരെ അതതു ഭൂഖണ്ഡത്തിന്റെയോ രാജ്യത്തിന്റെയോ പേരിലല്ലാതെ മതത്തിന്റെ പേരില്‍ ആരും പരാമര്‍ശിക്കാറില്ല, മതം അവര്‍ക്കറിയുകയും ഇല്ല. അറബികള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നില്ല എന്നല്ല, എന്നാലും വ്യാപകമായില്ല. അവര്‍ പ്രധാനമായി അമേരിക്കയില്‍ വരുന്നത് കോളേജ് പഠനത്തിനും വിനോദത്തിനുമാണ്. അവര്‍ വാരിക്കോരി ചിലവാക്കി അമേരിക്കന്‍ സമ്പത് വ്യവസ്ഥ പരിപോഷിപ്പിച്ച ശേഷം തിരിച്ചു പോവും.

അതുകൊണ്ടാണ് ട്രംപിന്റെ വിഖ്യാതമായ ‘മുസ്ലിം-ബാനില്‍’ സൗദിയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടാതെ ദരിദ്രരായ സൊമാലിയയും സുഡാനും യമനും മാത്രം ഉള്‍പ്പെട്ടത്.

പക്ഷെ ഇന്ത്യക്കാര്‍ അങ്ങനെയല്ല.

ഒരു ശരാശരി അമേരിക്കക്കാരന്റെ, പ്രത്യേകിച്ച് കാര്യമായ വിദ്യാഭ്യാസമില്ലാത്ത അമേരിക്കകാരന്റെ, സ്വപ്ന ജോലിയാണ് ഇന്ത്യക്കാരന്‍ തട്ടിയെടുക്കുന്നത്, അത് കൊണ്ട് തന്നെ അസൂയയും ദേഷ്യവും ആവശ്യത്തിനുണ്ട്. അമേരിക്കന്‍ വെള്ളക്കാര്‍ മാത്രമുണ്ടായിരുന്ന പല റെസിഡന്‍സ് ഏരിയകളിലും ഇന്ത്യക്കാര്‍ വ്യാപകമായി വീടുകള്‍ വാങ്ങിച്ചു താമസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പല സ്ഥലങ്ങളും വെള്ളക്കാര്‍ ഒഴിഞ്ഞു പോയി മിനി-ഗുജറാത്തും മിനി-ആന്ധ്രയും ഒക്കെ ആയി മാറിയിട്ടുണ്ട്. കഠിനാദ്വാനികളായ ഇന്ത്യന്‍ കുട്ടികള്‍ കഷ്ടപ്പെട്ട് പഠിച്ച് അമേരിക്കയിലെ മികച്ച കോളേജുകളും യൂണിവേഴ്‌സിറ്റികളും വെള്ളക്കാരുടെ കുട്ടികള്‍ക്ക് അപ്രാപ്യമാക്കുന്നുണ്ട്.

ട്രംപ് അല്ലെങ്കില്‍ മറ്റൊരു ട്രംപ് ഇന്ത്യക്കാര്‍ക്ക് എതിരെ ഇന്നല്ലെങ്കില്‍ നാളെ ഇറങ്ങുമെന്ന് ഉറപ്പായിരുന്നു. വിദ്വേഷ രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് ലളിതമായി ഊഹിക്കാവുന്ന ഊഹിക്കാവുന്ന കാര്യം. പക്ഷെ അത് ഇത്ര വേഗം ഉണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല.

താല്‍കാലികമായി ജോലിക്കാരെ രാജ്യത്തേക്ക് കൊണ്ട് വരാന്‍ വേണ്ടി 1952 ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന എച്ച്-1 എന്ന വിസ രീതി 1990 ല്‍ പരിഷ്‌കരിച്ചതാണ് എച്ച്-1-ബി. ഈ വിസ പ്രകാരം തങ്ങളുടെ കമ്പനികളില്‍ ജോലി ചെയ്യാനായി താത്കാലികമായി വിദേശികളെ അമേരിക്കയിലേക്ക് കൊണ്ട് വരാം. മൂന്നു വര്‍ഷമാണ് വിസാ കാലാവധി, പിന്നീട് മൂന്നു വര്‍ഷം കൂടി നീട്ടാം. അതിനിടയില്‍ ഗ്രീന്‍ കാര്‍ഡ് അഥവാ സ്ഥിരതാമസത്തിനുള്ള അനുവാദത്തിനു വേണ്ടി അപേക്ഷിച്ചാല്‍ ഓരോ കൊല്ലം ഓരോ കൊല്ലമായി പിന്നെയും നീട്ടാം. ലളിതമായി പറഞ്ഞാല്‍ ഇതാണ് നമ്മള്‍ ഇന്ന് കേള്‍ക്കുന്ന എച്ച്-1-ബി വിസ.

എച്ച്-1-ബി പ്രകാരം കഴിഞ്ഞ മുപ്പത് വര്‍ഷമായി അമേരിക്കയില്‍ എത്തിയവരില്‍ മുക്കാല്‍ ഭാഗവും ഇന്ത്യക്കാരായിരുന്നു. തെലുങ്കാന, ആന്ധ്ര, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ആളുകള്‍ അമേരിക്കയില്‍ എത്തിപ്പെട്ടു, മലയാളികളും ഒട്ടും കുറവല്ല. വന്നവര്‍ വന്നവര്‍ ഗ്രീന്‍കാര്‍ഡിന് അപേക്ഷിച്ചു അമേരിക്കയിലെ സ്ഥിര താമസക്കാരായി. ആദ്യമൊക്കെ ഗ്രീന്‍കാര്‍ഡ് എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. ഇപ്പോള്‍ ഗ്രീന്‍കാര്‍ഡിനുള്ള ക്യു വലുതായി വലുതായി പത്തു വര്‍ഷം വരെ കാത്തു നില്‍ക്കേണ്ട സ്ഥിതിയായിട്ടുണ്ട്.

ഗ്രീന്‍കാര്‍ഡ് കിട്ടിയവര്‍ ഉടനെ തന്നെ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കും. ആദ്യമൊക്കെ അതും എളുപ്പമായിരുന്നു. അങ്ങനെ അമേരിക്കന്‍ പൗരത്വം കിട്ടിയവര്‍ ഇന്ത്യന്‍ എംബസ്സിയില്‍ പോയി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചു കൊടുത്തു അമേരിക്കയോട് മാത്രമേ കൂറും വിധേയത്വവും പുലര്‍ത്തൂ എന്ന ഓത്ത്-ഓഫ്-അലെജിയന്‍സ് ചൊല്ലി അമേരിക്കന്‍ പൗരന്മാരായി സസുഖം ജീവിച്ചു. അവരുടെ അടുത്ത പരിപാടിയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ട് തുടങ്ങി പാവപ്പെട്ട ഇന്ത്യക്കാരെ ഉപദേശിക്കല്‍.

അക്കൂട്ടത്തില്‍ പെട്ട ഇരുപതിനായിരത്തോളം പേരാണ് മോദിയെ സ്വീകരിക്കാന്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ എത്തിയത്, മറ്റൊരു അന്‍പതിനായിരം പേരാണ് ഹ്യുസ്റ്റണിലെ ഹൗഡി മോഡിയില്‍ എത്തി ട്രംപിന് വേണ്ടി ആര്‍ത്തു വിളിച്ചത്. ട്രംപിന് അമേരിക്കയില്‍ ലഭിച്ച ഏറ്റവും വലിയ സ്വീകരണങ്ങളില്‍ ഒന്നായിരുന്നു ഹൂസ്റ്റണിലെ എച്ച്-1-ബി ഇന്ത്യക്കാര്‍ നല്‍കിയത്.
(   https://www.doolnews.com/howdy-america-farooq-write-up.html )

(ഹ്യൂസ്റ്റണിൽ നടന്ന ഹൗഡി-മോഡി പരിപാടിയിൽ ട്രംപിനെ ആരവങ്ങളോടെ സ്വീകരിക്കുന്ന ഇന്ത്യക്കാർ )

അങ്ങനെ എച്ച്-1-ബി യുടെ സൗകര്യം ഉപയോഗിച്ച് അമേരിക്കയിലെത്തിയവരാണ് നമ്മള്‍ കാണുന്ന ലക്ഷക്കണക്കിന് അമേരിക്കന്‍ ഇന്ത്യക്കാര്‍. ഇങ്ങനെയല്ലാതെ അനധികൃത കുടിയേറ്റം വഴിയും ഇന്ത്യക്കാര്‍ അമേരിക്കയിലെത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവരില്‍ ലാറ്റിന്‍ അമേരിക്കക്കാരുടെ തൊട്ടു താഴെയാണ് ഇന്ത്യക്കാര്‍.

എച്ച്-1-ബി മൂലം വന്‍ നേട്ടം ഉണ്ടായ രാജ്യം ഇന്ത്യയാണെന്നതില്‍ സംശയമില്ല. വിദേശ ഇന്ത്യക്കാരുടെ റെമിറ്റന്‍സ് ഡാറ്റ അനുസരിച്ച രണ്ടാം സ്ഥാനത്താണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന വിദേശ നാണ്യം. ഒന്നാം സ്ഥാനത്ത് യൂ.എ.ഇ, മൂന്നാം സ്ഥാനത്തു സൗദി അറേബ്യ. 12 ബില്യണ്‍ ഡോളറിനടുത്താണ് കഴിഞ്ഞ കൊല്ലം അമേരിക്കന്‍ ഇന്ത്യക്കാര്‍ നാട്ടിലേക്കയച്ചത്. വിദേശനാണ്യം മാത്രമല്ല എച്ച്-1-ബി നമുക്ക് നേടി തന്നത്. ലക്ഷക്കണക്കിന് യുവാക്കള്‍ക്കും യുവതികള്‍ക്കും ് തൊഴിലും അന്തസ്സുറ്റ ജീവിതവും നല്‍കി. ഇന്ത്യയില്‍ ഒട്ടേറെ ഐ ടി , ഫര്‍മസ്യൂട്ടിക്കല്‍, കണ്‍സല്‍റ്റിംഗ് കമ്പനികള്‍ ഉയര്‍ന്നു വരാന്‍ എച്ച്-1-ബി കാരണമായി. അവരും ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കി.

ആ എച്ച്-1-ബി ഇന്നലെ അവസാനിച്ചു.

എച്ച്-1-ബി യും ഗ്രീന്‍കാര്‍ഡും ഇഷ്യൂ ചെയ്യുന്നത് നിര്‍ത്തി വച്ചുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഇന്നലെ ഒപ്പുവച്ചു. കോവിഡിന്റെ മറ പിടിച്ചു താല്കാലികമായാണ് നിരോധനം, പക്ഷെ ഇപ്പോഴുള്ള രീതിയില്‍ ഇത് പുനഃസ്ഥാപിക്കില്ല എന്നാണ് ട്രംപ് അമേരിക്കക്കാര്‍ക്ക് ഉറപ്പ് കൊടുത്തത്. പുതിയ സിസ്റ്റത്തില്‍ വളരെ സെലെക്ടിവ് ആയിട്ടുള്ളവര്‍ക്ക് മാത്രമേ വിസ കൊടുക്കൂ, എന്ന് പറഞ്ഞാല്‍ സുന്ദര്‍ പിച്ചയെയും അഭിജിത് ബാനര്ജിയെയും പോലുള്ളവര്‍ക്ക്. അവര്‍ പോകുന്നതാണെങ്കില്‍ ഇന്ത്യക്ക് നഷ്ടവുമായിരിക്കും. പഴയ ബ്രെയിന്‍-ഡ്രയിന്‍ ചര്‍ച്ചകള്‍ ആവര്‍ത്തിക്കുന്നില്ല.

ചുരുക്കി പറഞ്ഞാല്‍ വ്യാപകമായി ഇന്ത്യക്കാര്‍ അമേരിക്കയിലേക്ക് പോകുന്നത് പ്രായോഗികമായി അവസാനിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ വെള്ളക്കാരുടെ വോട്ടുകള്‍ വാരിക്കൂട്ടാന്‍ ട്രംപ് ഇറക്കിയ തുറപ്പു ചീട്ടാണിത്. ഇനി ഡെമോക്രറ്റുകള്‍ ജയിച്ചാലും ഇതില്‍ നിന്ന് തിരിച്ചു പോവുമെന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് ട്രംപിന് വേണ്ടി ഇലക്ഷന്‍ പ്രചാരണം നടത്തിയ മോദിയുടെ ഇന്ത്യക്കാര്‍ക്ക് വേണ്ടി.

പത്തോ പതിനഞ്ചോ കൊല്ലം കഴിയുമ്പോള്‍, യോഗി ഇന്ത്യന്‍ പ്രധാനമന്ത്രിയാവുമ്പോള്‍, ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന ഹൗഡി-യോഗി പരിപാടിക്ക് അന്‍പതിനായിരം ആളുകള്‍ക്കുള്ള സ്റ്റേഡിയം വേണ്ടി വരില്ല, അഞ്ഞൂറ് പേര്‍ക്കിരിക്കാവുന്ന ചെറിയൊരു ഹാള്‍ മതിയാവും.

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ