വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചകള്‍ നടത്തിയ പോലെ ഇസ്രഈലും ഇറാനും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ കുറിച്ച പോസ്റ്റിലാണ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ താന്‍ കരാറുണ്ടാക്കിയത് പോലെ ഒരു കരാറിലെത്തണമെന്ന് അവകാശപ്പെട്ടത്.
‘ഇറാനും ഇസ്രായേലും ഒരു കരാര്‍ ഉണ്ടാക്കണം. ഇന്ത്യയെയും പാകിസ്ഥാനെയും ഉള്‍പ്പെടുത്തി ഞാന്‍ ഉണ്ടാക്കിയതുപോലെ ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്യണം. യുക്തി, യോജിപ്പ്, വിവേകം എന്നിവയോടെ അമേരിക്കയുടെ വ്യാപാര ബന്ധത്തെ ഉപയോഗിച്ച് വേഗത്തില്‍ തീരുമാനത്തിലെത്തണം,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഇറാനും ഇസ്രഈലും തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷം താന്‍ വീണ്ടും പരിഹരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സമാനമായ ഉദാഹരണം തന്നെയാണ് ഈജിപ്തും എത്യോപ്യയും തമ്മിലെന്നും തന്റെ ഇടപെടലോടെയാണേ് അവിടെ സമാധാനം നിലനില്‍ക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനും ഇസ്രഈലും തമ്മില്‍ സമാധാനം നിലനിര്‍ത്താന്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ തന്നെ നിരവധി കോളുകളും ചര്‍ച്ചകളും നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും അതിന്റെതായ അംഗീകാരം ലഭിക്കുന്നില്ലെന്നും അത് ശരിയാണെന്ന കാര്യം ആളുകള്‍ക്ക് മനസിലാകുമെന്നും മിഡില്‍ ഈസ്റ്റിനെ വീണ്ടും മഹത്തരമാക്കൂവെന്നും ട്രംപ് പറഞ്ഞു.
അമേരിക്കന്‍ കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകുമെന്നും യു.എസ് സൈന്യത്തിന്റെ പൂര്‍ണ ശക്തി ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇസ്രഈലും ഇറാനും തമ്മില്‍ പെട്ടെന്ന് തന്നെ കരാര്‍ ഉണ്ടാക്കണമെന്നും രക്തരൂക്ഷിതമായ സംഘര്‍ഷം അവസാനിപ്പിക്കാനും തങ്ങള്‍ക്ക് കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.
മൂന്ന് ദിവസമായി പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇസ്രഈലില്‍ എട്ട് മരണവും ഇറാനില്‍ 80 മരണവുമുണ്ടായിട്ടുണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ഏകദേശം 300ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Content Highlight: Trump claims Israel and Iran should be ready for talks just as he brought India and Pakistan to an agreement