വാഷിങ്ടണ്‍: വെനസ്വേലയില്‍ രഹസ്യമായ ആക്രമണങ്ങള്‍ക്ക് സി.ഐ.എ(സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി)ക്ക് അനുമതി നല്‍കിയതായി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലയിലെ മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുകയെന്ന് ട്രംപ് പറഞ്ഞു. ബുധനാഴ്ച ഓവല്‍ ഓഫീസില്‍ എഫ്.ബി.ഐ ഡയറക്ടര്‍ കാഷ് പട്ടേലിനൊപ്പമാണ് മാധ്യമങ്ങളെ കാണുകയായിരുന്നു ട്രംപ്.
വെനസ്വേല സ്വന്തം നാട്ടിലെ കുറ്റവാളികളെ യു.എസിലേക്ക് മാറ്റുകയാണെന്ന് ആരോപിച്ച ട്രംപ്, വെനസ്വേലന്‍ സംഘങ്ങള്‍ യു.എസിലേക്ക് കടലിലൂടെ മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും അത് കരയില്‍ വെച്ച് തടയാനാണ് തന്റെ ശ്രമങ്ങളെന്നും സി.ഐ.എ നടപടിയെ പിന്തുണച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
സി.ഐ.എ ഇടപെടലിന് പരസ്യമായി അനുമതി നല്‍കിയിരിക്കുന്നത് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യു.എസ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമായെന്നാണ് വിലയിരുത്തല്‍. വെനസ്വേലയുടെ യഥാര്‍ത്ഥ സര്‍ക്കാരല്ല മഡുറോയുടെത് എന്ന നിലപാടിലാണ് യു.എസ്. മേഖലയില്‍ യു.എസ് സൈന്യത്തിന്റെ സാന്നിധ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് നിമിഷവും യു.എസ് ആക്രമണം വെനസ്വേല പ്രതീക്ഷിക്കുന്നുമുണ്ട്.
സി.ഐ.എ ഏകപക്ഷീയമായ നടപടിക്ക് തയ്യാറായേക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എസ് സൈന്യവുമായി ചേര്‍ന്നുള്ള ഓപ്പറേഷനും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം, സി.ഐ.എ ഏതുതരത്തിലുള്ള നടപടിക്കാണ് തയ്യാറെടുക്കുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ചൊവ്വാഴ്ച് വെനസ്വേലയുടെ തീരത്തിനടുത്ത് യു.എസ് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മയക്കുമരുന്ന് കടത്താരോപിച്ചായിരുന്നു ബോട്ടിന് നേരെ ആക്രമണമുണ്ടായത്. ഈ കപ്പലിന് ഭീകരവാദ ബന്ധങ്ങളുണ്ടെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചതായി ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലില്‍ കുറിച്ചിരുന്നു.
വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ യു.എസ് എട്ട് യുദ്ധക്കപ്പലുകള്‍, ഒരു ആണവ അന്തര്‍വാഹിനി, നിരവധി യുദ്ധവിമാനങ്ങള്‍ എന്നിവ കരീബിയന്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളെ നേരിടാനുള്ള സായുധ പോരാട്ടത്തിനാണ് സൈനിക വിന്യാസമെന്നാണ് യു.എസിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ ദിവസങ്ങളിലായി കരീബിയന്‍ കടലില്‍ വെച്ച് ബോട്ടുകള്‍ക്ക് നേരെ അഞ്ചോളം തവണ യു.എസ് സേന ആക്രമണം നടത്തിയിരുന്നു. മയക്കുമരുന്ന് കടത്തുന്നവരെന്ന് ആരോപിച്ചുള്ള യു.എസ് സൈനിക ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ട്രംപിന്റെ നടപടിക്ക് എതിരെ രംഗത്തെത്തിയിരുന്നു.
നിയമവിരുദ്ധമായി വധശിക്ഷകള്‍ നടപ്പാക്കുകയാണ് യു.എസ് എന്ന് യു.എന്‍ വിദഗ്ധര്‍ വിമര്‍ശിച്ചു. അതേസമയം, കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. കരയിലേക്ക് ശ്രദ്ധ ചെലുത്തുകയാണെന്നും വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വെനസ്വേലയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാണ് ട്രംപിന്റെ ആരോപിച്ച് രാജ്യത്തെ ഭരണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുകയാണ് ട്രംപെന്നും അദ്ദേഹം വിമര്‍ശിച്ചു.
എണ്ണകൊണ്ട് സമ്പന്നമായ വെനസ്വേലയുടെ ധാതുക്കള്‍ കൊള്ളയടിക്കാനുള്ള ട്രംപിന്റെ പദ്ധതിയാണിതെന്ന് വെനസ്വേലന്‍ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ വിമര്‍ശിച്ചു.
Content Highlight: Trump authorizes CIA to conduct secret operations in Venezuela