വാഷിങ്ടണ്‍: ഇറാനെതിരെ അഞ്ച് ദിവസത്തേക്കുള്ള താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നുവെന്നും ഇറാനിലെ ഇന്ധന കേന്ദ്രങ്ങളിലേക്ക് അഞ്ച് ദിവസത്തേക്ക് ആക്രണമുണ്ടാകില്ലെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ശാശ്വതമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചു.
‘കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പശ്ചിമേഷ്യയിലെ ശത്രുതയ്ക്ക് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ പരിഹാരം കണ്ടെത്തുന്നതിനായി യു.എസും ഇറാനും ക്രിയാത്മകമായ സംഭാഷണങ്ങള്‍ നടത്തി.
അതിന്റെ അടിസ്ഥാനത്തില്‍ ഇറാന്റെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ എല്ലാ യു.എസ് ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് വൈകിപ്പിക്കാന്‍ തീരുമാനിച്ചു’ ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത് ഭയന്നുള്ള പിന്മാറ്റമാണെന്ന് ഇറാന്‍ വിശേഷിപ്പിച്ചു. ഇറാന്റെ പ്രത്യാക്രമണം ഭയന്ന് ട്രംപ് ആക്രമണത്തില്‍ നിന്നും ഹോര്‍മുസ് തുറക്കാനുള്ള 48 മണിക്കൂര്‍ അന്ത്യശാസനത്തില്‍ നിന്നും പിന്മാറിയെന്ന് ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റായ ഐ.ആര്‍.ഐ.ബി പ്രസ്താവനയിലൂടെ പ്രതികരിച്ചു.