വാഷിങ്ടണ്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിന് 50% താരിഫ് ചുമത്തി ട്രംപിന്റെ പ്രതികാര നടപടി. ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോക്കെതിരെ ബ്രസീല്‍ ഭരണകൂടം നടത്തുന്ന നിയമനടപടികള്‍ അന്യായമാണെന്നും അത് വേട്ടയാടലിന് തുല്യമാണെന്നും പറഞ്ഞ ട്രംപ് ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ തീരുവ പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ ഭരണകൂടത്തിന്റെ ഗുരുതരമായ അനീതികള്‍ തിരുത്തുന്നതിന് 50% താരിഫ് അനിവാര്യമാണെന്ന് ബ്രസീല്‍ പ്രസിഡന്റിന് അയച്ച കത്തില്‍ ട്രംപ് പറഞ്ഞു. ജെയര്‍ ബോള്‍സൊനാരോയുടെ വിചാരണയ്ക്ക് പുറമെ യു.എസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ബ്രസീല്‍ നിയമവിരുദ്ധവുമായ സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.
അമേരിക്കന്‍ കമ്പനികളുടെ ഡിജിറ്റല്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം ബ്രസീലിനെതിരെ ഒരു വ്യാപാര അന്വേഷണം നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
‘അമേരിക്കന്‍ കമ്പനികളുടെ ഡിജിറ്റല്‍ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബ്രസീല്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളും മറ്റ് അന്യായമായ വ്യാപാര രീതികളും കാരണം ബ്രസീലിനെതിരെ ഒരു സെക്ഷന്‍ 301 അന്വേഷണം ഉടന്‍ നടത്താന്‍ ഞാന്‍ യു.എസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീറിനോട് നിര്‍ദേശിക്കുന്നു,’ ട്രംപിന്റെ കത്തില്‍ പറയുന്നു.
ബ്രസീല്‍ അമേരിക്കയ്ക്ക് മുമ്പില്‍ അടച്ചിട്ട വിപണികള്‍ തുറക്കാന്‍ തീരുമാനിക്കുകയും താരിഫ് നയങ്ങളില്‍ മാറ്റം വരുത്താനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ താരിഫുകള്‍ പരിഷ്‌കരിക്കാമെന്നും ട്രംപ് പറഞ്ഞു.
ബ്രസീലിന് 50 ശതമാനം തീരുവ ചുമത്തുന്നതിന് പുറമെ മറ്റ് നിരവധി രാജ്യങ്ങള്‍ക്കുള്ള താരിഫും ട്രംപ് പുനക്രമീകരിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സ്, ബ്രൂണൈ, മോള്‍ഡോവ, അള്‍ജീരിയ, ലിബിയ, ഇറാഖ്, ശ്രീലങ്ക എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. 20 മുതല്‍ 30 ശതമാനം വരെയാണ് ഈ രാജ്യങ്ങള്‍ക്കുള്ള താരിഫ്. ഇവയും 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം ട്രംപിന്റെ താരിഫ് ഭീഷണിക്ക് വഴങ്ങില്ല എന്ന് നേരത്തെ തന്നെ ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ അറിയിച്ചിരുന്നു. ജെയര്‍ ബോള്‍സൊനാരോക്കെതിരായ നിയമനടപടി ബ്രസീലിയന്‍ ജുഡീഷ്യറിയുടെ അധികാരപരിധിയിലാണെന്നും അതിനാല്‍ ദേശീയ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു തരത്തിലുള്ള ഇടപെടലിനോ ഭീഷണിക്കോ വിധേയമാകില്ലെന്നുമാണ് ലുല ഡി സില്‍വ അറിയിച്ചത്.
ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10% താരിഫ് ചുമത്തുമെന്ന് ട്രംപിന്റെ പ്രഖ്യാപനത്തേയും അദ്ദേഹം പരിഹസിച്ചു. ലോകം ഒരുപാട് മാറിയെന്നും ഇപ്പോള്‍ ചക്രവര്‍ത്തിമാരെ ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.