വാഷിങ്ടൺ: കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം നികുതി ഈടാക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയ്ക്കും മെക്സിക്കോയ്ക്കുമുള്ള താരിഫുകൾ 30 ദിവസത്തേക്ക് താത്ക്കാലികമായി നിർത്തിവച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി ടെലഫോൺിൽ സംസാരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.
അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ട്രൂഡോയും അറിയിച്ചു. ചൊവ്വാഴ്ച (4/02/25) മുതൽ അയൽ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം നികുതി ചുമത്തുമെന്നാണ് നേരത്തെ ട്രംപ് അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം അടുത്ത ഒരു മാസത്തേക്കാണ് ട്രംപ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്.
ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും പത്ത് ശതമാനവും മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനവും നികുതി ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരുന്നത്. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവക്ക് പത്ത് ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു.
കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ വഴിയാണ് അമേരിക്കയിലേക്ക് ലഹരിക്കടത്ത് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നീക്കം.
155 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന അമേരിക്കൻ ചരക്കുകൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെ കാനഡയും തിരിച്ചടിച്ചിരുന്നു. 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ചരക്കുകൾക്ക് ഉടനടി നികുതി ഏർപ്പെടുത്തും. 125 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന ചരക്കുകൾക്ക് 21 ദിവസത്തിനകം നികുതി ചുമത്തുമെന്നുമായിരുന്നു ജസ്റ്റിൻ ട്രൂഡോയുടെ പ്രതികരണം.
ട്രംപിന്റെ തീരുമാനം വർഷങ്ങൾക്ക് മുമ്പുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ലംഘിക്കുന്നതാണെന്നും ട്രൂഡോ ചൂണ്ടിക്കാട്ടിയിരുന്നു.
നികുതി ചുമത്തുന്നത് അമേരിക്കൻ ജനതയ്ക്കുള്ളിലാണ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്നതെന്നും 21 ദിവസത്തിനുള്ളിൽ 125 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് തങ്ങൾ നികുതി ചുമത്തുമെന്നും ട്രൂഡോ അറിയിച്ചിരുന്നു.
പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മെക്‌സിക്കൻ പ്രസിഡന്റുമായി ഉടൻ സംസാരിക്കുമെന്നും ട്രൂഡോ പ്രതികരിച്ചിരുന്നു. ശേഷം ട്രംപ് മെക്സിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യൻ പിന്നാലെയാണ് ട്രംപ് ട്രൂഡോയുമായി ചർച്ച നടത്തിയത്.
Content Highlight: Trump agrees to pause tariffs on Canada and Mexico after they pledge to boost border enforcement