വാഷിങ്ടൺ: റഷ്യ-ഉക്രൈൻ യുദ്ധം പരിഹരിക്കുന്നത് താൻ പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടാണെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടാതെ ഉക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിലും സമാധാനം കൈവരിക്കുന്നതിലും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. അതേസമയം ഉക്രൈന് കൂടുതൽ ആയുധങ്ങൾ അയക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
‘പുടിന്റെ കാര്യത്തിൽ ഞാൻ സന്തുഷ്ടനല്ല. പുടിൻ വളരെ സൗമ്യനായി പെരുമാറുന്നു, പക്ഷേ അതിൽ അർത്ഥമൊന്നുമില്ല. റഷ്യൻ, ഉക്രൈനിയൻ സൈനികരിൽ ധാരാളം പേരെ അദ്ദേഹം കൊന്നുകളഞ്ഞു. ഓരോ ആഴ്ചയും 7,000 പേർ വരെ സംഘർഷത്തിൽ കൊല്ലപ്പെടുന്നു,’ ട്രംപ് പറഞ്ഞു. ജനുവരിയിൽ അധികാരമേറ്റതിനുശേഷം, റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷം 24 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ തന്റെ ധാരണ തെറ്റായിരുന്നെന്ന് ട്രംപ് സമ്മതിച്ചു.
ഉക്രൈൻ-റഷ്യ വിഷയത്തിലെ പുതിയ നടപടി എന്തായിരിക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് അത് നിങ്ങളോട് പറയുന്നില്ലെന്നും ഒരു സർപ്രൈസ് ആയിരിക്കട്ടെയെന്നുമായിരുന്നു ട്രംപിന്റെ മറുപടി. അപ്രതീക്ഷിതമായി ഇറാന്റെ ആണവകേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങളെ ഉദാഹരണമായി കാണിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.
ഉക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ കഠിനമാണെന്ന് പറഞ്ഞ ട്രംപ് ഉക്രൈന് അമേരിക്ക ഏറ്റവും മികച്ച ആയുധങ്ങൾ നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അമേരിക്ക ആയുധങ്ങൾ എത്തിച്ചില്ലായിരുന്നെങ്കിൽ റഷ്യ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഉക്രൈനെ പരാജയപ്പെടുത്തുമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ അമേരിക്ക ഉക്രൈന് വേണ്ടതിലും കൂടുതൽ ആയുധങ്ങൾ നൽകിയെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം കീവിലെക്കുള്ള ആയുധ വിതരണം താത്ക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ, ഉക്രൈനിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്ക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞയാഴ്ച പെന്റഗൺ ഉക്രൈന് ആയുധങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
‘നമ്മൾ അത് ചെയ്യണം. അവർക്ക് സ്വയം പ്രതിരോധിക്കാൻ കഴിയണം. അവർ ഇപ്പോൾ വളരെ ശക്തമായി ആക്രമിക്കപ്പെടുന്നു. ഞങ്ങൾ കൂടുതൽ ആയുധങ്ങൾ അയയ്ക്കാൻ പോകുന്നു. പ്രധാനമായും പ്രതിരോധ ആയുധങ്ങൾ,’ ട്രംപ് പറഞ്ഞു.
ഉക്രൈനിലേക്കുള്ള ആയുധ വിതരണം താത്ക്കാലികമായി നിർത്തിവെക്കുമെന്ന അമേരിക്കൻ പ്രഖ്യാപനത്തെ റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് സ്വാഗതം ചെയ്തിരുന്നു. ഇത് സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Trump admits Ukraine conflict difficult to tackle