വാഷിങ്ടൺ: തീരുവക്ക് പിന്നാലെ യാത്ര നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി ട്രംപ്. പുതിയ നിരോധനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്.
സുരക്ഷ മുൻനിർത്തി 41 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താനാണ് ഒരുങ്ങുന്നത്. 41 രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് അവിടുത്തെ പൗരന്മാര്‍ക്ക് വിസ വിലക്ക് ഉൾപ്പടെ ഏർപ്പെടുത്താനാണ് തീരുമാനം.
അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാന്‍, ലിബിയ, വടക്കന്‍ കൊറിയ, സൊമാലിയ, സുഡാന്‍,സിറിയ, വെനസ്വേല, യെമന്‍ എന്നിവയുൾപ്പെടുന്ന 10 രാജ്യങ്ങളാണ് ആദ്യ ഗ്രൂപ്പിൽ ഉണ്ടാവുക. ഈ രാജ്യങ്ങളുടെ വിസ പൂർണമായും റദ്ദാക്കും.
രണ്ടാമത്തെ ഗ്രൂപ്പിൽ, എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണ് ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളുടെ വിസ ഭാഗീഗമായി റദ്ദാക്കുന്നതായിരിക്കും. ഈ രാജ്യങ്ങൾക്ക് ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകൾ മറ്റ് കുടിയേറ്റ വിസകൾ എന്നിവ നൽകുന്നതിൽ തടസമുണ്ടായിരിക്കും. 26 രാജ്യങ്ങൾ ആണ് മൂന്നാമത്തെ പട്ടികയിൽ ഉൾപ്പെടുന്നത്. ബെലാറസ്, പാകിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഈ 26 രാജ്യങ്ങൾ 60 ദിവസത്തിനുള്ളിൽ യു.എസ് പറയുന്ന പോരായ്മകൾ പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ യു.എസ് വിസ നൽകുന്നത് ഭാഗികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കുമെന്ന് ഭരണകൂടം പറഞ്ഞു.
പട്ടികയിൽ മാറ്റങ്ങൾ ഉണ്ടാകാമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള ഭരണകൂടം ഇതുവരെ ഈ പട്ടിക അംഗീകരിച്ചിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്യങ്ങളുടെ പട്ടിക ആദ്യം റിപ്പോർട്ട് ചെയ്തത് ന്യൂയോർക്ക് ടൈംസാണ്.
ഡൊണാൾഡ് ട്രംപിന്റെ ആദ്യ ടേമിൽ ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ട്രംപ് വിലക്കേർപ്പെടുത്തിയിരുന്നു. 2018ൽ സുപ്രീം കോടതി ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. 2021ൽ പ്രസിഡന്‍റ് ജോ ബൈഡനാണ് വിലക്ക് പിൻവലിച്ചത്.