ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്
international
ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th August 2020, 7:43 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തി.

വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ വിവരം അറിയിക്കുകയും അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

വൈറ്റ് ഹൗസിന് സമീപത്തുള്ള പെന്‍സില്‍വാനിയയിലെ 17ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. ആരെയോ വെടിവെക്കാന്‍ ശ്രമിക്കുന്നതിനിടെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരിലൊരാള്‍ അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായരുന്നെന്നാണ് റിപ്പോര്‍ട്ട്.

പത്ത് മിനുട്ടിന് ശേഷം വാര്‍ത്താസമ്മേളനം നടത്താന്‍ തിരിച്ചെത്തിയ ട്രംപ് പുറത്ത് വെടിവെയ്പ് നടന്നതായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പരിക്കേറ്റ അക്രമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ട്രംപ് വിശദമാക്കി.

യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥന്‍ കൂടി ഉള്‍പ്പെട്ട വെടിവെയ്പില്‍ അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് യുഎസ് സീക്രട്ട് സര്‍വീസ് ഒഫീഷ്യല്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തു.

മുന്‍കരുതലിന്റെ ഭാഗമായാണ് പ്രസിഡന്റിന്റെ വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ചത്. കുറച്ച് സമയത്തിന് ശേഷം വാര്‍ത്താസമ്മേളനം പുനരാരംഭിച്ച ട്രംപ് സീക്രട്ട് സര്‍വീസിനെ അഭിനന്ദിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Shooting outside at white house during the press conference of Donald Trump