ന്യൂദല്‍ഹി: ഫോണ്‍ ഡയറക്ടറി ആപ്ലിക്കേഷനായ ട്രൂകോളര്‍ പുതിയ ആപ്പ് പുറത്തിറക്കി. ട്രൂഡയലര്‍ എന്നാണ് ആപ്പിന്റെ പേര്. ഔട്ട്‌ഗോയിങ് കോള്‍ കണക്ട് ചെയ്യപ്പെടുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് ആ വ്യക്തിയുടെ വിവരങ്ങള്‍ വാഗ്ദാനം ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഉപഭോക്താക്കള്‍ ഡയല്‍ ചെയ്യാന്‍ ശ്രമിക്കുന്ന കോണ്‍ടാക്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എത്രയും പെട്ടെന്ന് ട്രൂഡയലര്‍ ലഭ്യമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഫോണ്‍ ബുക്കിലില്ലാത്ത ഒരു വ്യക്തിയുടെ നമ്പറാണ് ഉപയോക്താവ് ഡയല്‍ ചെയ്യുന്നത് എങ്കില്‍ അവര്‍ക്ക് ആ നമ്പറിന്റെ ഉടമസ്ഥന്റെ പേരും പ്രൊഫൈല്‍ ഫോട്ടോയും ഈ ആപ്പ് വഴി ഡയല്‍ ചെയ്ത ഉടന്‍ ലഭിക്കും.
ട്രൂകോളര്‍ ടെക്‌നോളജിയുമായി ചേര്‍ന്നാണ് ട്രൂഡയലര്‍ ടെക്‌നോളജിയും പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി പറയുന്നു. എന്നാല്‍ ഈ രണ്ട് ആപ്പുകളും കൂടി സംയോജിച്ച് ഉപയോക്താവിന് ലഭ്യമാക്കാന്‍ കമ്പനിക്ക് നിലവില്‍ പദ്ധതിയില്ല.
ആഗോളതലത്തില്‍ 85മില്യണ്‍ ഉപഭോക്താക്കളാണ് ട്രൂകോളറിനുള്ളത്. ഫോണില്‍ നമ്പര്‍ സേവ് ചെയ്യാത്ത നമ്പര്‍ ആയാല്‍ കൂടി ഫോണിലേക്ക് വിളിക്കുന്നവരുടെ വിവരങ്ങള്‍ നല്‍കുന്നതാണ് ട്രൂകോളര്‍ ടെക്‌നോളജി. ദിവസേന 200000 ഓളം പുതിയ ഉപഭോക്താക്കളാണ് ഈ ആപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ പകുതിയും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യയില്‍ മാത്രമായി 40 മില്യണ്‍ ഉപഭോക്താക്കളാണ് ഈ ആപ്പിനുള്ളത്.
