ദേശീയ പാർട്ടി പ്രഖ്യാപനം, പിന്നാലെ കൊഴിഞ്ഞുപോക്ക്; ടി.ആർ.എസ് നേതാവ് ബി.ജെ.പിയിൽ
national news
ദേശീയ പാർട്ടി പ്രഖ്യാപനം, പിന്നാലെ കൊഴിഞ്ഞുപോക്ക്; ടി.ആർ.എസ് നേതാവ് ബി.ജെ.പിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th October 2022, 10:43 am

വാറംഗൽ: ഭാരതീയ രാഷ്ട്ര സമിതി എന്ന ദേശീയ പാർട്ടി രൂപീകരിച്ചതിന് പിന്നാലെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) നേതാവ് ബി.ജെ.പിയിൽ ചേർന്നു. പാർക്കൽ നിയമസഭ മണ്ഡലത്തിലെ മുൻ എം.എൽ.എയായ മോലുഗുരി ബികാഷ്പതിയാണ് ബി.ജെ.പിയിൽ ചേർന്നത്.

ടി.ആർ.എസിന്റെ രൂപീകരണം മുതൽ പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് ബികാഷ്പതി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനിരിക്കെ നേതാവിന്റെ കൂറുമാറ്റം ടി.ആർ.എസിന് തിരിച്ചടിയാണ്.

നേരത്തെ ഭോജാപ്പല്ലി രാജാ യാദവ്, ഇറബെല്ലി ​പ്രദീപ് റാവു എന്നിവരും ടി.ആർ.എസ് വിട്ടിരുന്നു. വാറം​ഗലിൽ നിന്നുള്ളവരാണ് ഇവർ.

2024ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ കൂടുതൽ കാര്യക്ഷമമായി നേരിടാനാണ് കെ. ചന്ദ്രശേഖർ റാവു പുതിയ ദേശീയ പാർട്ടി പ്രഖ്യാപിച്ചത്. ഇത് ബി.ജെ.പിക്കും കോൺഗ്രസിനും ബദലാകുമെന്നാണ് കെ.സി.ആറിന്റെ കണക്കുകൂട്ടൽ. ചിഹ്നമായി കാറും പിങ്ക് നിറവുമാണ് തീരുമാനിച്ചിരിക്കുന്നത്.

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പാർട്ടിയുടെ തീരുമാനം. പാർട്ടി അംഗങ്ങൾ കൂടിയാലോചിച്ചാണ് തീരുമാനമെന്നും രാജ്യ വ്യാപകമായി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും കെ.സി.ആർ കൂട്ടിച്ചേർത്തിരുന്നു.

ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ദൽഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Content Highlight: TRS leader joins bjp after declaring national party by kcr