നസീം ഷാക്ക് ജലദോഷമായിരുന്നു, ബാബര്‍ അസമിന്റെ മാറുപിളര്‍ന്ന് ചോര കുടിച്ചു ക്രോളിയും ഡക്കറ്റും; ഇംഗ്ലണ്ട് തല്ലി പതം വരുത്തിയ പാകിസ്ഥാനെ തേച്ചൊട്ടിച്ച് ട്രോളന്‍മാര്‍
Sports News
നസീം ഷാക്ക് ജലദോഷമായിരുന്നു, ബാബര്‍ അസമിന്റെ മാറുപിളര്‍ന്ന് ചോര കുടിച്ചു ക്രോളിയും ഡക്കറ്റും; ഇംഗ്ലണ്ട് തല്ലി പതം വരുത്തിയ പാകിസ്ഥാനെ തേച്ചൊട്ടിച്ച് ട്രോളന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd December 2022, 8:05 am

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരെ പഞ്ഞിക്കിട്ട് സന്ദര്‍ശകര്‍. റാവല്‍പിണ്ടി ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ പാകിസ്ഥാന്‍ ബൗളര്‍മാരെ തല്ലി പതം വരുത്തിയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചത്.

ടെസ്റ്റിന്റെ ആദ്യ ദിവസത്തില്‍ തന്നെ 500 റണ്‍സ് മാര്‍ജിന്‍ പിന്നിട്ടുകൊണ്ടായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു ഒരു ടീം ആദ്യ ദിവസം തന്നെ 500 റണ്‍സ് പിന്നിടുന്നത്.

കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ബാറ്റര്‍മാരെല്ലാം തന്നെ ആഞ്ഞടിച്ചപ്പോള്‍ പേരുകേട്ട പാകിസ്ഥാന്‍ ബൗളിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ജോ റൂട്ട് മാത്രമായിരുന്നു പാക് ബൗളേഴ്‌സിനോട് അല്‍പമെങ്കിലും ‘മാന്യത’ കാട്ടിയത്. 31 പന്തില്‍ നിന്നും 23 റണ്‍സായിരുന്നു റൂട്ട് നേടിയത്.

ഇംഗ്ലണ്ട് നിരയില്‍ മറ്റ് താരങ്ങളെല്ലാം തന്നെ നൂറടിച്ചിരുന്നു. ട്രോളന്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ വന്നവനും നിന്നവനും പോയവനുമെല്ലാം സെഞ്ച്വറി നേടിയിരുന്നു.

ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റുമായിരുന്നു വെടിക്കെട്ടിന് തിരികൊളുത്തിയത്. 111 പന്തില്‍ നിന്നും 122 റണ്‍സുമായി ക്രോളിയും 110 പന്തില്‍ നിന്നും 107 റണ്‍സുമായി ഡക്കറ്റും കരുത്ത് കാട്ടി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ടീം സ്‌കോര്‍ 100 റണ്‍സ് മറികടന്ന മത്സരം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശിനെ മറികടന്നുകൊണ്ടായിരുന്നു ഇംഗ്ലണ്ട് ഈ റെക്കോഡും സ്വന്തമാക്കിയത്.

233 റണ്‍സായിരുന്നു ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 35.4 ഓവറില്‍ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്രോളിയും കൂടാരം കയറി.

മൂന്നാമനായി ഇറങ്ങിയ ഒല്ലി പോപ്പും ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയപ്പോള്‍ റൂട്ടിന് മാത്രമാണ് കാലിടറിയത്. റൂട്ടിന് പിന്നാലെയെത്തിയ ഹാരി ബ്രൂക്കും നൂറടിച്ചപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ പറപറന്നു.

പോപ്പ് 104 പന്തില്‍ നിന്നും 108 റണ്‍സ് നേടി പുറത്തായപ്പോള്‍ 81 പന്തില്‍ നിന്നും പൂറത്താകാതെ 101 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്.

ബ്രൂക്കിനാപ്പം 15 പന്തില്‍ നിന്നും പുറത്താകാതെ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇംഗ്ലണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്.

ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഫോര്‍മാറ്റ് മറന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ 75 ഓവറില്‍ 506 റണ്‍സാണ് ആദ്യ ദിനം സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.

പാക് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും അടിവാങ്ങിക്കൂട്ടിയിരുന്നു. നസീം ഷാ 15 ഓവറില്‍ 96 റണ്‍സ് വഴങ്ങിയപ്പോള്‍ മുഹമ്മദ് അലി 17 ഓവറില്‍ 96 റണ്‍സ് വഴങ്ങി. ഹാരിസ് റൗഫ്, സാഹിദ് മഹ്‌മൂദ്, ആഘാ സല്‍മാന്‍, സൗദ് ഷക്കീല്‍ എന്നിവരെല്ലാം തന്നെ എക്കോണമി റേറ്റ് ആറിന് മുകളിലാണ് പന്തെറിഞ്ഞത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പാക് ബൗളര്‍മാര്‍ക്ക് ട്രോളുകളുടെ ബഹളമായിരുന്നു. ഇംഗ്ലണ്ട് ബാറ്റര്‍മാരെ പൊക്കിയടിച്ചും പാക് ബൗളര്‍മാരെ കളിയാക്കിയും ട്രോളുകള്‍ ഉയരുന്നുണ്ട്.

 

രണ്ടാം ദിനത്തിലും ഇംഗ്ലണ്ട് ഇതേ ഡോമിനേഷന്‍ തുടരുകയാണെങ്കില്‍ പിണ്ടി ടെസ്റ്റില്‍ പാകിസ്ഥാന്റെ അടിത്തറയിളകുമെന്നുറപ്പാണ്.

Content Highlight: Trolls against Pakistan team after day one of England vs Pakistan test series