കമല്‍ ഹാസനെപ്പോലെ കരഞ്ഞ് കണ്‍വിന്‍സ് ചെയ്തിരുന്നെങ്കില്‍ ഇത്രയും പാട് പെടണമായിരുന്നോ, വൈറലായി ദൃശ്യം- പാപനാശം കമ്പാരിസണ്‍
Indian Cinema
കമല്‍ ഹാസനെപ്പോലെ കരഞ്ഞ് കണ്‍വിന്‍സ് ചെയ്തിരുന്നെങ്കില്‍ ഇത്രയും പാട് പെടണമായിരുന്നോ, വൈറലായി ദൃശ്യം- പാപനാശം കമ്പാരിസണ്‍
അമര്‍നാഥ് എം.
Friday, 29th May 2026, 5:59 pm

മലയാളത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള ഫ്രാഞ്ചൈസിയാണ് ദൃശ്യം. മോളിവുഡില്‍ ആദ്യമായി 50 കോടി കളക്ഷന്‍ എന്ന മാന്ത്രിക സംഖ്യ നേടിയ ദൃശ്യം ഇന്‍ഡസ്ട്രിയിലെ നാഴികക്കല്ലായി മാറി. എട്ട് വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗവും പിന്നീട് അഞ്ച് വര്‍ഷത്തിനിപ്പുറം മൂന്നാം ഭാഗവും പ്രേക്ഷകരിലേക്കെത്തി. മൂന്ന് ഭാഗങ്ങളും വന്‍ വിജയമായി മാറുകയും ചെയ്തു.

ദൃശ്യം.Photo:wikipedia

എല്ലാമവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നാണ് സംവിധായകന്‍ രണ്ടാം ഭാഗത്തിന് മരുന്നുകൂട്ടിയത്. ചെയ്ത കുറ്റത്തിന് ജീവിതാവസാനം വരെ കുറ്റബോധവുമായി കഴിയേണ്ടി വരുന്ന ജോര്‍ജുകുട്ടിയെയാണ് രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ കാണിക്കുന്നത്. മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഭയവും ക്യാരക്ടര്‍ ഷിഫ്റ്റുമാണ് സംവിധായകന്‍ വരച്ചിട്ടത്. നാലാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ് ദൃശ്യം 3 അവസാനിച്ചത്.

ദൃശ്യം 3 വന്‍ വിജയമായതോടെ ചിത്രത്തിന്റെ മറ്റ് റീമേക്കുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. കമല്‍ ഹാസന്‍ നായകനായ തമിഴ് വേര്‍ഷന്‍ പാപനാശത്തെക്കുറിച്ചാണ് പുതിയ ചര്‍ച്ച. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. മലയാളത്തിലും ഹിന്ദിയിലും മൂന്നാം ഭാഗവും ഒരുങ്ങിക്കഴിഞ്ഞു. അപ്പോഴും തമിഴ് വേര്‍ഷനില്‍ ആകെ ഒരു ഭാഗമേ പുറത്തുവന്നുള്ളൂ.

പാപനാശത്തിന്റ ക്ലൈമാക്‌സില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ച സ്വയംഭൂലിംഗ നാടാര്‍ വരുണിന്റെ മാതാപിതാക്കളോട് സംസാരിക്കുന്ന രംഗവുമായി ബന്ധപ്പെടുത്തിയിട്ടാണ് ട്രോള്‍. കരഞ്ഞ് മെഴുകി കണ്‍വിന്‍സ് ചെയ്ത് അവരെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതുകൊണ്ട് പാപനാശത്തിന് സീക്വലുകള്‍ എടുക്കേണ്ടി വന്നിട്ടില്ലെന്ന് ട്രോളില്‍ പറയുന്നു.

എന്നാല്‍ ട്രോളിനെക്കാള്‍ രസകരമായ കമന്റുകളാണ് വായനക്കാരെ ചിരിപ്പിക്കുന്നത്. കേബിള്‍ ടി.വി ബിസിനസെല്ലാം അവസാനിപ്പിച്ചിട്ട് സ്വയംഭൂലിംഗം ഡ്രഗ് ഫ്രാ സൊസൈറ്റി ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചതുകൊണ്ടാണ് സീക്വലുകളൊന്നും വരാത്തതെന്ന് ചില ഐ.ഡികള്‍ കമന്റ് പങ്കുവെച്ചിട്ടുണ്ട്. കമല്‍ ഹാസനാണ് റിയല്‍ കണ്‍വിന്‍സിങ് സ്റ്റാര്‍ എന്നും കമന്റുകളുണ്ട്.

താന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ലെന്ന് കരുതുന്ന ജോര്‍ജുകുട്ടിയും ഒരു ജീവനെടുത്തതിന്റെ കുറ്റബോധം ഉള്ളില്‍ കൊണ്ടു നടക്കുന്ന സ്വയംഭൂലിംഗവും വ്യത്യസ്ത ആളുകളാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം ദൃശ്യത്തിന്റെ മലയാളം- ഹിന്ദി വേര്‍ഷനുകള്‍ തമ്മിലുള്ള താരതമ്യമായിരുന്നു വൈറല്‍. മോഹന്‍ലാലിനെക്കാള്‍ അജയ് ദേവ്ഗണിന്റെ വേര്‍ഷനാണ് മികച്ചതെന്ന് അഭിപ്രായപ്പെട്ട ഹിന്ദി സിനിമാപേജുകള്‍ക്ക് മലയാളികള്‍ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.

Content Highlight: Trolls about Papanasam movie viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം