ഈ കേസില്‍ നിങ്ങള്‍ പെടുമെന്ന് നിഖില വിമല്‍; പെട്ടുവെന്ന് സിനിമ കണ്ടിറങ്ങിയവര്‍
Malayalam Cinema
ഈ കേസില്‍ നിങ്ങള്‍ പെടുമെന്ന് നിഖില വിമല്‍; പെട്ടുവെന്ന് സിനിമ കണ്ടിറങ്ങിയവര്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 12th January 2026, 12:06 pm

മലയാള സിനിമയില്‍ അധികം കണ്ടുപരിചയിച്ചിട്ടില്ലത്ത കഥാപശ്ചാത്തലവുമായാണ് നിഖില വിമല്‍ നായികയായ പെണ്ണ്‌കേസ് തിയേറ്ററുകളിലേക്കെത്തിയത്. കേരളം മുഴുവന്‍ ഓടിനടന്ന് ജാതിമത വ്യത്യാസമില്ലാതെ വിവാഹതട്ടിപ്പ് നടത്തുന്ന നിഖിലയുടെ കഥാപാത്രവും, കേസന്വേഷിക്കുന്ന കൃഷിക്കാരായ പൊലീസും, തട്ടിപ്പിലകപ്പെട്ട വരന്മാരും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന് പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ അഭിപ്രായം.

പെണ്ണ്‌കേസ്. Photo: Theatrical poster

ചിത്രത്തിന് സമ്മിശ്ര അഭിപ്രായം വന്നതിന് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റിലീസിന് മുമ്പ് നിഖില വിമല്‍ ഫേസ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ പോസറ്റര്‍ പങ്കുവെച്ച് ‘ഈ കേസില്‍ നിങ്ങള്‍ പെടും എന്ന അടിക്കുറിപ്പോടെയാണ് നിഖില ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചത്.

മാസങ്ങള്‍ക്ക് മുമ്പുള്ള ഈ പോസ്റ്റ് തെരഞ്ഞുപിടിച്ച് ട്രോളാക്കിയിരിക്കുകയാണ് ചിത്രം കണ്ടിറങ്ങിയവര്‍. ചിത്രത്തില്‍ അഭിനയിച്ച നായിക തന്നെ അത്രയും വലിയ സൂചന തന്നിട്ടും അപകടം ഒഴിവാക്കാന്‍ സാധിച്ചില്ലെന്ന അടിക്കുറിപ്പോടെയാണ് പലരും പോസ്റ്റ് കുത്തിപ്പൊക്കിയത്.

ഫേസ്ബുക്കില്‍ പോസ്റ്റിന് താഴെ രേഖപ്പെടുത്തുന്ന കമന്റുകളാണ് ഇപ്പോള്‍ ചിരിയുണര്‍ത്തുന്നത്. പെടും എന്ന് പറഞ്ഞിട്ടും പോയി പെട്ട പ്രേക്ഷകരെ നമിക്കുന്നു, പെടുത്തും എന്ന് പറഞ്ഞാല്‍ പോരെ പെടും എന്ന് പറയണോ എന്നുമാണ് പലരുടെയും കമന്റുകള്‍.

നിഖില വിമല്‍. Photo: Pennu Case movie

കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി വിവാഹതട്ടിപ്പ് നടത്തിയ സ്ത്രീയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ തട്ടിപ്പിനിരയായ വരന്മാരായാണ് അജു വര്‍ഗീസ്, രമേശ് പിഷാരടി, ഇര്‍ഷാദ് തുടങ്ങിയവര്‍ വേഷമിട്ടിരിക്കുന്നത്. ഭൂരിഭാഗവും പൊലീസ് സ്റ്റേഷന്‍ പരിസരത്തായി നടക്കുന്ന ചിത്രത്തിലെ തമാശകള്‍ പലതും തിയേറ്ററില്‍ അസഹനീയമാണെന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ അഭിപ്രായം.

നിഖിലയുടെ തട്ടിപ്പുകാരിയായ കഥാപാത്രത്തെ മാത്രം ചുറ്റിതിരിഞ്ഞ് നില്‍ക്കുന്ന ചിത്രം അനാവശ്യമായി രണ്ടു മണിക്കൂറോളം വലിച്ചു നീട്ടിയതാണെന്നും സിനിമയുടെ ഒരു ഘട്ടത്തിലും പ്രേക്ഷകനെ പിടിച്ചിരുത്താനാവുന്നില്ലെന്നുമാണ് ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനം.

Content Highlight: Troll for Nikhila Vimal related to a facebook post related to pennucase movie

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.