ജൂനിയര്‍ ആര്‍ടിസ്റ്റായി ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ തുടക്കം കുറിച്ച അഭിനേതാവാണ് കൈലാഷ്. 2008ല്‍ പുറത്തിറങ്ങിയ പാര്‍ത്ഥന്‍ കണ്ട പരലോകം എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച കൈലാഷിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത് നീലത്താമര എന്ന ചിത്രമാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഹരിദാസ് എന്ന കഥാപാത്രം താരത്തിന് വലിയ ജനപ്രീതി നേടിനല്‍കിയിരുന്നു.

കൈലാഷ്. Photo: Akbar Travels

പിന്നാലെ ശിക്കാര്‍, ബാങ്കിങ് 10.30 am ലോക്കല്‍ കോള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, തുടങ്ങി മലയാളത്തിലെ പല മുന്‍നിര ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. മികച്ച തുടക്കമായിരുന്നു സിനിമയില്‍ ലഭിച്ചതെങ്കിലും നായകനടനെന്ന നിലയില്‍ വിജയം കണ്ടെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ കൈലാഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ നിന്നുമുള്ള ട്രോളുകള്‍ക്ക് പാത്രമാകുന്നത്.

എറണാകുളത്തെ ഒരു കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് തന്റെ ജീവിതത്തിലെ അനുഭവത്തെ കുറിച്ച് കൈലാഷ് സംസാരിച്ചത്. സിനിമയിലേക്ക് അവസരം ചോദിച്ച് നടന്നിരുന്ന കാലത്ത് തന്റെ നാട്ടിലുള്ളവര്‍ സിനിമയ്ക്കായി ശ്രമിക്കേണ്ടതില്ലെന്നും മറ്റുള്ളവര്‍ ചെയ്യുന്ന പോലെ ഗള്‍ഫിലോ മറ്റ് വിദേശ രാജ്യങ്ങളിലോ പോയി ജോലി ചെയ്താല്‍ മതിയെന്നും പറയാറുണ്ടെന്നും കൈലാഷ് പറയുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സിനെ വിവാഹം ചെയ്ത് സെറ്റിലാവുന്നവരാണ് കൂടുതലെന്നും അങ്ങനെ ഞാനും ചെയ്യണമെന്ന് പലരും സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ അത് കേള്‍ക്കാത്ത തന്റെ പേരിലാണ് ഇപ്പോള്‍ ആ നാട് അറിയപ്പെടുന്നതെന്ന് കൈലാഷ് പരിപാടിയില്‍ പറഞ്ഞിരുന്നു.

താരത്തിന്റെ ഈ പ്രസ്താവനയാണ് പലരും ട്രോളാക്കി മാറ്റുന്നത്. വീഡിയോക്ക് താഴെ വരുന്ന കമന്റുകളും ചിരിയുണര്‍ത്തുന്നു. അതേതാണ് കൈലാഷിന്റെ പേരില്‍ അറിയപ്പെടുന്ന നാടെന്നും ആരും പറയുന്നത് കേട്ടിട്ടില്ലല്ലോ എന്നുമാണ് കമന്റുകളില്‍ ഭൂരിഭാഗവും. കൈലാസമാണോ കൈലാഷിന്റെ നാടെന്നും ചിലര്‍ ചോദിക്കുന്നു. താരം പഞ്ചാക്കി പറഞ്ഞതാണെങ്കിലും ആളുകള്‍ അത് ഏറ്റെടുത്ത രീതി മാറിപ്പോയെന്ന് പലരും ഓര്‍മപ്പെടുത്തുന്നുണ്ട്.

Content Highlight: Troll For Malayalam actor Kailash