നടന വിസ്മയമല്ല, നടന്ന വിസ്മയം; ജയറാമിന്റെ പഴയ പാട്ട് കുത്തിപ്പൊക്കി ട്രോളാക്കി സോഷ്യല്‍ മീഡിയ
Malayalam Cinema
നടന വിസ്മയമല്ല, നടന്ന വിസ്മയം; ജയറാമിന്റെ പഴയ പാട്ട് കുത്തിപ്പൊക്കി ട്രോളാക്കി സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 15th April 2026, 8:19 am

കേരളത്തിലെ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളുടെ ലിസ്റ്റെടുത്താല്‍ അതിലെന്നും ടോപ് 5 ലിസ്റ്റില്‍ ഉള്‍പ്പെട്ട അഭിനേതാവാണ് ജയറാം. മിമിക്രിയലൂടെ കരിയര്‍ ആരംഭിച്ച് 1988 ല്‍ പുറത്തിറങ്ങിയ പതമാരജന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം അപരനിലൂടെ അരങ്ങേറ്റം കുറിച്ച താരം ഒട്ടനവധി കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. സമീപകാലത്തായി മലയാളത്തിന് പുറമെ സൗത്ത് ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഭാഗമായി ജയറാം പ്രത്യക്ഷപ്പെട്ടിരുന്നു.

ജയറാം. Photo: News18 Malayalam

റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര 2, രാംചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചെയ്ഞ്ചര്‍, മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടവയാണ്. ജയറാമും മകനും പ്രധാനവേഷത്തിലെത്തി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ആശകള്‍ ആയിരം എന്ന ചിത്രവും തിയേറ്ററുകളില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ജയറാമിനെ നായകനാക്കി 2007ല്‍ വി.എം വിനു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂര്യന്‍ എന്ന ചിത്രത്തിലെ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് ഇരയാകുന്നത്. ജയറാമിനൊപ്പം വിമല രാമനും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ ,ഇഷ്ടക്കാരിക്ക്’ എന്ന ഗാനത്തിലെ ഡാന്‍സ് കൊറിയോഗ്രാഫിയാണ് ട്രോളുകള്‍ക്ക് വഴിവെക്കുന്നത്. ഗാനത്തില്‍ നായിക ഒരു വശത്ത് ബുദ്ധിമുട്ടി നൃത്തം ചെയ്യുമ്പോള്‍ തലങ്ങും വിലങ്ങും നടന്നാണ് ജയറാം സ്‌റ്റൈല്‍ കാണിക്കുന്നത്.

കൃഷി കഴിഞ്ഞ് തരിശായി കിടക്കുന്ന നെല്‍പാടത്തിലൂടെ കോസ്റ്റിയൂമില്‍ മാത്രം മാറ്റം വരുത്തി പലയാവര്‍ത്തിയാണ് ഗാനരംഗത്തിലുടനീളം ജയറാം നടക്കുന്നത്. ഈ രംഗങ്ങള്‍ മാത്രം കട്ട് ചെയ്‌തെടുത്ത വീഡിയോ ആണിപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ഈ ക്ലിപ്പുകള്‍ വൈറലായതോടെ ഗാനം കാണാനായി യൂട്യൂബില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഇഷ്ടക്കാരിക്ക് ഗാനത്തില്‍ നിന്നും. Photo: Screen Grab/ Matinee Now Musix/ Youtube.com

ഇതോടെ വീഡിയോക്ക് താഴെ വരുന്ന കമന്റുകളാണ് ആളുകളില്‍ ചിരി പടര്‍ത്തുന്നത്. നടന്ന് നടന്ന് അടുത്ത ജില്ല വരെ പോയെന്നാണ് കേട്ടതെന്നും സംവിധായകനോട് ഡാന്‍സ് കളിക്കനാറിയില്ല വേണമെങ്കില്‍ അഞ്ചോ പത്തോ കിലോമീറ്റര്‍ നടക്കാം എന്ന് പറഞ്ഞിട്ടുണ്ടാവുമെന്നുമായിരുന്നു ഒരു കമന്റ്. ഇത് ‘നടിപ്പിന്‍’ നായകനല്ല ‘നടപ്പിന്‍’ നായകനാണെന്നും ‘നടന’ വിസ്മയമല്ല ‘നടന്ന’ വിസ്മയമാണെന്നും കമന്റുകളുണ്ട്. സോറി നില്‍ക്കാന്‍ സമയമില്ലാത്തതു കൊണ്ടാണെന്ന് ജയറാമേട്ടന്‍ നായികയോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരാള്‍ കുറിച്ചു.

Content Highlight: Troll for Jayaram’s Suryan Movie Song Ishtakarikk video song

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.