മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് ജയറാം. മിമിക്രിയില്‍ നിന്നും അഭിനയരംഗത്തേക്ക് ചുവടുമാറ്റിയ താരം അരങ്ങേറ്റം കുറിച്ച ചിത്രനമാണ് പത്മരാജന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ അപരന്‍. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും ജയറാം സജീവമാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാന്താര ചാപ്റ്റര്‍ 2, പൊന്നിയന്‍ സെല്‍വന്‍ വണ്‍. പൊന്നിയന്‍ സെല്‍വന്‍ 2, ഗെയിം ചെയിഞ്ചര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജയറാം പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ജയറാം അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു ജി. പ്രജിത്ത് സംവിധാനം ചെയ്ത ആശകള്‍ ആയിരം. എന്നാല്‍ ജയറാമും ഉര്‍വശിയും പ്രധാനവേഷത്തിലെത്തി കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രമായിരുന്നു പരിമള ആന്‍ഡ് കോ. ചിത്രവുമായി ബന്ധപ്പെട്ട് തമിഴ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില പരാമര്‍ശങ്ങള്‍ താരത്തിന് വലിയ ട്രോളുകള്‍ വാങ്ങി നല്‍കുന്നതിന് കാരണമായിരുന്നു.
തന്റെ മാതൃഭാഷ തമിഴാണെന്നും അച്ഛനും അമ്മയും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നുമായിരുന്നു ജയറാം അഭിമുഖത്തിനിടെ പറഞ്ഞത്. ഇതുകൂടാതെ മലയാളത്തിലെ മള്‍ട്ടി സ്റ്റാര്‍ പടമായ ട്വന്റി-ട്വന്റിയുടെ ക്ലൈമാക്‌സ് സീനില്‍ താനില്ലാതിരുന്നതിന് രണ്ട് അഭിമുഖങ്ങളില്‍ രണ്ട് കാരണം പറഞ്ഞതിനും താരത്തിനെ ട്രോളന്മാര്‍ വളഞ്ഞിരുന്നു. ഇത്തരത്തില്‍ ഒരു വേദിയില്‍ വെച്ച് ജയറാം ഒരു കഥ പറഞ്ഞതും അതേ വേദിയില്‍ വെച്ച് തന്നെ പങ്കാളി പാര്‍വതി, കഥ കള്ളമാണെന്നും തിരുത്തുന്ന ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കോളേജില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഒരു പിഷാരടി കുട്ടി. ഭരതനാട്യത്തില്‍ വലിയ ഡാന്‍സറായിരുന്നു ആ കുട്ടി. ഒരു ദിവസം കുട്ടിയുടെ ഡാന്‍സ് പരിപാടിക്കിടെ കര്‍ട്ടന്‍ വലിക്കുന്ന ഡ്യൂട്ടി തനിക്ക് തരുമോ എന്ന് എന്‍.സി.സി.ക്കാരോട് ചോദിച്ചു, കാരണം അവിടെയെങ്കിലും ഷാരടിയുമായിട്ട് എന്തെങ്കിലും കണക്ഷന്‍ കിട്ടും എന്നായിരുന്നു എന്റെ പ്രതീക്ഷ.
അങ്ങനെ കര്‍ട്ടന്‍ വലിക്കാനായി ഞാനവിടെ ഇരുന്നു. ഷാരടി ഡാന്‍സ് തുടങ്ങി. ആ ഡാന്‍സ് കഴിയുന്നത് വരെ ആ കുട്ടി എന്റെ മുഖത്തേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല. അതിലുള്ള ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതെ കര്‍ട്ടന്‍ ഇനി ജീവിത കാലത്ത് ഒരു മനുഷ്യനെ കൊണ്ടും അഴിക്കാന്‍ കഴിയാത്ത രീതിയില്‍ ഞാന്‍ ഒരു കെട്ടിട്ടു. ഡാന്‍സ് കഴിഞ്ഞ് കൈ മേലേക്കുയര്‍ത്തി ഒറ്റക്കാലിലുള്ള ഒരു പോസിലാണ് ഷാരടി നിന്നത്.
കര്‍ട്ടനിടെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ആര് വിചാരിച്ചാലും ആ കര്‍ട്ടനിടാന്‍ സാധിക്കില്ല. ഷാരടി അവസാനം മടുത്ത് തൊഴുതിട്ട് പോകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഈ വിവരം കെട്ട പെണ്ണ് ഒറ്റക്കാലില്‍ തുള്ളി തുള്ളി സ്റ്റേജില്‍ നിന്നും പോകുകയാണ് ചെയ്തത്,’ ജയറാം പറഞ്ഞു.
ജയറാമിന്റെ തൊട്ട്പിന്നാലെ വേദിയിലിരുന്ന പാര്‍വതി കഥയില്‍ വ്യക്തത വരുത്തിയതും കാണികളില്‍ ചിരിയുണര്‍ത്തി. ഈ ഷാരടിയുടെ കഥ ആദ്യമാണ് താന്‍ കേള്‍ക്കുന്നതെന്നും നല്ലൊരു കഥ നിങ്ങള്‍ കേട്ട് എന്‍ജോയ് ചെയ്തതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു പാര്‍വതി പറഞ്ഞത്. കമന്റ് ബോക്സിലും ജയറാമിന്റെ കഥക്ക് ട്രോളുകളുമായി എത്തുന്നവരുണ്ട്.
കുറച്ച് കാലം ഇന്നസെന്റ് പറഞ്ഞ കഥയായിരുന്നിതെന്നും പേര് മാറ്റി ജയറാം എടുത്തെന്നും ഇനി വേറെ ഒരു പേരില്‍ മുകേഷും രമേശ് പിഷാരടിയും ഇത് അവതരിപ്പിക്കുമെന്നുമാണ് ഒരാള്‍ കമന്റിട്ടത്. പാര്‍വതി ചേച്ചി പറഞ്ഞത് നന്നായി ഇല്ലെങ്കില്‍ കഥ എല്ലാവരും വിശ്വസിച്ചേനെ എന്ന് മറ്റൊരു കമന്റും വീഡിയോക്ക് താഴെയുണ്ട്.
Content Highlight: Troll for Jayaram as he shares fake stories in public shows