സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബോയ്പതി ശ്രീനുവിന്റെ സംവിധാനത്തില്‍ ബാലയ്യ നായകനാകുന്ന അഖണ്ഡ 2. രണ്ട് തരത്തിലുള്ള പ്രേക്ഷകരാണ് സൂപ്പര്‍ താരം ബാലയ്യ നായകനാകുന്ന ചിത്രങ്ങള്‍ക്കുള്ളത്. ഒരു വിഭാഗം ബാലയ്യയുടെ ഡൈ ഹാര്‍ഡ് ഫാന്‍സാണെങ്കില്‍, താരത്തിന്റെ ചിത്രങ്ങളെ ട്രോളുന്നവരാണ് മറ്റൊരു വിഭാഗം. ഇതില്‍ രണ്ടാമത്തെ വിഭാഗത്തിന് ആസ്വദിക്കാനുള്ള പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അഖണ്ഡ 2 വിന്റെ അണിയറ പ്രവര്‍ത്തകര്‍.
ഡിസംബര്‍ 12 ന് ചിത്രം റിലീസാവാനിരിക്കെ പുറത്തു വിട്ട ടീസറാണ് ശ്രദ്ധേയമാകുന്നത്. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഗുണ്ടയുടെ കാലു വാരി തലകുത്തനെ നിര്‍ത്തി കൈയ്യില്‍ വച്ച് ആരതി ഉഴിയുന്ന ബാലയ്യയെ ടീസറില്‍ കാണാം. അത്രയും ഭാരമുള്ള ആളെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ മൂന്നുനാലു തവണ എടുത്തു കറക്കുന്ന താരത്തിന്റെ വീഡിയോ പല സിനിമാ പേജുകളിലും ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആരതി ഉഴിഞ്ഞതിനു ശേഷം തേങ്ങ എറിഞ്ഞു പൊട്ടിക്കുന്നതു പോലെ വില്ലന്റെ തല നിലത്തെറിഞ്ഞ് പൊട്ടിക്കുന്നതും ടീസറിലുണ്ട്. ഇതു കണ്ട് വായ തുറന്ന് പിന്നോട്ട് വലിയുന്ന പ്രധാന വില്ലനെയും കാണാം. കേരളത്തിലടക്കം ബാലയ്യക്ക് ആരാധകരെ സൃഷ്ടിച്ച ചിത്രമായിരുന്നു അഖണ്ഡയുടെ ആദ്യ ഭാഗം. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ചിത്രം 120 കോടിയോളം തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു.
അതിനുശേഷം വന്ന ഡാകു മഹാരാജ് എന്ന ചിത്രത്തിന് താരതമ്യേന മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ഇതോടെ ബാലയ്യ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ മെച്ചപ്പെട്ടെന്നും ഇനി പഴയ പോലെ ബോംബ് പടങ്ങള്‍ ചെയ്യിലെന്നുമുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായിരിക്കും പുതിയ ചിത്രമെന്നാണ് പലരുടെയും കമന്റുകള്‍. നേരത്തേ പുറത്തിറങ്ങിയ ട്രെയിലറില്‍ മെഷീന്‍ ഗണ്‍ ശൂലം ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന സീനുകളും വൈറലായിരുന്നു.
അതേസമയം, അഖണ്ഡയിലെ ബാലയ്യയുടെ കഥാപാത്രം സാധാരണക്കാരനല്ലെന്നും ദൈവത്തിന്റെ ശക്തിയുള്ള ആളാണെന്നും അതിനാല്‍ സിനിമയില്‍ ലോജിക് തിരയേണ്ടതില്ലെന്നുമാണ് ബാലയ്യയെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ പറയുന്നത്. ലോജിക്കിനെ ശ്രദ്ധിക്കേണ്ടതില്ലെന്നും മാജിക്കിനെ ആസ്വദിക്കുവെന്നുമാണ് ടീസറിനടിയില്‍ വരുന്ന കമന്റുകള്‍. എത്ര ലോജിക്കില്ലാത്ത സീനുകളായാലും തമന്റെ മ്യൂസിക്കിന് അതിനെ മാസാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് സിനിമാ ആസ്വാദകര്‍ അഭിപ്രായപ്പെടുന്നത്.
ബോയ്പതി ശ്രീനു-ബാലയ്യ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് അഖണ്ഡ 2. മുന്‍ ചിത്രമായ അഖണ്ഡയുടെ തുടര്‍ച്ചയായാണ് സിനിമ ഒരുങ്ങുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
Content Highlight: troll for balayya to his scene in akhanada 2 pre release teaser