അനശ്വര രാജന് പരാജയങ്ങളില്‍ തുടര്‍ച്ചയായ സ്ഥിരത; നാളെ നാളെ നാളെ ശരിയാകുമെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
അനശ്വര രാജന് പരാജയങ്ങളില്‍ തുടര്‍ച്ചയായ സ്ഥിരത; നാളെ നാളെ നാളെ ശരിയാകുമെന്ന് സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 31st January 2026, 12:26 pm

മലയാളത്തിലെ പ്രോമിസിങ്ങ് ആയ യുവനായികമാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് അനശ്വര രാജന്‍. 2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലൂടെ ആതിരയെന്ന കഥാപാത്രമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, നേര്, രേഖാചിത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു.

മലയാളത്തില്‍ തിളങ്ങി നില്‍ക്കവെ ഹിന്ദി, തെലുങ്ക് തമിഴ് ഭാഷാ ചിത്രങ്ങിലും താരം വേഷമിട്ടിരുന്നു. എന്നാല്‍ ഈ ചിത്രങ്ങളുടെയെല്ലാം പരാജയമാണ് ഇപ്പോള്‍ താരത്തിനെതിരെ ട്രോളുകള്‍ ഉയരാന്‍ കാരണമായിരിക്കുന്നത്. അവസാനമായി അഭിനയിച്ച റോഷന്‍ മെക്ക നായകനായ തെലുങ്ക് ചിത്രം ചാമ്പ്യനും ബോക്‌സ് ഓഫീസില്‍ പരാജയമായതോടെയാണ് താരത്തിന്റെ ഫ്‌ളോപ്പ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ചാമ്പ്യന്‍. Photo: 123telugu.com

 

രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്ന് സംവിധാനം ചെയ്ത യാരിയാന്‍ 2 ആണ് താരത്തിന്റെ ഹിന്ദിയിലെ പരാജയ ചിത്രം. 25 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം രണ്ടരക്കോടി മാത്രം നേടി ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തുകയായിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ തഗ്‌സും 2022 ല്‍ പുറത്തിറങ്ങിയ തൃഷ കേന്ദ്രകഥാപാത്രമായ രാങ്കി 2വുമായിരുന്നു തമിഴിലെ പരാജയ ചിത്രങ്ങള്‍. ഇരു ചിത്രങ്ങളിലും പ്രധാനപ്പെട്ട വേഷമായിരുന്നു അനശ്വര കൈകാര്യം ചെയ്തിരുന്നത്.

എന്നാല്‍ ഇത്തരത്തില്‍ രണ്ട് ചിത്രങ്ങള്‍ വന്നതും പോയതും മലയാളി പ്രേക്ഷകര്‍ അറിഞ്ഞിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. ഇതിനെല്ലാം ശേഷം വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു പ്രദീപ് അദ്വൈതം സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ചാമ്പ്യന്‍. ചിത്രത്തിലെ ഗിര ഗിര എന്ന് തുടങ്ങുന്ന ഗാനങ്ങളും അനശ്വര സ്വന്തം ശബ്ദത്തില്‍ തെലുങ്കില്‍ ഡബ്ബ് ചെയ്തതുമെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍ അനശ്വരയെക്കുറിച്ച് പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിന് കിട്ടിയ ഹൈപ്പ് തിയേറ്ററില്‍ മുതലാക്കാന്‍ സാധിക്കാതെ ചിത്രം പരാജയപ്പെട്ടതോടെ നിര്‍ഭാഗ്യം അനശ്വരയെ വിടാതെ പിന്തുടരുകയായിരുന്നു.

വിത്ത് ലവ്. Photo: Cinema Express

 

ഇതിന് മുമ്പ് ഇറങ്ങിയ ചിത്രങ്ങളെക്കുറിച്ച് ആര്‍ക്കും അറിയാത്തതിനാല്‍ ഇറങ്ങാന്‍ പോകുന്ന ഓരോ ചിത്രങ്ങളും അനശ്വരക്ക് ഡെബ്യൂ ചിത്രമായിരിക്കുമെന്നും, സിനിമാ ഫീല്‍ഡില്‍ മറ്റൊരു ശ്രീലീലയാണ് അനശ്വരയെന്നും കമന്റുകളുണ്ട്. ജന നായകന്‍ ഓഡിയോ ലോഞ്ചില്‍ അടുത്തിടെ വൈറലായ മമിത ബൈജു പാടിയ നാളെ നാളെ ഗാനവും പരിഹാസ രൂപേണ കമന്റ് ബോക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ഫെബ്രുവരി 6 ന് റിലീസിനൊരുങ്ങുന്ന അഭിഷാന്‍ ജീവിന്ത് നായകനാകുന്ന തമിഴ് ചിത്രം വിത്ത് ലവ് ആണ് അനശ്വരയുടെ പുതുതായി വരാനിരിക്കുന്ന ചിത്രം. മദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് തമിഴ് സൂപ്പര്‍ താരം രജിനികാന്തിന്റെ മകള്‍ സൗന്ദര്യ രജിനികാന്ത് ആണ്. റൊമാന്റിക് ഡ്രാമ ഴോണറിലൊരുങ്ങുന്ന ചിത്രം അനശ്വരയുടെ കരിയറിലെ ആദ്യ അന്യഭാഷ വിജയമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlight: Troll for Actress Anaswara rajan as all her non malayalam language films fails in box office

 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.