'ഇത് സംഘ വിജയം'; പെട്രോള്‍ രാഷ്ട്രമായ യു.എ.ഇയെക്കാളും പെട്രോളിന് വില കുറവ് ഇന്ത്യയിലെന്ന് അബ്ദുള്ളക്കുട്ടി; പൊങ്കാല
Kerala News
'ഇത് സംഘ വിജയം'; പെട്രോള്‍ രാഷ്ട്രമായ യു.എ.ഇയെക്കാളും പെട്രോളിന് വില കുറവ് ഇന്ത്യയിലെന്ന് അബ്ദുള്ളക്കുട്ടി; പൊങ്കാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th July 2022, 2:53 pm

കോഴിക്കോട്: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പൊങ്കാല. ‘പെട്രോള്‍ രാഷ്ട്രമായ യു.എ.ഇയെക്കാളും പെട്രോള്‍ വില കുറവ് ഇന്ത്യയില്‍’ എന്ന അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിന് താഴെയാണ് പൊങ്കാലയുമായി ആളുകളെത്തിയത്.

ഇതുസൂചിപ്പിക്കാനായി കേന്ദ്രഭരണപ്രദേശമായ മാഹിയിലെയും യു.എ.ഇയിലെയും പെട്രോള്‍ വില സൂചിപ്പിക്കുന്ന ഒരു പോസ്റ്ററും അബ്ദുള്ളക്കുട്ടി പങ്കുവെച്ചിട്ടുണ്ട്.

മാഹിയില്‍ പെട്രോളിന് 93.78 രൂപയും യു.എ.ഇയില്‍ 96.27 രൂപയുമാണെന്നാണ് അബ്ദുള്ളക്കുട്ടി ഷെയര്‍ ചെയ്ത പോസ്റ്ററിലുള്ളത്. അനിയന്ത്രിതമായി നികുതി വര്‍ധിപ്പിച്ച് പെട്രോള്‍ റെക്കോര്‍ഡ് വിലയിലെത്തിയ സാഹചര്യത്തിലായതുകൊണ്ട് തന്നെ അബുദുള്ളക്കുട്ടിയുടെ പോസ്റ്റിന് താഴെ ഒത്തുകൂടിയിരിക്കുകയാണ് ആളുകള്‍.

‘മോദിയെ തന്നെ ട്രോളുന്നു, ഇത് സംഘ വിജയം, പെട്രോള്‍ കീ ജയ്, ഒരു ബി.ജെ.പിക്കാരന് ഉണ്ടാവേണ്ട മിനിമം യോഗ്യത തനിക്കുണ്ട്, താങ്കള്‍ പരീക്ഷ പാസായിരിക്കുന്നു. അറബികള്‍ മൊത്തം മാഹിയിലേക്ക് ജോലിക്ക് വരുമെന്നാണ് കേട്ടത്. കേന്ദ്ര മന്ത്രി മുരളീധരനേയും കടത്തിവെട്ടി കുട്ടി മുന്നേറുന്നു. യു.എ.ഇയില്‍ പൊറോട്ടക്ക് 20 രൂപ, നാട്ടില്‍ 10 രൂപ, ഇതും സംഘവിജയം,’ തുടങ്ങിയ കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വരുന്നത്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ധിപ്പിച്ച പെട്രോള്‍ ഡീസല്‍ വിലയില്‍ ഈയടുത്ത് നികുതിയില്‍ ഭാഗികമായി കുറവുവരുത്തിയിരുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് സമയം വരെ കാലക്രമേണ അനിയന്ത്രിതമായി നികുതി വര്‍ധിപ്പിച്ച് തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ അത് നിര്‍ത്തിവെക്കുന്ന കേന്ദ്ര നടപടിയും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്.