'അനന്യയുമായി കടുത്ത മത്സരമായിരുന്നു, കെ.ജി.എഫ് അമ്മയെ വെല്ലും'; ലൈഗര്‍ ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി രമ്യ കൃഷ്ണയും മൈക്ക് ടൈസണും
Film News
'അനന്യയുമായി കടുത്ത മത്സരമായിരുന്നു, കെ.ജി.എഫ് അമ്മയെ വെല്ലും'; ലൈഗര്‍ ഒ.ടി.ടി റിലീസിന് പിന്നാലെ എയറിലായി രമ്യ കൃഷ്ണയും മൈക്ക് ടൈസണും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th September 2022, 11:03 pm

വമ്പന്‍ ഹൈപ്പിലെത്തി തിയേറ്ററുകളില്‍ മൂക്കും കുത്തി വീണ ചിത്രമാണ് വിജയ് ദേവരകൊണ്ട് നായകനായ ലൈഗര്‍. പുരി ജഗനാഥിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ തന്നെ വന്‍വിമര്‍ശനമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

സെപ്റ്റംബര്‍ 22ന് ലൈഗര്‍ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ വീണ്ടും പരിഹാസമുയരുകയാണ്. തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ അനന്യ പാണ്ഡേ ആയിരുന്നു എയറിലായതെങ്കില്‍ ഒ.ടി.ടി റിലീസില്‍ രമ്യ കൃഷ്ണനാണ് എയറില്‍ കേറിയിരിക്കുന്നത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ അമ്മയുടെ കഥാപാത്രത്തെയാണ് രമ്യ കൃഷ്ണ അവതരിപ്പിച്ചത്.

പ്രേക്ഷകരെ വെറുപ്പിക്കുന്ന കാര്യത്തില്‍ അനന്യയും രമ്യയും തമ്മില്‍ കടുത്ത മത്സരമാണ് നടന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കെ.ജി.എഫിലെ അമ്മയെ വെല്ലുന്ന മോട്ടിവേഷനാണ് രമ്യ കൃഷ്ണ മകന് നല്‍കിയതെന്നും പ്രേക്ഷകര്‍ പറയുന്നു.

മൈക്ക് ടൈസണാണ് എയറിലായ മറ്റൊരു താരം. കാര്യം ബോക്‌സിങ് ഇതിഹാസമൊക്കെയാണെങ്കിലും അതിഥി വേഷത്തിലെത്തിയ മൈക്ക് ടൈസണ്‍ അക്ഷരാര്‍ത്ഥത്തില്‍ കോമാളിയാവുകയായിരുന്നുവെന്ന് ലൈഗര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നു.

ഒ.ടി.ടി റിലീസിലും അനന്യക്ക് രക്ഷയില്ല. ട്രിപ്പിള്‍ ഓവര്‍ ആക്റ്റിങ്ങാണ് അനന്യ ലൈഗറില്‍ പുറത്തെടുത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ അനന്യയുടെ ഇമോഷണല്‍ രംഗങ്ങളുടെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

യാഷ് രാജ് ഫിലിംസായിരുന്നു ചിത്രത്തിന്റെ വിതരണം. 100 കോടിയലിധകം ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷകള്‍ നിറവേറ്റാനാകാതെ പോയ ചിത്രത്തിന് ചിലവാക്കിയ പണം പോലും നേടാനായില്ല. യുഎസില്‍ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്.

സംവിധായകന്‍ പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്പാണ്ഡേ, ചങ്കി പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

Content Highlight: troll against ramya krishnan and mike tyson after the ott release of liger