എഡിറ്റര്‍
എഡിറ്റര്‍
നിലയ്ക്കാത്ത കുമ്മനടികള്‍; കണ്ണന്താനത്തെ അണിയിച്ച പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ കുമ്മനത്തെ ട്രോളി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Monday 11th September 2017 11:18am

തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹത്തെ പൂമാലയിട്ട് പ്രവര്‍ത്തകര്‍ സ്വീകരിച്ചപ്പോള്‍ പൂമാലയ്ക്കുള്ളില്‍ കയറിക്കൂടിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ട്രോളി സോഷ്യല്‍ മീഡിയ.

കുമ്മനടിക്കുക എന്നത് മലയാള ഭാഷയില്‍ ഉറപ്പിച്ചേ അടങ്ങൂ ഇദ്ദേഹം എന്നുപറഞ്ഞുകൊണ്ടാണ് ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്. അവസരം കിട്ടിയാല്‍ എല്ലായിടത്തും തലകടത്തുമെന്നും ഇദ്ദേഹത്തിന് ഇത് തന്നെയാണോ പണിയെന്നുമാണ് പലരുടേയും ചോദ്യം.

കുമ്മനടി റീലോഡഡ് എന്നും എന്താ ചെയ്യാ ശീലമായിപ്പോയെന്നും പറഞ്ഞാണ് കുമ്മനത്തെ പലരും കളിയാക്കുന്നത്.


Dont Miss വഴിയോര കച്ചവടക്കാരെ ക്രൂരമായി മര്‍ദ്ദിച്ച് അന്ധേരിയിലെ ബി.ജെ.പി എം.എല്‍.എ; പൊലീസുകാര്‍ക്കെതിരെയും അസഭ്യവര്‍ഷം


അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന് വരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ഉണ്ടായിരുന്നു. സാക്ഷാല്‍ കുമ്മനം രാജശേഖരനെ പോലും കുമ്മനടിച്ചാണ് കണ്ണന്താനം കേന്ദ്രമന്ത്രിയായത് എന്നായിരുന്നു ട്രോളുകള്‍.

ബി.ജെ.പി സംസ്ഥാന നേതാക്കളുടെ പ്രതീക്ഷയ്ക്ക് വിഭിന്നമായി അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയില്‍ ഇടം നേടിയതില്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.

കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം ലഭിച്ചിട്ടും ബി.ജെ.പിയില്‍ നിന്നും കാര്യമായ പ്രതികരണമില്ലാഞ്ഞതും കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേരളത്തില്‍ സ്വീകരണം നല്‍കാത്തത് വിവാദമായപ്പോള്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായതിന് പിന്നാലെയായിരുന്നു കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം തയ്യാറായത്.

കേരളത്തില്‍ എത്തിയാലല്ലേ സ്വീകരണം നല്‍കാന്‍ കഴിയൂ എന്ന കുമ്മനം രാജശേഖരന്റെ പ്രതികരണവും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.

നേരത്തെ മെട്രോ ഉദ്ഘാടന യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കയറിയ കുമ്മനത്തെ അന്ന് സോഷ്യല്‍ മീഡിയ വലിച്ചുകീറി ഒട്ടിച്ചിരുന്നു. പ്രതിപക്ഷ നേതാവിനും മേയര്‍ക്കും യാത്ര നിഷേധിക്കപ്പെട്ടപ്പോള്‍ പഞ്ചായത്ത് മെമ്പര്‍ പോലുമല്ലാത്ത കുമ്മനം യാത്രയില്‍ കയറിപ്പറ്റിയതിനെ കുമ്മനടി എന്ന വാക്ക് നല്‍കിയായിരുന്നു ട്രോളര്‍മാര്‍ അന്ന് ആഘോഷിച്ചത്.

Advertisement